“ഞാനെന്തെങ്കിലും പറയുമ്പോഴേക്കും അവളുടെ മുഖം മാറും”; ദിൽഷയെക്കുറിച്ച് വാചാലനായി റംസാൻ
സോഷ്യൽ മീഡിയാ താരങ്ങളാണ് ദിൽഷയും റംസാനും. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റംസാൻ ഭീഷ്മപർവം എന്ന ചിത്രത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടിൽ ചുവടുവെച്ച് കൈയടി നേടിയിരുന്നു. ബിഗ് ബോസ് സീസൺ 4 ലെ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയായിരുന്നു ദിൽഷ.
റോബിൻ രാധാകൃഷ്ണനെയും ദിൽഷയെയും പ്രിയപ്പെട്ട ജോഡികളായാണ് ബിഗ് ബോസ് പ്രേക്ഷകർ കണ്ടത്. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ശേഷം, വിവാദങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ ദിൽഷ തന്റെ ഡാൻസിംഗ് കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് ചെയ്തത്. നിനരവധി ഷോകളിൽ ദിൽഷ തന്റെ പെർഫോമൻസുമായെത്തി. സുഹൃത്ത് റംസാൻ മുഹമ്മദിനൊപ്പമുള്ള ഡാൻസ് വീഡിയോകളാണ് ഇതിലേറെ ശ്രദ്ധ നേടിയത്.
ഇവരുടെ ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി. ഇരുവരുടെയും കെമിസ്ട്രി ഇതിലെ പ്രധാന ഹൈലെെറ്റാണ്. ഇപ്പോൾ റംസാനെക്കുറിച്ച് ദിൽഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് റംസാൻ നൽകിയ അഭിമുഖത്തിനിടെ ദിൽഷ ഫോണിലൂടെ നൽകിയ ഉപദേശം വൈറലാവുകയാണ്.
‘റംസാൻ എന്റെ നല്ല ഫ്രണ്ടാണ്. നല്ല ഡാൻസറാണ്. എനിക്ക് ഡാൻസ് ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഡാൻസറാണ് റംസാൻ. കുറേ വർഷങ്ങളായിട്ട് അറിയാം. ഇപ്പോൾ കുറച്ച് കൂടെ നന്നായിട്ടറിയാം,’- റംസാനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന അവതാരകയുടെ ആവശ്യപ്രകാരമായിരുന്നു ദിൽഷ ഇങ്ങനെ പറഞ്ഞത്.
റംസാന് എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോയെന്ന് ചേദിച്ചപ്പോൾ ദിൽഷ വാചാലയാവുകയായിരുന്നു. റംസാന് ദേഷ്യം കുറച്ച് കൂടുതലാണെന്നാണ് ദിൽഷയുടെ പരാതി. റീൽസെടുക്കുമ്പോൾ താൻ എന്തെങ്കിലും മുഖം കടുപ്പിച്ച് പറയുമ്പോഴേക്കും ദിൽഷ കരയുമെന്ന് റംസാൻ പറയുമുണ്ട്.
‘റംസാന് കൊടുക്കാനുള്ള വലിയ ഉപദേശമുണ്ട്. അതിൽ ആദ്യ ഉപദേശം അവനറിയാം. കുറച്ച് ദേഷ്യം കൂടുതലാണ്. ഇടയ്ക്ക് ദേഷ്യം വരുമ്പോൾ ഞാൻ പറയാറുണ്ട് കുറച്ചൊന്ന് കൺട്രോൾ ചെയ്യെന്ന്. റീൽസെടുക്കുന്ന സമയത്ത് അവന്റെയടുത്ത് നിന്ന് ഏറ്റവും കൂടുതൽ വഴക്കാണ് കിട്ടാറ്. രണ്ടാമത്തെ ഉപദേശമായി ഇത് തന്നെ പറയാം. റീൽസെടുക്കുമ്പോൾ വഴക്ക് പറയാതിരുന്നാൽ കുറച്ച് നന്നായിട്ട് എനിക്ക് എക്സ്പ്രഷനിട്ട് ചെയ്യാൻ പറ്റും,’ ദിൽഷ പറഞ്ഞു.
എന്നാൽ എന്തുകൊണ്ടാണ് താനിങ്ങനെ ദേഷ്യപ്പെടുന്നത് എന്നതിനുള്ള കാരണം റംസാൻ തുറന്ന് പറയുന്നുണ്ട്. ‘പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ദിൽഷ നല്ല കുട്ടിയായി എല്ലാം നല്ല പെർഫെക്ടായി ചെയ്യും. എനിക്കൊരു ക്രൂ ഒന്നും ഇല്ല. നമ്മൾ തന്നെ ലൈറ്റും പ്രോപ്പർട്ടികളും സെറ്റ് ചെയ്യണം. എല്ലാം നമ്മൾ സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുമ്പോൾ ആള് തെറ്റിക്കും. ദേഷ്യപ്പെടുന്നതല്ല ഞാനെന്തെങ്കിലും പറയുമ്പോൾ അവൾക്ക് ദേഷ്യമായി തോന്നുന്നതാണ്,’ റംസാൻ വ്യക്തമാക്കി.