ജല്ലിക്കട്ട് 39 ദിവസം, ചുരുളി 19 ദിവസം, നന്‍പകല്‍ നേരത്ത് മയക്കം 35 ദിവസം; ലിജോ ജോസ് പെല്ലിശ്ശേരി എങ്ങനെയാണ് ഇത്ര വേഗം സിനിമകള്‍ ഷൂട്ട് ചെയ്ത് തീര്‍ക്കുന്നത്? രഹസ്യം വെളിപ്പെടുത്തി ടിനു പാപ്പച്ചന്‍


മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന സംനവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ദിവസങ്ങള്‍ക്ക് മുന്നേ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിക്കൊണ്ട് വിജയയാത്ര തുടരുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ് ചെറിയ ഷെഡ്യൂളുകള്‍ എന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ലിജോ ഓരോ സിനിമയുടെയും ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.

ഈ.മ.യൗ എന്ന ചിത്രം 35 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ലിജോ അത് വെറും 18 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ജല്ലിക്കെട്ട് എന്ന സിനിമ 39 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

വിമര്‍ശനം കൊണ്ടും പ്രശംസ കൊണ്ടും ഏറെ ശ്രദ്ധേയമായ ചുരുളി എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ ലിജോയ്ക്ക് വെറും 19 ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ. അവസാനം പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന മമ്മൂട്ടിച്ചിത്രത്തിലും ലിജോ തന്റെ പതിവു തെറ്റിച്ചില്ല. വെറും 35 ദിവസം കൊണ്ടാണ് മനോഹരമായ ചിത്രം ലിജോ ഷൂട്ട് ചെയ്തത്.

എന്താകും ലിജോ ഇത്ര പെട്ടെന്ന് തന്റെ ചിത്രങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ കാരണം? ലിജോയുമായി നേരിട്ട് ബന്ധമില്ലാത്ത നമുക്കാര്‍ക്കും ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഒരാള്‍.

ലിജോയുടെ സുഹൃത്തും സഹസംവിധായകനുമെല്ലാമായ ടിനു പാപ്പച്ചനാണ് ആ രഹസ്യം വെളിപ്പെടുത്തുന്നത്. അങ്കമാലി ഡയറീസ്, ജല്ലിക്കട്ട്, ഈ.മ.യൗ തുടങ്ങി അവസാനം ഇറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കത്തില്‍ വരെ ലിജോയുടെ വലംകയ്യായി ഉണ്ടായിരുന്ന ആളാണ് ടിനു. സ്വതന്ത്ര സംവിധായകനായി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശേഷമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ ടിനു ലിജോയുടെ അസിസ്റ്റന്റായി വീണ്ടുമെത്തിയത്. ഇതില്‍ നിന്ന് തന്നെ അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കാം. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലും ചീഫ് അസോസിയേറ്റ് ഡയറക്ടറായി ടിനു ലിജോയ്‌ക്കൊപ്പമുണ്ട്.

സംവിധായകനാണ്, അസോസിയേറ്റാണ് എന്ന വേര്‍തിരിവൊന്നുമില്ലാത്ത ആളാണ് ലിജോ എന്ന് ടിനു പാപ്പച്ചന്‍ പറയുന്നു. സെറ്റില്‍ ചായകൊടുക്കുന്ന ആള്‍ മുതല്‍ നടീനടന്മാരെ വരെ ഒരേ പോലെയാണ് ലിജോ കാണുന്നത്. നമുക്ക് ലിജോയോട് എന്തും ചോദിക്കുകയും പറയുകയും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട് എന്നും ടിനു കൗമുദി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘സ്വാതന്ത്യം അര്‍ധരാത്രിയില്‍ എന്ന എന്റെ ആദ്യ ചിത്രം അനൗണ്‍സ് ചെയ്തതിന് ശേഷമാണ് എന്നെ ഈ.മ.യൗവിലേക്ക് ലിജോ ചേട്ടന്‍ വിളിക്കുന്നത്. എന്റെ സിനിമയുടെ കാര്യം പറഞ്ഞപ്പൊ, കുറച്ച് ദിവസമല്ലേ ഉള്ളൂ, ഇവിടെ വന്ന് നിക്കെടാ എന്ന് ലിജോ ചേട്ടന്‍ പറഞ്ഞു. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. ലൊക്കേഷന്‍ കാണാനൊക്കെ നമ്മടെ അസിസ്റ്റന്റ്‌സിനെ ഏല്‍പ്പിച്ചിട്ട് ഞാന്‍ ഈ.മ.യൗവില്‍ വര്‍ക്ക് ചെയ്യാന്‍ പോയി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലിജോ ചേട്ടന്റെ സിനിമ ഈ.മ.യൗ ആണ്. അന്ന് ഞാനത് ഒഴിവാക്കിയിരുന്നെങ്കില്‍ അത് ഭയങ്കര നഷ്ടബോധമാവുമായിരുന്നു.’ -ടിനു പാപ്പച്ചന്‍ പറഞ്ഞു.

തുടര്‍ന്ന് എങ്ങനെയാണ് ലിജോ ഇത്ര വേഗം ഷൂട്ടിങ് തീര്‍ക്കുന്നത് എന്ന് അവതാരക ചോദിച്ചപ്പോഴാണ് അതിന് പിന്നിലെ രഹസ്യം ടിനു വെളിപ്പെടുത്തിയത്.

‘വളരെ പ്ലാന്‍ഡ് ആയിട്ടുള്ള ഡയറക്ടറാണ് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ സിനിമ തുടക്കം തൊട്ട് അവസാനം വരെ ഇത് എങ്ങനെ വരണമെന്ന് നന്നായി പ്ലാന്‍ ചെയ്തിട്ടുണ്ടാകും. എല്ലാത്തിനെ കുറിച്ചും വളരെ വ്യക്തമായ ധാരണ ഉണ്ടാകും. ഭയങ്കര എഡിറ്റ് സെന്‍സ് ഉള്ളയാളാണ്. ഒരുപാട് ഷോട്ട്‌സുകളൊന്നും എല്ലാ ആങ്കിളീന്നൊന്നും എടുക്കില്ല. നമ്മളൊരു ഷോട്ട് ഇങ്ങനെ എടുത്തൂടേ എന്ന് ചോദിച്ചാല്‍, എന്തിന് അത് കമ്യൂണിക്കേറ്റ് ആയിവല്ലേ എന്ന് പറയും. അത്ര പ്ലാന്‍ഡ് ആണ് പുള്ളി. അതുകൊണ്ട് തന്നെ എളുപ്പം എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയും. അതുകൊണ്ടാണ് ഷൂട്ടിങ് ഇത്ര പെട്ടെന്ന് തീരുന്നത്.’ -ടിനു പാപ്പച്ചന്‍ പറഞ്ഞു.


Also Read: ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍ ഒഴുകിപ്പോയി, ഒപ്പമുള്ളവര്‍ ചാടിയാണ് രക്ഷിച്ചത്, ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തത് ഒരു കുളത്തില്‍’; സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്തെ അപകടം വെളിപ്പെടുത്തി ഷാജി കൈലാസ്