”എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്”, ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചതെന്ന് ഇന്ദ്രൻസ്


ഡബ്ല്യുസിസി (വിമൺ ഇൻ സിനിമ കളക്ടീവ്) ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആളുകൾ നടിയ്ക്ക് പിന്തുണ നൽകുമായിരുന്നുവെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിന്റെ പേരിൽ സമൂഹത്തിന്റെ പല കോണിൽ നിന്നും നടന് വിമർശനങ്ങൾ വരുന്നുണ്ട്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം അത്തരത്തിൽ പ്രതികരിച്ചത്.

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇന്ദ്രൻസ് ഡബ്ല്യുസിസിയെ കുറിച്ച് പരാമർശം നടത്തിയത്. “സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്രയോ മുകളിലാണ്. അത് മനസ്സിലാക്കാത്തവർ മാത്രമേ തുല്യതയ്ക്ക് വേണ്ടി സംസാരിക്കൂ. ഡബ്ല്യുസിസി ഇല്ലെങ്കിൽ പോലും നടി അക്രമിക്കപ്പെ‌ട്ട കേസിൽ നിയമനടപടികൾ അതിന്റെ വഴിയെ നടന്നേനെ. ഈ സംഘടന ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആൾക്കാർ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്,”- ഇത്തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആക്രമിക്കപ്പെട്ട നടിയെ ചെറുപ്പം തൊട്ടേ അറിയാമെന്നും മകളെ പോലെയാണെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. അതേസമയം, സത്യം തിരിച്ചറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുകയെന്നും അദ്ദേഹം ചോദിച്ചു. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. താരം ഇത്തരത്തിൽ പ്രതികരിച്ചത് സമൂഹത്തിന്റെ വിവിധ ഭാ​ഗത്ത് നിന്നുമുള്ള വിമർശനത്തിന് കാരണമായിട്ടുണ്ടായിരുന്നു.

എന്നാലിപ്പോൾ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ രം​ഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമം വഴിയാണ് താരം മാപ്പ് ചോദിച്ചത്.

ആക്രമിക്കപ്പെട്ട നടിയെ മകളെ പോലെയാണ് കാണുന്നത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഡബ്ല്യു.സി.സിയെ തള്ളി പറഞ്ഞിട്ടില്ല. സഹപ്രവർത്തകൻ അത്തരത്തിൽ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കാൻ പാടാണെന്നാണ് പറഞ്ഞത്. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങളും പ്രചരിപ്പിച്ചുവെന്നും ഇന്ദ്രൻസ് ആരോപിച്ചു.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.- ഇന്ദ്രൻസ് വ്യക്തമാക്കി.