‘പാമ്പാടി രാജൻ ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കിൽ ഉടൻ സ്റ്റേജിന്റെ പുറകിൽ എത്തേണ്ടതാണ്’; സാങ്കൽപ്പിക കഥാപാത്രത്തിന്റെ പേരുള്ള ഡാൻസർ യഥാർത്ഥത്തിൽ വന്നപ്പോഴുള്ള രസകരമായ കഥ പറഞ്ഞ് മുകേഷ്


നുഭവങ്ങളും കേട്ടറിഞ്ഞ കാര്യങ്ങളും ഏറെ തമ്മയത്വത്തോടെ അവതരിപ്പിക്കുന്ന നടനാണ് മുകേഷ്. മലയാള സിനിമയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഒട്ടേറെ വേഷങ്ങൾ ചെയ്ത മുകേഷിന്റെ രസകരമായ കഥാകഥന ശൈലി അഭിനയത്തിന് പുറമേ അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

സിനിമാ രംഗത്തും സ്വന്തം നാടായ കൊല്ലത്തും, പഠിച്ചിറങ്ങിയ കലാലയത്തിലുമൊക്കെ സംഭവിച്ച കാര്യങ്ങൾ വരച്ച് വെച്ചത് പോലെ പറയാൻ മുകേഷിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. മുകേഷ് കഥകളിലൂടെയും ബഡായി ബംഗ്ലാവിലൂടെയുമെല്ലാം അക്കാര്യം മുകേഷ് തെളിയിച്ചിട്ടുമുണ്ട്.

സുവർണ കാലഘട്ടത്തിലെ തന്റെ ഓർമകൾ ജീവസുറ്റ രീതിയിൽ അവതരിപ്പിക്കുന്ന മുകേഷ് സ്പീക്കിങ്ങ് എന്ന യൂട്യൂബ് ചാനലിൽ ഇത്തരത്തിലുള്ള നിരവധി അനുഭവ കഥകളാണ് മുകേഷ് പങ്കുവെക്കാറുള്ളത്. ചാനലിൽ ഏറ്റവും പുതുതായി രാജാധി രാജ എന്ന പേരിൽ വന്ന എപ്പിസോഡിൽ തന്റെ ഓർമയിലെ മറക്കാനാവാത്ത രാജനെന്ന പേരിലുള്ള രണ്ട് കഥാപാത്രങ്ങളെക്കുറിച്ചാണ് മുകേഷ് വിവരിക്കുന്നത്.

പാമ്പാടി എന്ന സ്ഥലം പോലും പരിചയമില്ലാത്ത കാലത്ത് ആരോ ഒരാൾ രസകരമായി പറഞ്ഞുണ്ടാക്കി കൊല്ലത്തെ ചെറുപ്പക്കാർക്കിടയിൽ തരംഗമായി മാറിയ പാമ്പാടി രാജനെന്ന സാങ്കൽപ്പിക കഥാപാത്രത്തിന്റെ അതേ പേരിൽ ഒരു ഡാൻസർ യാദ്യശ്ചികമായി കടന്നുവന്നതും അദ്ദേഹത്തെ കാണാൻ ചെറുപ്പക്കാർ തടിച്ച് കൂടിയതും തുടർന്നുള്ള സംഭവ വികാസവുമാണ് എപ്പിസോഡിന്റെ ആദ്യ പകുതിയിൽ മുകേഷ് അതീവ രസകരമായി പറയുന്നത്.

നിരണം രാജനെന്ന കാഥികന്റെ കഥ കോളേജ് കാലഘട്ടത്തിൽ കേൾക്കാനിടയായതും പിന്നീട് വർഷങ്ങൾക്ക് ശേഷം സിനിമാ നടനായി കാഞ്ഞിരപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിനെത്തിയ വേളയിൽ അദ്ദേഹത്തെ നേരിട്ട് കണ്ട് അഭിനന്ദിച്ചതുമായ അനുഭവ കഥയാണ് രണ്ടാം പകുതിയിൽ പങ്കു വെക്കുന്നത്.

രണ്ടു രാജമ്മാരുടെ കഥകളിലും അംഗീകരിക്കപ്പെടുന്ന എളിയ കലാകാരമ്മാരുടെ ആഹ്ലാദവും ആത്മനിർവൃതിയുമാണ് മുകേഷ് തന്റെ വാക്കുകളിലൂടെ വരച്ച് കാട്ടിയത്. പഴയ കാലത്തിന്റെ കഥകൾ പുതുമയോടെ പറയുന്ന മുകേഷ് സ്പീക്കിങ്ങിന്റെ ഓരോ എപ്പിസോഡുകൾക്ക് വേണ്ടിയും കാണികൾ അക്ഷമരായാണ് കാത്തിരിക്കുന്നത്.