നിങ്ങളുടെ മുന്നിൽവന്ന് കൈകൂപ്പി കരഞ്ഞ് അപേക്ഷിക്കണമെന്നുണ്ട്, ആത്മാഭിമാനം അനുവദിക്കുന്നില്ല; ’ഗപ്പി’ സംവിധായകൻ ജോൺപോൾ ജോർജ്
സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജോൺ പോൾ ജോർജ്. ഗപ്പി എന്ന ഒരൊറ്റ ചിത്രം മതി അദ്ദേഹത്തെ സിനിമാലോകത്ത് അടയാളപ്പെടുത്താൻ. പ്രേക്ഷകർ ഇതുവരെ കണ്ട് ശീലിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രമേയമാണ് ഗപ്പിയെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കിയത്.
2016ൽ റിലീസ് ചെയ്ത ഗപ്പിയിൽ ചേതൻ ജയലാൽ, ടൊവിനോ തോമസ്, ശ്രീനിവാസൻ, രോഹിണി, ദിലീഷ് പോത്തൻ, സുധീർ കരമന തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. എന്നാൽ ശക്തമായ കഥയും കഥാപാത്രങ്ങളുമെല്ലാമായിട്ടുകൂടി ചിത്രം ബോക്സ്ഓഫിസിൽ വേണ്ടത്ര വിജയം കണ്ടില്ല. പിന്നീട് ഒടിടി റിലീസ് ചെയ്തപ്പോഴാണ് ചിത്രത്തിന് കൂടുതൽ ആരാധകരെ ലഭിച്ചതും ഇത് വീണ്ടും തീയേറ്ററിൽ പ്രദർശിപ്പിക്കണമെന്ന ആവശ്യം ഉയർന്നതും.
ഇത് മുൻനിർത്തി സംവിധായകൻ ജോൺപോൾ ജോർജ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അൽപ്പം വൈകാരിമായെഴുതിയ ഈ കുറിപ്പിൽ രോമാഞ്ചത്തിന്റെ റിലീസിനെക്കുറിച്ചും നേരത്തെ ഗപ്പിയക്ക് കിട്ടിയ സ്വീകാര്യതയെക്കുറിച്ചുമെല്ലാം സംവിധായകൻ പറയുന്നുണ്ട്.
”കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകർക്കപ്പെടുകയും ചെയ്തപ്പോൾ ജീവിതവും കരിയറുമെല്ലാം പണയത്തിലായി.. ഇനി നിങ്ങൾ പ്രേക്ഷകരിൽ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങൾക്കും അതിഷ്ടമാവില്ല…..
അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ….. അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാൻ ഉപയോഗിച്ചാൽ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും”.- അദ്ദേഹത്തിന്റെ വാക്കുകളാണിത്.
രോമാഞ്ചം നാളെ തിയേറ്ററുകളിലെത്തുകയാണ്, അതിന്റെ ഭാഗമായെഴുതിയ എഫ് ബി പോസ്റ്റാണിത്. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്നവർക്കെല്ലാം അദ്ദേഹം നന്ദി പറയുന്നുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളിലാണ് രോമാഞ്ചം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശിപ്പിക്കുന്നതെന്നും സിനിമ കണ്ടിഷ്ട്ടപ്പെട്ടാൽ അത് മറ്റുള്ളവരോട് പറയണമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.