‘എനിക്ക് ആയുസ് കുറവാണ്, നാല്‍പ്പത്തിയെട്ട് വയസിന് മേലെ ഞാന്‍ ജീവിക്കില്ല, തന്റെ മരണം കലാഭവന്‍ മണിക്ക് നേരത്തേ അറിയാമായിരുന്നു’; വെളിപ്പെടുത്തലുമായി നടന്‍ ബാല


ലയാള സിനിമാ ലോകത്തിന്റെ, സംഗീത ലോകത്തിന്റെ, മിമിക്രിയുടെ, നാടന്‍ പാട്ടിന്റെ… അങ്ങനെ വൈവിധ്യമാര്‍ന്ന കലാ മേഖലകളുടെ ആകെ നഷ്ടമാണ് കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്റെ വിയോഗത്തോടെ സംഭവിച്ചത്. ഇനിയും ചെയ്യാനുള്ള ഒരുപാട് കഥാപാത്രങ്ങളും കലാപ്രകടനങ്ങളുമെല്ലാം ബാക്കി വച്ചാണ് കലാഭവന്‍ മണി 2016 മാര്‍ച്ച് ആറിന് ഈ ലോകത്തോട് വിട പറഞ്ഞത്.

ആ വാര്‍ത്ത കേട്ട ഒരു മലയാളിക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. വളരെ അപ്രതീക്ഷിതമായാണ് മണിയുടെ മരണവാര്‍ത്ത മലയാളികളുടെ നെഞ്ചിലേക്ക് ഇടിത്തീയായി വീണത്.

കലാഭവന്‍ മണിയുടെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയില്‍ മാര്‍ച്ച് നാലിന് നടന്ന മദ്യസല്‍ക്കാരമാണ് മണിയുടെ മരണത്തിലേക്ക് നയിച്ചത്. മാര്‍ച്ച് അഞ്ചിന് രാവിലെ മണി രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കരള്‍ രോഗവും ഗുരുതരമായ വൃക്കരോഗവുമാണ് മണിയുടെ ആരോഗ്യനില വഷളാക്കിയത്. ഡയാലിസിസ് പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മണി. ഒടുവില്‍ മാര്‍ച്ച് ആറിന് വൈകീട്ട് ഹൃദയസ്തംഭനമുണ്ടാവുകയും ഏഴേകാലോടെ ഒരുനാടിനെയാകെ ദുഃഖത്തിലാഴ്ത്തി കലാഭവന്‍ മണി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

കലാഭവന്‍ മണിയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച നടനാണ് ബാല. മണിക്കൊപ്പമുള്ള ഓരുപാട് ഓര്‍മ്മകള്‍ ബാലയ്ക്കുണ്ട്. അതില്‍ ചില ഓര്‍മ്മകള്‍ ബാല പങ്കുവച്ചിരിക്കുകയാണ് ഒരു അഭിമുഖത്തില്‍. എന്തും പറയാന്‍ കഴിയുന്ന തന്റെ നല്ല സുഹൃത്തായിരുന്നു മണിച്ചേട്ടന്‍ എന്നാണ് ബാല ആദ്യമോര്‍ക്കുന്നത്.

സ്വന്തം മരണം മണിക്ക് നേരത്തേ അറിയാമാമായിരുന്നു എന്ന വെളിപ്പെടുത്തലും ബാല നടത്തി. പ്രിയപ്പെട്ട നാട്ടുകാരേ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് മണി ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ബാല ഓര്‍ത്തെടുത്തു. അന്ന് മണിച്ചേട്ടന്‍ പറഞ്ഞത് ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്ന് ബാല പറയുന്നു.

‘എനിക്ക് ആയുസ് കുറവാണ്. നാല്‍പ്പത്തിയെട്ട് വയസിന് മുകളില്‍ ഞാന്‍ ജീവിക്കില്ല. ഞാന്‍ ജാതകം നോക്കിയതാണ്. എന്നാണ് മണിച്ചേട്ടന്‍ എന്നോട് പറഞ്ഞത്. അത് കേട്ടുകൊണ്ടാണ് മാള അരവിന്ദന്‍ ചേട്ടന്‍ അങ്ങോട്ട് കയറി വന്നത്. മരണത്തെ കുറിച്ച് പറഞ്ഞതിന് അദ്ദേഹം മണിച്ചേട്ടനെ ഒരുപാട് വഴക്ക് പറഞ്ഞു. ജ്യോത്സ്യന്മാര്‍ പലതും പറയും നീ അത് കേട്ട് ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട എന്ന് അദ്ദേഹം മണിച്ചേട്ടനോട് പറഞ്ഞു.’ -ബാല പറഞ്ഞു.

പലപ്പോഴും താനും കലാഭവന്‍ മണിയും ഒന്നിച്ച് കൂടാറുണ്ടെന്നും ബാല പറഞ്ഞു. പ്രിയപ്പെട്ട നാട്ടുകാരേ എന്ന സിനിമയുടെ സമയത്ത് മണി തന്നെ വിളിച്ചു. ആ സമയത്ത് താന്‍ ജിമ്മും മറ്റ് കാര്യങ്ങളുമൊക്കെ നോക്കുന്നത് കൊണ്ട് പോയില്ല. ‘നീ വാടാ’ എന്ന് പറഞ്ഞ് മണിച്ചേട്ടന്‍ തന്നെയും കൂട്ടി പോയി എന്നും ബാല പറഞ്ഞു.