”നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം”: ഹരീഷ് പേരടി|Hareesh Peradi|MA Baby|new film poster|
അഖിൽ കാവുങ്ങൾ സംവിധാനം ചെയ്ത് ഹരീഷ് പേരടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദാസേട്ടന്റെ സൈക്കിൾ. ഹരീഷ് പേരടി തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ റിലീസായതിന് പിന്നാലെ ചില പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പങ്കുവെച്ചതോടെ വിവാദങ്ങൾ ഉടലെടുക്കുകയായിരുന്നു.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെത്തന്നെയാണ് താരവും പ്രതികരിച്ചത്. നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാമെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
വെറെ എവിടെ യെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ…അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും എന്ന് പറഞ്ഞ് അവ്യക്തമായി പരിഹസിക്കുകയാണ് ഹരീഷ് പേരടി. ഉത്തരകൊറിയനിസം നീണാൾവാഴട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
കഴിഞ്ഞദിവസമാണ് എം.എ ബേബി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ഇതിന് രൂക്ഷമായ വിമർശനമാണ് ഇടതുപക്ഷക്കാരായ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്നും ഉയർന്നത്. പാർട്ടിയേയും നേതാക്കളേയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ പങ്കുവെക്കുന്നത് ശരിയല്ലെന്നാണ് ഉയർന്ന വിമർശനം.
സാധാരണ പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കുകൂടി പാർട്ടി ക്ലാസ് കൊടുക്കേണ്ട അവസ്ഥയാണ് എന്നടക്കമുള്ള കമന്റുകൾ വന്നതോടെ വിശദീകരണവുമായി എം.എ. ബേബിയും രംഗത്തെത്തി. ഹരീഷ് പേരടിയുമായുള്ള സൗഹൃദമാണ് പോസ്റ്റർ റിലീസിന് കാരണമായതെന്ന് എം.എ. ബേബി ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെ വിശദീകരിച്ചു.
പോസ്റ്റർ പങ്കുവെക്കുന്നതിലൂടെ അവരുടെ നിലപാടുകൾക്ക് അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്കതീതമായി കലാ, സാഹിത്യപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാകണമെന്നാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം….അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും …അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം..അതല്ലാതെ വെറെ എവിടെ യെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ…അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും…ഉത്തരകൊറിയിസം നീണാൾ വാഴട്ടെ…