“കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണ്”; വിമർശനവുമായി ഹരീഷ് പേരടി|Hareesh Peradi| Pinarayi Vijayan


മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാൻ നിർദേശം നൽകിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

”കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ… നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും…നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാമെന്ന്” അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജ് അധികൃതരാണ് വിദ്യാർഥികൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയത്.

എന്നാൽ നിർദേശം നൽകാൻ കോളേജ് അധികൃതരോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. അതേ സമയം കർശന സുരക്ഷയാണ് മുഖ്യമന്ത്രിയുടെ പരാപാടിക്കായി ജില്ലയിൽ ഒരുക്കിയത്. പരിപാടിയിലേക്ക് എത്തുന്ന ആളുകളുടെ ബാഗുകൾ അടക്കം പരിശോധിക്കുന്ന അവസ്ഥയായിരുന്നു.

കൂടാതെ, കോളേജിന്റെ ഐഡന്റിറ്റി കാർഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. മാത്രമല്ല കോളജിലെ കെഎസ്യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു പോലീസ് നീക്കം.

ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനൊപ്പം കറുപ്പിന്റെ ചിത്രവും നൽകിയിട്ടുണ്ട്. ഹരീഷ് പേരടിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. നേരത്തെ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ സിപിഎം നേതാവ് എം എ ബേബി ഫേസ്ബുക്കിൽ പങ്കുവച്ചത് വിവാദമായിരുന്നു.

Actor Hareesh Peradi has been vocal against AMMA’s stand in the Vijay Babu sexual assault case

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ സീരിയലിലൂടെ മിനിസ്‌ക്രിനിൽ എത്തിയ താരമാണ് ഹരീഷ് പേരടി. 2008ൽ പ്രദർശനത്തിനെത്തിയ ബാലചന്ദ്രമേനോൻ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൽ ചെയ്തു. 2013ൽ പ്രദർശനത്തനെത്തിയ ലെഫറ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.