ഈ പ്രപഞ്ചത്തിന് നന്ദി, ഇവനെ ഞങ്ങൾ ദയ എന്ന് വിളിക്കും; കുഞ്ഞിനെ പരിചയപ്പെടുത്തി ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും| Chinnu Kuruvila| Harish Uthaman


താരദമ്പതികളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയ്ക്കും ആൺകുഞ്ഞ് പിറന്നതാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫെബ്രുവരി മൂന്നിനാണ് താരങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ ഇന്ന്, ഹരീഷിന്റെ ജൻമദിനമായ ഏപ്രിൽ അഞ്ചിനാണ് ഈ സന്തോഷ വാർത്ത ഇരുവരും പ്രേക്ഷകരോട് പങ്കുവെച്ചത്. തന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ ഹരീഷ് കുഞ്ഞിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

ഫെബ്രുവരി മൂന്നിനാണ് ചിന്നു കുരുവിള ആൺകുഞ്ഞിന് ജന്മം നൽകിയത്. ദയ എന്നാണ് മകന് പേര് നൽകിയിരിക്കുന്നത്. മകൻ പിറന്നതിനാൽ ഇത്തവണത്തെ ബർത്ത്ഡേ സൂപ്പർസ്പെഷ്യലാണ്. ഞങ്ങൾ അവന് ദയ എന്നു പേരിട്ടു.- ഹരീഷ് കുറിച്ചു. മകനും ചിന്നുവിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമൻ. നടിയും അസിസ്റ്റന്റ് ക്യാമറ വുമണുമായ ചിന്നു കുരുവിളയെ 2022ലാണ് ഇദ്ദേഹം വിവാഹം കഴിഞ്ഞത്. അപർണ്ണ ബാലമുരളി നായികയായെത്തിയ ഇനി ഉത്തരം ആയിരുന്നു ഹരീഷിന്റെ ഒടുവിൽ റിലീസ് ചെയ്ത മലായാള സിനിമ. തമിഴിലും ശക്തമായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനാണ് ഇദ്ദേഹം.

ബ്രിട്ടീഷ് എയർവേയ്സിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുന്നതിനിടെ 2010ൽ തമിഴ് ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ഈ ചിത്രം 2011ലെ നോർവേ, തമിഴ് ഫിലിം ഫെസ്റ്റിവലിൽ NTFF) പ്രദർശിപ്പിക്കപ്പെടുകയും മികച്ച പുതുമുഖത്തിനുള്ള അവാർഡിന് ഹരീഷ് തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. 2013 ൽ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലിറങ്ങിയ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. തുടർന്ന് മായാനദി, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി, കാസിമിന്റെ കടൽ, ഭീഷ്മപർവ്വം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു.

2016ൽ നോർത്ത് 24 കാതം എന്ന സിനിമയിലാണ് ചിന്നു കുരുവിള ആദ്യമായി അഭിനയിക്കുന്നത്. അതേവർഷം തന്നെ നീ കൊ ഞാൻ ചാ, നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിലും അഭിനയിച്ചു. തുടർന്ന് ലുക്ക ചുപ്പി, കസബ, സ്വർണ്ണ കടുവ, കുട്ടൻ പിള്ളയുടെ ശിവരാത്രി തുടങ്ങിയ ചിത്രങ്ങളിലും ചിന്നു അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയൽ ആയി ഉപ്പും മുളകിലും താരം അഭിനയിച്ചിട്ടുണ്ടായിരുന്നു.