”കെ.ജി.ജോര്‍ജ്ജ്-മോഹന്‍ലാല്‍ ചിത്രം തിരക്കഥ ഞാന്‍ മോഷ്ടിച്ചു?, സത്യങ്ങള്‍ തുറന്നുപറയാതിരുന്നാല്‍ എനിക്കു തന്നെ ബുദ്ധിമുട്ടാകുമെന്ന് മനസിലായി തുടങ്ങി” വിവാദങ്ങളോട് പ്രതികരിച്ച് ഹരിഹര്‍ദാസ്


കെ.ജി ജോര്‍ജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം പിറക്കാതെ പോയത് എന്തുകൊണ്ടെന്ന് ചോദ്യം പലപ്പോഴും ഉയര്‍ന്നിരുന്നു. മോഹന്‍ലാലിനെ വെച്ച് കെ.ജി ജോര്‍ജ് പ്ലാന്‍ ചെയ്തിരുന്ന കാമമോഹിതം എന്ന ചിത്രം തിരക്കഥ മോഷണം പോയതിനെ തുടര്‍ന്ന് മുടങ്ങിപ്പോകുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തിയതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളിലേക്ക് തന്റെ പേര് മോശമായ രീതിയില്‍ വലിച്ചിഴക്കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ ഹരിഹര്‍ദാസ്.

സി.വി ബാലകൃഷ്ണന്റെ പ്രശസ്തമായ നോവലാണ് കാമമോഹിതം. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി സി.വി ബാലകൃഷ്ണന്റെ തിരക്കഥയില്‍ ഹരിഹര്‍ദാസിന്റെ സംവിധാനത്തില്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുകയും അതിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിവെക്കുകയും ചെയ്തിരുന്നു. പല കാരണങ്ങള്‍കൊണ്ടും ഈ സിനിമ നടക്കാതെ പോവുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കെ.ജി.ജോര്‍ജ്ജിന്റെ ഭാര്യയുടെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ച് തിരക്കഥ ഹരിഹര്‍ദാസ് മോഷ്ടിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്. ഇത്തരം പ്രചരണങ്ങള്‍ക്കും, ഇതിനായി കാമമോഹിതം എന്ന തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ ഉപയോഗിക്കുന്നതിനും എതിരെയാണ് ഹരിഹര്‍ദാസ് യൂട്യൂബ് വീഡിയോയിലൂടെ രംഗത്തുവന്നിരിക്കുന്നത്.


Also Read: ‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍ ഒഴുകിപ്പോയി, ഒപ്പമുള്ളവര്‍ ചാടിയാണ് രക്ഷിച്ചത്, ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തത് ഒരു കുളത്തില്‍’; സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്തെ അപകടം വെളിപ്പെടുത്തി ഷാജി കൈലാസ്


” ഏകദേശം പതിനഞ്ച് വര്‍ഷം മുമ്പാണ് കാമമോഹിതം സിനിമയാക്കാന്‍ ഞാന്‍ ആലോചിക്കുന്നത്. അതിനുമുമ്പ് അങ്ങനെയൊരു ആഗ്രഹമുണ്ടായി എന്നതല്ലാതെ ഗൗരവമായി അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വളരെ യാദൃശ്ചികമായി ലാലേട്ടനെ പരിചയപ്പെടുകയും ഇത്തരം സബ്ജക്ട് പറയുകയും വളരെ വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം വരികയും ചെയ്തതിനാലാണ് ആ സിനിമയുമായി മുന്നോട്ടു പോയത്.” അദ്ദേഹം പറയുന്നു.

1993 ല്‍ മലയാള മനോരമയിലാണ് കാമമോഹിതം എന്ന നോവല്‍ വായിക്കുന്നത്. ഇന്നും അതിന്റെ കോപ്പി അമൂല്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

”ഒരു സമയത്ത്, ഞാന്‍ ഇന്ന് ബാലേട്ടന്‍ എന്നു വിളിക്കുന്ന, സി.വി. ബാലകൃഷ്ണനെ പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടാവുന്നു. കാമമോഹിതം സിനിമയാക്കിയാലോ എന്ന ചിന്ത അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തു. ഞാന്‍ പ്ലാന്‍ ചെയ്തപോലെ ആ സിനിമ ചെയ്യുകയാണെങ്കില്‍ വളരെ സന്തോഷം എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പിന്നെ അതിന്റെ പുറകെയായിരുന്നു. എന്റെ ജീവിതത്തിലെ പത്തുവര്‍ഷത്തോളം അതിനുവേണ്ടി നഷ്ടപ്പെടുത്തി. ഞാന്‍ ലാലേട്ടനെ കണ്ടു, അദ്ദേഹം ഒ.കെ പറഞ്ഞു, പ്രൊഡ്യൂസറെ കണ്ടു. അദ്ദേഹം ഒ.കെ പറഞ്ഞു, എന്നിട്ടും ആ സിനിമ നടന്നില്ല.” ഇപ്പോഴും താന്‍ ആ സിനിമ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.


Hot News: ജല്ലിക്കട്ട് 39 ദിവസം, ചുരുളി 19 ദിവസം, നന്‍പകല്‍ നേരത്ത് മയക്കം 35 ദിവസം; ലിജോ ജോസ് പെല്ലിശ്ശേരി എങ്ങനെയാണ് ഇത്ര വേഗം സിനിമകള്‍ ഷൂട്ട് ചെയ്ത് തീര്‍ക്കുന്നത്? രഹസ്യം വെളിപ്പെടുത്തി ടിനു പാപ്പച്ചന്‍


കാമമോഹിതത്തിന്റെ തിരക്കഥയും സി.വി.ബാലകൃഷ്ണന്‍ തന്നെയായിരുന്നു എഴുതിയിരുന്നത്. കെ.ജി ജോര്‍ജ് സിനിമ ചെയ്യാനിരുന്ന സമയത്തും സി.വി.ബാലകൃഷ്ണന്‍ തന്നെയായിരുന്നു തിരക്കഥ. ആ സ്‌ക്രിപ്റ്റ് അദ്ദേഹത്തിന്റെ കയ്യിലില്ല. അത് കെ.ജി ജോര്‍ജിന് കൊടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സ്‌ക്രിപ്റ്റിനെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. നോവലെങ്ങനെയായിരുന്നു, അങ്ങനെ തന്നെ പോകുന്നതാണ് സ്‌ക്രിപ്റ്റും എന്നാണ് സി.വി.ബാലകൃഷ്ണ്‍ മോഷണം പോയ ആ സ്‌ക്രിപ്റ്റിനെക്കുറിച്ച് തന്നോടു പറഞ്ഞതെന്നും ഹരിഹര്‍ദാസ് പറയുന്നു.

സി.വി.ബാലകൃഷ്ണൻ, കെ.ജി.ജോർജ്ജ്


കാമമോഹിതം വായിച്ച സമയത്ത് തന്റെ മനസില്‍ തോന്നിയ ചിന്തകളും, അത് സി.വി.ബാലകൃഷ്ണനുമായി ചര്‍ച്ച ചെയ്തുമാണ് അദ്ദേഹം സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ആ സ്‌ക്രിപ്റ്റും അദ്ദേഹം വീഡിയോയില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

”എന്തിനാണ് ഈയൊരു വാര്‍ത്തയിലേക്ക് എന്റെ പേരും ഞാന്‍ ഡിസൈന്‍ ചെയ്താ കാമമോഹിതത്തിന്റെ എഫ്.ബി പേജിലിട്ടിട്ടുണ്ടായിരുന്ന പിക്ചറും എടുത്തിട്ടതെന്ന് എനിക്ക് മനസിലാവുന്നില്ല. ഒന്നുകില്‍ ആ സ്‌ക്രിപ്റ്റ് മോഷ്ടിച്ചത് കൃത്യമായും ആരാണ് എന്താണ് എന്ന് പറയുക. അല്ലെങ്കില്‍ ഒരാളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഹിന്റ് കൊടുക്കാതിരിക്കുക. ഈ ന്യൂസ് വായിച്ചയാളുകള്‍ ആ ന്യൂസിനൊപ്പം എന്റെ പേരുള്ള പോസ്റ്റര്‍ കണ്ടാല്‍ ഞാനാണ് അത് മോഷ്ടിച്ചതെന്നാണ് കരുതുക.” അദ്ദേഹം പറയുന്നു.


Also Read: അത് ശരിക്കും മോശം അവസ്ഥയായിരുന്നു. വിദ്യാര്‍ഥികളെല്ലാം മാപ്പു പറഞ്ഞു” എറണാകുളത്ത് വിദ്യാര്‍ഥി തോളില്‍ കയ്യിടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി


” ഇതിന്റെ മുകളില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റേതായ ചില സത്യങ്ങള്‍ ഇനിയും തുറന്നുപറയാതിരുന്നാല്‍ എനിക്കുതന്നെ ബുദ്ധിമുട്ടാകുമെന്ന് മനസിലായി തുടങ്ങി. കുറേക്കാലമായിട്ട് നനയാതെ ഈറന്‍ ചുമന്ന് കൊണ്ടിരിക്കുക. ഇനിയത് വേണ്ട എന്നുള്ള തീരുമാനത്തിലാണ്.” എന്നു പറഞ്ഞാണ് ഹരിഹര്‍ദാസ് ഈ വിഷയം പറഞ്ഞ് അവസാനിപ്പിക്കുന്നത്.