”ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റേണമേ, മാധ്യമപ്രവർത്തകരുടെ ചെറിയ തെറ്റ് വലിയൊരു ശരിയിലേക്ക് വിരൽ ചൂണ്ടുന്നു”| Hareesh Peradi | Carpenters | MM Keeravani


കീരവാണി ഓസ്കാർ വേദിയിൽ ഏറെ സ്നേഹാദരങ്ങളോടെ പറഞ്ഞ പേരാണ് കാർപെന്റെർസ് എന്ന സംഗീത ബാന്റിന്റേത്. 1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡ് ആണ് കാർപെന്റർസ്. അതേസമയം, ഇങ്ങ് കേരളത്തിൽ കാർപെന്റേഴ്സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം, താൻ കുട്ടിക്കാലത്ത് കാർപെന്റേഴ്സിനെ കേട്ടാണ് വളർന്നതെന്ന കീരവാണിയുടെ വാക്കുകളാണ് തെറ്റിദ്ധരിക്കപ്പെട്ടത്.

ആശാരിമാർ എന്ന വ്യാഖ്യാനം ഇതിനുണ്ടായി. എന്നാൽ കീരവാണി ഉദ്ദേശിച്ചത് കാർപെന്റേഴ്സ് എന്ന പാശ്ചാത്യ സംഗീത ബാന്റിനെ കുറിച്ചായിരുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ആ ബാൻഡിനെക്കുറിച്ച് പലരും കേൾക്കുന്നത് തന്നെ ഇന്നലെയായിരിക്കും. ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകർ രൂക്ഷമായി വിമർശിക്കപ്പെട്ടു. ഇത് വേർഡ് ബൈ ട്രാൻസ്ലേഷന്റെ കുഴപ്പമാണെങ്കിലും കാർപെന്റേഴ്സിനെക്കുറിച്ച് അറിയുന്നവർ വിരളമാണെങ്കിലും വിമർശനങ്ങൾ അതിര് കടക്കുകയാണ്.

ഇപ്പോൾ ആ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. മാധ്യമ പ്രവർത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരൽ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ എന്നായിരുന്നു അ​ദ്ദേഹം പോസ്റ്റിൽ പറ‍ഞ്ഞത്. പെരുന്തച്ചൻ സിനിമയിലെ നടൻ തിലകന്റെ ഫോട്ടോയും കാർപെന്റേഴ്സ് മ്യൂസിക് ബാൻഡിന്റെ ഫോട്ടോയും സഹിതമാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സഹോദരങ്ങളായ കാരൻ കാർപെന്ററും റിച്ചാർഡ് കാർപെൻടറും ചേർന്ന് 1968 ലാണ് കാർപെന്റെർസ് ബാൻഡ് രൂപീകരിച്ചത്. ദി കാർപെന്റെർസ് എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നതെങ്കിലും കാർപെന്റെർസ് എന്നാണ് ഇവരുടെ ഔദ്യോഗിക നാമം. സോഫ്റ്റ്‌ മ്യൂസിക്കിന്റെ പുതിയ മാനങ്ങൾ കണ്ട് പിടിച്ച ഇവരുടെ 10 ആൽബങ്ങളിൽ മിക്കതും ലോകം മുഴുവൻ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു.

റെക്കോർഡ് തുകക്ക് വിറ്റു പോയിരുന്ന അവരുടെ പാട്ടുകൾ ഇന്നും സംഗീത ലോകത്തിനത്ഭുതമാണ്. സ്വന്തം പാട്ടുകൾക്ക് പുറമെ ബീറ്റിൽസിന്റെ എവെരി ലിറ്റിൽ തിങ് പോലുള്ള പാട്ടുകളുടെ റീ കമ്പോസിങ്ങും ശ്രദ്ധ നേടിയിരുന്നു. ഗുഡ് ബൈ റ്റു ലവ്, ക്ലോസ് ടു യു പോലുള്ള തീവ്ര വിരഹവും പ്രണയവും പറയുന്ന അവരുടെ പാട്ടുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. കാരന്റെ അപ്രതീക്ഷിതമായ മരണത്തോടെ കാർപെന്റെർസ് ബ്രാൻഡ് ഇല്ലാതായി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

”Carpenters നെ ആശാരിമാർ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചൻമാർ..Carpenters എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം..എനിക്കറിയില്ല…

എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായമക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ പറ്റുന്ന ഒരു പേരാണ് ‘ആശാരിമാർ’അല്ലെങ്കിൽ ‘പെരുന്തച്ചൻമാർ”..എന്റെ അഭിപ്രായത്തിൽ കീരവാണിയും, A.R.റഹ്‌മാനും, അമിതാബച്ചനും, രജനികാന്തും, കമലഹാസനും, മമ്മുട്ടിയും, മോഹൻലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്..

അളവും തൂക്കവും അറിയുന്ന നിർമ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചൻമാർ…മാദ്ധ്യമ പ്രവർത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരൽ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ”