“അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്നറിയില്ല”; സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ


മികച്ച പ്രതിനായകനുള്ള ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം നടൻ ദുൽഖർ സൽമാന് ലഭിച്ചിരിക്കുകയാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഹിറ്റ് സിനിമകൾ ചെയ്ത് പാൻ ഇന്ത്യൻ ലെവലിലേക്ക് ദുൽഖർ ഉയർന്നിരിക്കുകയാണ്.

ബോളിവുഡ് ചിത്രം ‘ഛുപ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. ചിത്രത്തിലെ ഡാനി എന്നാ കഥാപാത്രത്തിന് ധാരാളം നിരൂപക പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ഒരു സൈക്കോ കില്ലറായിരുന്നു ഈ കഥാപാത്രം. ചിത്രത്തിന്റെ സംവിധായകൻ ആർ ബാൽക്കിക്ക് ആണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഹിന്ദി സിനിമയ്ക്കുള്ള ആദ്യത്തെ അവാർഡ് നേട്ടം ആഘോഷിക്കുകയാണ് ദുൽഖർ ഇപ്പോൾ. അവാർഡിന് നന്ദി പറഞ്ഞ് ദുൽഖർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്ന് അറിയില്ല. എന്നിൽ അദ്ദേഹത്തിനുണ്ടായിരുന്ന ബോധ്യവും മാർഗദർശനവും ദർശനവുമായിരുന്നു എല്ലാം’- ദുൽഖർ കുറിച്ചു.

സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂ കൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളേറെയുള്ള ഒരു കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കണ്ണിൽ പ്രതിച്ഛായ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്ന് താൻ തീരുമാനിച്ചിരുന്നതായി സംവിധായകൻ ആർ ബൽകി നേരത്തെ പറഞ്ഞിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവിലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്.

ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

ഇത് പ്രത്യേകമായി തോന്നി! ഹിന്ദി സിനിമയ്ക്കുള്ള എന്റെ ആദ്യത്തെ അവാർഡ്. ഒപ്പം നെഗറ്റീവ് റോളിൽ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹേബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും അത്തരമൊരു നല്ല ആതിഥേയനായിരുന്ന അഭിഷേക് മിശ്രയ്ക്കും നന്ദി. ശരിക്കും നന്ദി പറയേണ്ടത് ബൽക്കി സാറിനോടാണ്.

അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്ന് അറിയില്ല. എന്നിൽ അദ്ദേഹത്തിനുണ്ടായിരുന്ന ബോധ്യവും മാർഗദർശനവും ദർശനവുമായിരുന്നു എല്ലാം. ഛുപ്പിൽ എനിക്ക് മികച്ച അനുഭവം നൽകിയതിന് സാറിനും ടീമിനും നന്ദി. ഇത് അവാർഡ് നിങ്ങൾക്കെല്ലാവർക്കും വേണ്ടിയുള്ളതാണ്.