”ഇന്ന് മകൾക്ക് നൂല് കെട്ടി, സന്തോഷം”; വീട്ടിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ​​ഗിന്നസ് പക്രു| Guinness Pakru| Baby Birth


പരിമിതികൾക്ക് മീതെ ചിന്തിക്കുകയും അതിനൊപ്പം വളരുകയും ചെയ്ത മലയാള നടനാണ് ​ഗിന്നസ് പക്രു എന്ന അജയ് കുമാർ. തനിക്ക് ഒരു മകൾ കൂടി പിറന്ന വിവരമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ദ്വിജ കീർത്തി എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു മകൾ ജനിച്ചത്.

മകളുടെ പേരിടലും നൂല് കെട്ടും കഴിഞ്ഞെന്ന് അറിയിച്ച് ചിത്രം പങ്കുവച്ചിരിക്കുകയാണ് പക്രു. മൂത്തമകൾ ദീപ്ത കീർത്തിക്കും ഭാര്യ ​​ഗായത്രിക്കുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്ന് മകൾക്ക് നൂലു കെട്ടി. ദ്വിജ കീർത്തി എന്ന് പേരിട്ടു… എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി…’, ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം പക്രു കുറിച്ചു. ഒപ്പം വിഷു ദിനാശംസകളും താരം പങ്കുവച്ചു.

ഫോട്ടോയ്ക്ക് നിരവധി പേരാണ് പക്രുവിനും കുടുംബത്തിനും ആശംസകളറിയിച്ച് കമന്റുകൾ കുറിച്ചിരിക്കുന്നത്. 2006 മാർച്ചിലാണ് ഗിന്നസ് പക്രുവും ഭാര്യ ഗായത്രിയും വിവാഹിതരായത്. കഴിഞ്ഞ മാസം 21ന് ആണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മകൾ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രം അന്ന് പക്രു പങ്കുവച്ചിരുന്നു.

1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. മലയാളത്തിൽ നടൻ എന്നതിലുപരി സംവിധായകനും നിർമ്മാതാവുമൊക്കെയാണ് പക്രു. കഴിഞ്ഞ 35 വർഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണ് പക്രു.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. 2008ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് പക്രു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം ചെയ്തത്.

കൂടാതെ 2013ൽ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടി കൊടുത്തിരുന്നു. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു.