”മിന്നും പനി ചാറൽ ഉൻ നെഞ്ചിൽ സെയ്ന്താളേ…” ഈ പാട്ടെല്ലാം എഴുതിയ രോഹിണി ആരാണ്; യഥാർത്ഥ രോഹിണിയെ അന്വേഷിച്ച് സം​ഗീത പ്രേമികൾ| Rohini | hit songs


അഭിനേത്രി, തിരക്കഥാകൃത്ത്, സംവിധായിക, ഡബ്ബിങ് ആർട്ടിസ്റ്റ്, ആക്റ്റിവിസ്റ്റ് എന്ന നിലയിലെല്ലാം രോഹിണിയെ പ്രേക്ഷകർക്ക് പരിചയമുണ്ട്. എന്നാൽ ദേശീയ അവാർഡ് നേടിയ ഈ നടി എഴുതിയ ​ഗാനങ്ങളാണ് നമ്മൾ പാടി നടക്കുന്ന വരികളിൽ പലതുമെന്ന് എത്ര പേർക്കറിയാം?. 2007ൽ പച്ചക്കിളി മുത്തുച്ചരം എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് രോഹിണി ആദ്യമായി പാട്ടെഴുതുന്നത്.

ജ്യോതിക അഭിനയിച്ച മിന്നും ചാറൽ പാതി എന്ന് തുടങ്ങുന്ന ഈ പാട്ടിലെ വരികൾ ഇന്ന് സോഷ്യൽ മീഡിയ റീൽസുകളിൽ ഹിറ്റാണ്. 2009ൽ നയൻതാരയും വിജയും അഭിനയിച്ച വില്ല് എന്ന ചിത്രത്തിന് വേണ്ടിയും രോഹിണി പാട്ടെഴുതി. മുൻദിനം പാർത്തേനേ, മലൈപ്പൊഴുതും മയക്കത്തിലേ, ​ഗലാട്ട കല്യാണം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയെല്ലാം രോഹിണി പാട്ടെഴുതിയിട്ടുണ്ട്. ഇതുകൂടാതെ ചെന്നൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ വിളംബര ​ഗാനം എഴുതിയതും രോഹിണി ആയിരുന്നു.

പഞ്ചായത്ത് ഓഫിസറായിരുന്ന രോഹിണിയുടെ അച്ഛൻ റാവു നായിഡുവിന് സിനിമാ നടനാകാൻ ആ​​​ഗ്രഹമുണ്ടായിരുന്നു. അത് നടക്കാതെ പോയപ്പോൾ തന്റെ ആ​ഗ്രഹം മകളിലൂടെ സാധിക്കുകയായിരുന്നു അദ്ദേഹം. 1976-ൽ ബാലനടിയായിട്ടാണ് രോഹിണി അഭിനയം തുടങ്ങുന്നത്. ഹാരതി എന്ന തെലുങ്കു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

1982-ൽ പുറത്തിറങ്ങിയ കക്ക എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ആ വർഷം തന്നെ ധീര എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ചു. എൺപതുകളിൽ മലയാളത്തിലെ മുൻ നിര നായികമാരിലൊരാളായി രോഹിണി മാറി. റഹ്മാന്റെ ജോടിയായി രോഹിണി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റഹ്മാനും രോഹിണിയും പ്രേക്ഷകരുടെ പ്രിയജോടികളായിരുന്നു.

1982- ൽ പാർവ്വയിൻ മറുപക്കം എന്ന സിനിമയിലൂടെയാണ് രോഹിണി തമിഴിലെത്തുന്നത്. വിവിധഭാഷകളിലായി 250‌-ഓളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ ഹിറോ ബിജു, ഗപ്പി, ബാഹുബലി 2 എന്നീ ചിത്രങ്ങളിൽ രോഹിണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അപ്പാവിൻ മീശൈ, സൈലന്റ് ഹ്യൂസ് ( ഡോക്യൂമെന്ററി ഫിലിം) എന്നീ ചിത്രങ്ങൾ രോഹിണി സംവിധാനം ചെയ്തിട്ടുണ്ട്. അപ്പാവിൻ മീശൈ എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്തതും രോഹിണിയായിരുന്നു.

1989- ൽ ഗീതാഞ്ജലി എന്ന സിനിമയിലെ നായികയായ ഗിരിജ ഷെട്ടാറിന് ശബ്ദം പകർന്നുകൊണ്ടാണ് രോഹിണി ഡബ്ബിംഗ് തുടങ്ങുന്നത്. ജെന്റിൽമാനിൽ മധുബാല, ബോബെ, ഇൻഡ്യൻ- എന്നീ ചിത്രങ്ങളിൽ മനീഷ കൊയ്രാള, ഇരുവർ, രാവണൻ എന്നീ ചിത്രങ്ങളിൽ ഐശ്വര്യ റായ്, ദി ലയൺ കിംഗ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ശരബി എന്ന കഥാപാത്രം. ഇവയെല്ലാം രോഹിണി ശബ്ദംകൊടുത്തവയിൽ എടുത്തുപറയേണ്ടവയാണ്. സിനിമകൾ കൂടാതെ തമിഴ് സീരിയലുകളിലും രോഹിണി അഭിനയിയ്ക്കുന്നുണ്ട്.