‘ഏതെങ്കിലും ശരീരഭാഗത്തെ ചൂണ്ടിക്കാട്ടി അപമാനിക്കുന്നത് പതിവായി, ബോഡി ഷെയിമിങ് നിര്‍ഭാഗ്യകരം’; തുറന്ന് പറഞ്ഞ് ഹണി റോസ്


മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ താരസുന്ദരിയാണ് ഹണി റോസ്. മോഹന്‍ലാലിനൊപ്പം പുറത്തിറങ്ങിയ മോണ്‍സ്റ്ററിന് പിന്നാലെയാണ് തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണ എന്ന ആരാധകരുടെ സ്വന്തം ബാലയ്യ നായകനായി എത്തിയ വീരസിംഹ റെഡ്ഡി തിയേറ്ററുകളിലെത്തിയത്. ഇതോടെ ഹണിയുടെ താരമൂല്യം കുത്തനെ ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

സിനിമകളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും ഉദ്ഘാടന ചടങ്ങുകളിലുമെല്ലാം സജീവമാണ് ഹണി റോസ്. ഹണി റോസ് നിര്‍വ്വഹിക്കുന്ന ഉദ്ഘാടനങ്ങള്‍ നിരവധിയായി വന്നതോടെ ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചില ട്രോളുകള്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഹണി റോസിനെതിരായ അധിക്ഷേപങ്ങളും മോശം പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടത്തുന്നവരും നിരവധിയാണ്. ഹണി റോസ് ഉള്‍പ്പെടെ എല്ലാ വനിതാ സെലിബ്രിറ്റികള്‍ക്കും നേരിടേണ്ടി വരുന്ന ഗതികേടാണ് ഇത്. എന്നാല്‍ ഈ മോശം പ്രവണതയ്‌ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഹണി റോസ് ഇപ്പോള്‍.

‘ഭയങ്കര നിര്‍ഭാഗ്യകരമായ ഒന്നാണ് ബോഡി ഷെയിമിങ്. ഇത് ഞാനൊരാള്‍ മാത്രം നേരിടുന്നതല്ല. എല്ലാവരും നേരിടുന്നുണ്ട്. വണ്ണം കൂടിയാലും കുറഞ്ഞാലും ഇത് നേരിടും. ഏതെങ്കിലും ശരീരഭാഗം വച്ച് അപമാനിക്കുക എന്നത് പതിവായി മാറിയിരിക്കുകയാണ്. ഈ പ്രവണത സമൂഹത്തില്‍ നിന്ന് മാറണമെന്നാണ് എനിക്ക് തോന്നുന്നത്.’ -ഹണി റോസ് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെ തന്റെ നിലപാട് വ്യക്തമാക്കി.

‘ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും നിരവധി കമന്റുകളും അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്. എനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയ വസ്ത്രമാണ് ഞാന്‍ ധരിക്കാറ്. മാത്രമല്ല, സിനിമയിലുള്ളതിനെക്കാള്‍ ക്രിയേറ്റീവ് ഫ്രീഡം പുറത്ത് വസ്ത്രം ധരിക്കുന്നതിനാണ്. സിനിമയിലാണെങ്കില്‍ കഥാപാത്രത്തിന് ചേരുന്ന വസ്ത്രം മാത്രമാണല്ലോ ഇടാന്‍ പറ്റുക. പുറത്ത് ആ അതിര്‍വരമ്പില്ല. ഞാന്‍ ചെല്ലുന്നിടത്തെ സംഘാടകര്‍ക്കോ കാണാനെത്തുന്ന ആളുകള്‍ക്കോ ഒന്നും അതൊരു പ്രശ്‌നമല്ല. എനിക്ക് കംഫര്‍ട്ടബിളായത് ധരിക്കുക എന്നത് മാത്രമാണ് കാര്യം.’

‘സിനിമയില്‍ നിന്ന് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത് ഈ ഫീല്‍ഡില്‍ മാത്രമല്ല, പുറത്താണെങ്കിലും ഉണ്ടാകും. ഇത് സിനിമ ആയത് കൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്. എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാനത് നേരിടാന്‍ പഠിച്ചു. ഇപ്പോള്‍ എനിക്ക് വ്യക്തമായി അറിയാം ഒരാള്‍ മോശമായി സമീപിച്ചാല്‍ എങ്ങനെ ഡീല്‍ ചെയ്യണം എന്ന്. ഇപ്പോള്‍ അങ്ങനെ ഉണ്ടാകാറില്ല എന്നതാണ് വസ്തുത. തുടക്കകാലത്താണ് അത്തരം പ്രശ്‌നങ്ങളുണ്ടാകുക.’ -ഹണി റോസ് പറഞ്ഞു.

English Summary / Content Highlights: Malayalam actress Honey Rose opens up against body shaming pointing body parts, in a youtube interview.