“ഞാൻ കൊട്ട പ്രമീളയെയാണ് കളിയാക്കിയത്, അപർണ്ണ ബാലമുരളിയെ ഒന്നും പറഞ്ഞിട്ടില്ല”; അശ്വന്ത് കോക്ക്/Aparna Balamurali


യൂട്യൂബിലെ സിനിമാ നിരൂപകരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുളള ആളുകളിൽ ഒരാളാണ് അശ്വന്ത് കോക്ക്. സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ റിവ്യൂ ചെയ്യുന്ന ആളാണ് അശ്വന്ത്. ആരെയും മുഖം നോക്കാതെ സൂപ്പർ സ്റ്റാർ എന്നോ മെഗാസ്റ്റാറെന്നോ വേർതിരിവില്ലാതെ വിമർശിക്കുന്ന അശ്വന്ത് സ്റ്റൈൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി.

എന്നാൽ അശ്വന്തിന്റെ ഈ രീതി സിനിമാ ലോകത്ത് നിന്ന് വിവിധ തരത്തിലുള്ള എതിർപ്പുകൾക്ക് വഴിവെക്കുന്നുണ്ട്. അഖിൽ മാരാർ സംവിധാനം ചിത്രത്തെ വിമർശിച്ചത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. ഇതേ തുടർന്ന് അഖിൽ അശ്വന്ത് കോക്കിനെ ചർച്ചക്ക് വിളിച്ചപ്പോൾ അശ്വന്ത് പോവുകയും ചെയ്തില്ല. അതേസമയം താൻ ഉള്ള സ്ഥലത്തേക്ക് വന്നാൽ ചർച്ചയ്ക്ക് വരാമെന്നാണ് അശ്വന്ത് പറഞ്ഞത്.

റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് മനസ് തുറന്നത്. ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ അശ്വന്ത് തന്റെ പാഷന്റെ ഭാ​ഗമായാണ് സിനിമാ റിവ്യൂ ചെയ്യുന്നതെന്നാണ് പറയുന്നത്. എന്നാൽ സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ നെ​ഗറ്റീവ് റിവ്യൂ നൽകുന്നതിനെതിരെ ധാരാളം വിമർശനങ്ങളുയർന്നു വരുന്നുണ്ട്.

ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിന് അശ്വന്ത് റിവ്യൂ നൽകിയിരുന്നു. എന്നാൽ ഇതേ തുടർന്ന് ബി.ഉണ്ണികൃഷ്ണൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് അശ്വന്ത് ഫേസ്ബുക്ക് പോസ്റ്റെഴുതിയിരുന്നു. ആറാട്ട് എന്ന ചിത്രം പരാജയപ്പെട്ടതിനുശേഷം ബി ഉണ്ണികൃഷ്ണന് തന്നോട് വെറുപ്പ് ഉണ്ടായി. ആറാട്ടിനെതിരെ നൽകിയ മോശം റിവ്യൂ ആണ് വെറുപ്പിന് കാരണമെന്നും, അതിന് പിന്നാലെ, ഡി.വൈ.എഫ്.ഐ നേതാക്കളെ വിട്ട് ഉണ്ണികൃഷ്ണൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും അശ്വന്ത് പറഞ്ഞിരുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെ താരങ്ങളെ പരിഹസിക്കുന്നതിനെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ അതിനെ നിഷേധിക്കുകയാണ് അശ്വന്ത് ചെയ്തത്. മോഹൻലാലിനെ ബോഡി ഷേമിങ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ശരീരഘടനയ്ക്ക് ചേരാത്ത റോളുകൾ ചെയ്യുന്നതിനെ മാത്രമാണ് വിമർശിച്ചതെന്നും യൂട്യൂബർ പറഞ്ഞു.

കാപ്പ എന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയെയും അശ്വന്ത് അധിക്ഷേപിച്ചിരുന്നു. എന്നാൽ അപർണ്ണയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടെല്ലെന്നും കൊട്ട പ്രമീള എന്ന കഥാപാത്രത്തെയാണ് കളിയാക്കിയതെന്നും അശ്വന്ത് പറഞ്ഞു. അതേസമയം ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം അപർണ്ണ ബാലമുരളി അഭിനയിച്ച എല്ലാ സിനിമയും താൻ കണ്ടെന്നും എല്ലാത്തിലും ഒരേ അഭിനയരീതിയാണ് സ്വീകരിക്കുന്നതെന്നും അശ്വന്ത് ആരോപിച്ചു.