ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിൽ ഫ്രീ മിമിക്രി ഷോ കണ്ട തുളസീദാസും, പൊളിഞ്ഞ തിരക്കഥയുടെ കഷ്ണങ്ങൾ പെറുക്കിയെടുത്ത് ഹിറ്റായ ത്രീ മെൻ ആർമിയും; ലാല്‍ജോസ് പറയുന്നു | Dileep| Lal Jose | Thulaseedas
മലയാള സിനിമയിൽ ലാൽ ജോസ് എന്ന സംവിധായകന്റെ സംഭാവനകൾ വളരെ വലുതാണ്. ഇഷ്ട സംവിധായകരുടെ പേരു ചോദിച്ചാൽ ഇന്നും നമ്മുടെ യുവത്വത്തിൽ ഒരു വിഭാഗം ലാൽ ജോസിന്റെ ആരാധകർ തന്നെയാണ്. സഹസംവിധായകനായി സിനിമാ മേഖലയിൽ കടന്നുവന്ന ലാൽ ജോസ് നിരവധി സിനിമാനുഭവങ്ങൾ ആർജ്ജിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകന്റെ വേഷമണിഞ്ഞ് സ്വന്തമായ ഒരു സംവിധാനശൈലിയിലേക്ക് കൂടുമാറുന്നത്. പ്രാദേശിക വാർത്തകൾ മുതൽ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് വരെയുള്ള സിനിമകളിൽ പ്രമുഖ മലയാള സംവിധായകൻ കമലിന്റെ സഹസംവിധായകനായി പ്രവർത്തിച്ച ലാൽ ജോസ് തമ്പി കണ്ണന്താനം, ലോഹിതദാസ്, ഹരികുമാർ, വിനയൻ, കെ.കെ.ഹരിദാസ്, നിസാർ എന്നീ പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായും പ്രവർത്തിച്ചിട്ടുണ്ട്.
സഹസംവിധായനായും സിനിമയുടെ ബാലപാഠങ്ങറിഞ്ഞും നടക്കുന്ന കാലത്തെ ഒരു രസകരമായ അനുഭവം സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ പങ്കു വെച്ചിരിക്കുകയാണ് ലാൽ ജോസ്. സഹസംവിധായക വേഷത്തിൽ ഓടി നടക്കുന്ന കാലത്ത് മിമിക്രിയുമായി നടക്കുന്ന, സിനിമയിൽ അവസരമന്വേഷിക്കുന്ന പ്രിയ സുഹൃത്ത് ദിലീപുമൊത്തുള്ള അനുഭവമാണ് ലാൽ ജോസ് ഓർത്തെടുത്തത്.
സിദ്ധിഖ്-ലാൽ കൂട്ടുകെട്ടൊക്കെ സിനിമയിൽ ഹിറ്റായി നിൽക്കുന്ന സമയത്ത് ദിലീപ് ലാൽ എന്ന പേരിൽ ഒരു തിരക്കഥ എഴുതിയാലോ എന്ന ദിലീപിന്റെ ചോദ്യമാണ് സംഭവത്തിന്റെയെല്ലാം ആധാരം. ഇത്തരമൊരു ചിന്തക്ക് ദിലീപിൽ വഴി മരുന്നിട്ടതാവട്ടെ മിമിക്സ് പരേഡ് എന്ന അക്കാലത്തിറങ്ങി വിജയിച്ച മിമിക്രി അടിസ്ഥാനപ്പെടുത്തിയുള്ള തുളസീദാസിന്റെ സിനിമയും. അങ്ങനെ ദിലിപും ലാൽ ജോസും മിമിക്രി – കോമിക് രംഗങ്ങളൊക്കെ വരുന്ന തരത്തിൽ തിരക്കഥയെഴുതാൻ തീരുമാനത്തിലെത്തുകയും അതിനായി എറണാകുളത്ത് മെന്റോർ എന്ന ഹോട്ടലിൽ ദിവസം 30 രൂപാ വാടകയിൽ ഒരു സിംഗിൾ റൂം എടുക്കുകയും ചെയ്തു. ജയ് പള്ളാശ്ശേരി തന്റെ ആദ്യ ഹിറ്റ് ചിത്രം മുഖചിത്രത്തിന് തിരക്കഥയെഴുതിയത് ഇവിടെ വെച്ചായതിനാൽ റൂമിന് രാശിയുണ്ടെന്നും വാടക കുറവാണെന്നതുമാണ് ആ റൂമെടുക്കാൻ കാരണമായതെന്നാണ് ലാൽ ജോസ് പറയുന്നത്. സിനിമയില്ലാത്തപ്പോൾ ലാൽ ജോസിന് യാതൊരു വരുമാനവുമില്ലാത്തതിനാൽ മിമിക്രി പരിപാടികൾക്കൊക്കെ പോകുന്ന ദിലീപാണ് റൂമിന്റെ വാടക കൊടുക്കുന്നത്.
തിരക്കഥ പൂർത്തിയാക്കിയെങ്കിലും കമൽ സാറിനെ അത് കാണിക്കാൻ ധൈര്യം വരാതെ തുളസീദാസിന്റെ അപ്പോയ്ൻമെന്റ് എടുത്ത് അദ്ദേഹത്തെ കാണാൻ പോയി കഥ അവതരിപ്പിച്ച രംഗങ്ങൾ ചെറുചിരിയുടെ അകമ്പടിയോടെയാണ് ലാൽ ജോസ് പറയുന്നത്. ലാൽ ജോസ് കഥവായിക്കും ദിലീപ് ഡയലോഗ് രംഗങ്ങൾ മിമിക്രിയൊക്കെ കാണിച്ച് അവതരിപ്പിക്കും ഇത്തരത്തിലാണ് തിരക്കഥാവതരണം തുളസീദാസിനും സുഹൃ അക്കൾക്കും മുന്നിൽ അരങ്ങേറുന്നത്. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ മാത്രമാണ് തുളസീദാസും സുഹൃത്തുക്കളും അതൊരു എന്റെർറ്റെയ്മെന്റ് പരിപാടിയായിട്ടാണ് എടുക്കുന്നതെന്ന് എനിക്ക് മനസിലായതെന്നും വൈകുന്നേരം അവർക്കു മുന്നിൽ ഒരു ഫ്രീ മിമിക്രി ഷോയായിരുന്നു നടന്നതെന്നും നർമ്മം കൈവിടാതെ ലാൽ ജോസ് പറയുന്നു.
പിന്നീട് സിനിമയിൽ ഏറെക്കുറെ പരിചിതനായ ശേഷം അന്നെഴുതിയ മിമിക്രി സ്വഭാവമുള്ള സ്ക്രിപ്റ്റിലെ പല രംഗങ്ങളും ത്രീ മെൻ ആർമി എന്ന ചിത്രത്തിൽ നർമ്മ മുഹൂർത്തങ്ങളായി കൂട്ടിച്ചേർത്തെന്നും ആ സിനിമ അന്ന് നൂറ് ദിവസം ഓടിയെന്നും ലാൽ ജോസ് തുടർന്ന് വ്യക്തമാക്കുന്നുണ്ട്.
1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ സിനിമയായ ഒരു മറവത്തൂർ കനവിലൂടെ പിന്നീട് സിനിമാ ലോകത്ത് സ്വന്തം സ്ഥാനമുറപ്പിക്കാൻ ലാൽ ജോസിനായി. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്ക്കാരമുപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും ലാൽ ജോസിനെ തേടിയെത്തിയിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ സോളമന്റെ തേനീച്ചകളാണ് ലാൽ ജോസ് സംവിധാനം ചെയ്ത അവസാന ചിത്രം .