“ഒരുറുമ്പ് കടിച്ച വേദനപോലെ എന്നും മനസ്സിലത് കിടക്കുന്നു, ആ വേദനയിൽ നിന്ന് വന്ന ഗാനമായത്കൊണ്ടാണോ എന്നറിയില്ല അത്രയ്ക്കും ഹൃദ്യവും വൈകാരികവുമായിരുന്നത്”; മലയാളികളുടെ പ്രിയഗാനത്തെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരി അന്ന് പറഞ്ഞത് |Gireesh Puthenchery| Balettan| Malayalam Movie|


മലയാള സിനിമാലോകത്ത് വലിയ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ് ​ഗിരീഷ് പുത്തൻ‍ഞ്ചേരി എന്ന ​ഗാനരചയിതാവ് നമ്മെ വിട്ട് പോയത്. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് 13 വർഷം തികയുന്നു. പക്ഷേ, എന്നും ഓർത്തിരിക്കാനാവുന്ന ഒരുപിടി നല്ല ​ഗാനങ്ങളുമായി എന്നും നമ്മുടെ ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

മലയാള സിനിമ ഗാനരംഗത്ത് പുത്തഞ്ചേരിയുടെ സ്പർശനമറ്റ പാട്ടുകൾ ഇന്നും വേറിട്ടു തന്നെ നിൽക്കുകയാണ്. എക്കാലവും മലയാളിക്ക് നെഞ്ചോട് ചേർത്ത് വെക്കാൻകഴിയുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ചാണ് പതിമൂന്ന് വർഷം മുൻപ് ഇതുപോലൊരു ഫെബ്രുവരി 10 ന് യാത്രപോലും ചോദിക്കാതെ പുത്തഞ്ചേരി പടിയിറങ്ങിപോയത്.

പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങൾ എഴുതികൊണ്ടായിരുന്നു അദ്ദേഹം ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നാടകങ്ങൾക്ക് വേണ്ടി പാട്ടുകളെഴുതുമായിരുന്നു. അതിനിടെ ഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതി മലയാളസിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു.

എംജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം സൂപ്പർ ഹിറ്റായി മാറിയതോടെ മലയാള സിനിമാ ഗാനശാഖയിലും ഗിരീഷ് പുത്തഞ്ചേരി എന്ന പേര് സൂപ്പർഹിറ്റായി. ഇതുമാത്രമല്ല, ചിത്രത്തിലെ എല്ലാ ​ഗാനങ്ങളും സം​ഗീതാരാധകർ നെഞ്ചോട് ചേർത്ത് വെച്ചു.

സമ്മർ ഇൻ ബത്ലഹേമിലെ ഒരു രാത്രി കൂടി വിടവാങ്ങവേ, എത്രയോ ജന്മമായ് എന്നിങ്ങനെയുള്ള രണ്ടു ഗാനങ്ങൾ. അതേപോലെ പ്രണയവർണങ്ങളിലെ കണ്ണാടിക്കൂടും കൂട്ടി, മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല, ആറാം തമ്പുരാനിലെ ഹരിമുരളീരവവും.. പാടി തൊടിയിലാരോ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ. മൂവന്തിത്താഴ്വരയിൽ തുടങ്ങി നിരവധി ​ഗാനങ്ങൾ അദ്ദേഹത്തിന്റെ ഹിറ്റ്ലിസ്റ്റിൽ കയറി.

ബാലേട്ടൻ എന്ന സിനിമയിലെ ഇന്നലെ എന്റെ നെഞ്ചിലേ… എന്ന ​ഗാനം ഇതുപോലെ ഏറെ ഹിറ്റായിട്ടുണ്ടായിരുന്നു. എന്നാൽ ഇത് തന്റെ ജീവിതാനുഭവത്തിന്റെ ഒരു കോർ ആയിരുന്നു എന്നാണ് ​ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിരുന്നത്. തുലാമാസത്തിലെ ഒരു സന്ധ്യാസമയത്തായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ മരിക്കുന്നത്. ആ സമയത്ത് ആകാശത്തിന് ചെമ്പ് നിറമായിരുന്നു, ദുഖത്തിന്റെ കൂടി പ്രതീകമായ ആ കാലാവസ്ഥ അദ്ദേഹത്തെ കൂടുതൽ പിടിച്ചുലച്ച് കാണും.

ഒരുറുമ്പ് കടിച്ച വേദനപോലെ എന്നും മനസിലത് കിടക്കുന്നു എന്നാണ് അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ആ വേദനയിൽ നിന്ന് വന്ന ​ഗാനമായതുകൊണ്ടാണോ എന്നറിയില്ല അത്രയ്ക്കും വൈകാരികവും ഹൃദ്യവുമായിരുന്നു അത്. പക്ഷേ ഇത്രയ്ക്കും ഹിറ്റായ ​ഗാനം ചിത്രയും എംജി ശ്രീകുമാറും ചേർന്ന് ഒരു ശ്രുതിപ്പെട്ടി പോലുമില്ലാതെ ചേർന്നിരുന്നെഴുതിയതാണ്. ​ഗിരീഷ് പുത്തഞ്ചേരിയുടെ കയ്യിൽ പേനയും പേപ്പറുമില്ലാത്തതിനാൽ ചിത്രയായിരുന്നു പാട്ട് കേട്ടെഴുതിയത്.