”നെടുമുടി വേണു അങ്ങനെ പറഞ്ഞത് ഷോക്കായി, അന്ന് ഞാൻ നടൻമാരെ അനുകരിക്കുന്നത് നിർത്തി”; മനസ് തുറന്ന് ഹരിശ്രീ അശോകൻ|Harisree Ashokan| Nedumudi Venu


മിമിക്രിയിലൂടെയാണ് ഹരിശ്രീ അശോകൻ എന്ന അശോകൻ സിനിമയിലേക്കെത്തുന്നത്. ലൈൻമാൻ ആയി ജോലി ചെയ്യുന്നതിനിടെ കലാഭവനിൽ ചേരുകയും അവിടെ ആറ് വർഷം പ്രവർത്തിക്കുകയും ചെയ്ത അദ്ദേ​ഹം ഹരിശ്രീയിലേക്ക് മാറിയതോടെയാണ് പേരിനൊപ്പം ഹരിശ്രീ ലഭിച്ചത്. സിനിമയിൽ അഭിനയിക്കുമ്പോഴും ജയറാം, ദിലീപ് തുടങ്ങിയ നടൻമാരോടൊപ്പം ഇദ്ദേഹം മിമിക്രിയിൽ സജീവമായിരുന്നു.

എല്ലാവരേയും പോലെ സിനിമാ നടൻമാരെ അനുകരിക്കുന്നത് ഹരിശ്രീ അശോകന്റെയും മാസ്റ്റർപീസുകളിലൊന്നായിരുന്നു. എന്നാൽ പെട്ടെന്ന് അദ്ദേഹം ആളുകളെ ചിരിപ്പിക്കാൻ വേണ്ചി നടൻമാരെ അനുകരിക്കുന്നത് നിർത്തുകയായിരുന്നു. അതിന് പിന്നിൽ കൃത്യമായൊരു കാരണമുണ്ടായിരുന്നു. നടൻ നെടുമുടി വേണുവിന്റെ നിർദേശപ്രകാരമാണ് ഹരിശ്രീ അശോകൻ നടൻമാരെ അനുകരിക്കുന്നത് പൂർണ്ണമായും നിർത്തിയത്.

”മലയാറ്റൂർ രാമകൃഷ്ണൻ എന്റെ സുഹൃത്താണ്. ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ നെടുമുടി വേണു വന്നപ്പോൾ ഞാൻ പരിചയപ്പെടാൻ പോയി. വേണുവേട്ടനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ ഒരൊറ്റ കാര്യം ഞാൻ ഇപ്പോഴും മറക്കില്ല, എന്റെ മനസിലുണ്ട്. മക്കളേ, നിങ്ങൾ മിമിക്രിക്കാരണല്ലേ? സിനിമാതാരങ്ങളെ അനുകരിക്കോ എന്ന് ചോദിച്ചു. ഞാൻ ആ ചെയ്യും, ഒരു ആറേഴ് പേരെ അനുകരിക്കും എന്ന് പറഞ്ഞു.

സൂക്ഷിക്കണം സിനിമയിലൊക്കെ വരണമെന്നുണ്ടെങ്കിലേ, സിനിമാ താരങ്ങളെ അനുകരിച്ചാൽ അവരുടെ മാനറിസം കടന്ന് കൂടും. അന്ന് ഞാൻ സിനിമാ താരങ്ങളെ അനുകരിക്കുന്നത് നിർത്തി. ഇതുവരെ ഒറ്റ സിനിമാതാരങ്ങളെയും അനുകരിച്ചിട്ടില്ല. സിനിമാ താരങ്ങളെ കാണിക്കാതെ വർഷങ്ങളോളം ഞാൻ ജനങ്ങളെ ചിരിപ്പിച്ചു, കയ്യടിയും വാങ്ങിക്കാൻ പറ്റി. അദ്ദേഹം പറഞ്ഞത് വളരെ കറക്റ്റ് ആയിരുന്നു”- ഹരിശ്രീ അശോകൻ വ്യക്തമാക്കി.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിലൂടെയായിരുന്നു ഹരിശ്രീ അശോകന്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും പാർവ്വതീ പരിണയം എന്ന സിനിമയിലെ ഭിക്ഷക്കാരന്റെ വേഷമാണ് ഹരിശ്രീ അശോകനെ സിനിമാസ്വാദകരുടെ പ്രിയപ്പെട്ടവനാക്കിയത്. പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, മീശമാധവൻ, സിഐഡി മൂസ തുടങ്ങിയ സിനിമകളിലെല്ലാം അശോകൻ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.

എറണാകുളം സ്വദേശിയായ അശോകന്റെ സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അദ്ദേഹത്തിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007-ൽ ആകാശം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി. 2019-ൽ ഹരിശ്രീ അശോകൻ ഒരു സിനിമ സംവിധാനം ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന സിനിമയുടെ സംഭാഷണം എഴുതിയതും അദ്ദേഹം തന്നെയായിരുന്നു.