”യേശുദാസ് അത്യാസന്ന നിലയില്‍, ഡയാലിസിസിന് വിധേയനാകുന്നു” ; സോഷ്യല്‍ മീഡിയ പ്രചരണങ്ങളുടെ സത്യാവസ്ഥ അറിയാം
ഗായകന്‍ യേശുദാസ് അത്യാസന്നനിലയില്‍ കിടപ്പിലാണ്, ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വാട്‌സ്ആപ്പിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തയാണിത്. സത്യത്തില്‍ യേശുദാസിന് എന്തെങ്കിലും കുഴപ്പമുണ്ടോ? പ്രശ്‌നമൊന്നുമില്ലെങ്കില്‍ പിന്നെ എങ്ങനെ ഇത്തരത്തിലൊരു വാര്‍ത്ത വന്നു!
ചിലരുടെയൊക്കെ അല്‍പ്പബുദ്ധിയാണ് ഇതുപോലൊരു വാര്‍ത്തയ്ക്ക് കാരണമായത്. സംഭവം വിശദമായി പറയാം. ഒരാഴ്ച മുമ്പായിരുന്നു യേശുദാസിന്റെ പിറന്നാള്‍ ആഘോഷം. കൊച്ചി പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഘോഷ പരിപാടി നടത്തിയെങ്കിലും യേശുദാസ് പരിപാടിയില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. മകന്‍ വിജയ് യേശുദാസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
ചടങ്ങില്‍ ആശംസയര്‍പ്പിച്ച് നടന്ന പ്രസംഗത്തില്‍ ‘ദാസേട്ടന്‍ ഡാലസിലായതിനാല്‍ പരിപാടിക്ക് എത്താനായില്ല’ എന്ന് മൈക്കില്‍ പറഞ്ഞത് ചിലര്‍ ‘ഡയാലിസിസിലായതിനാല്‍’ എന്ന് തെറ്റിദ്ധരിച്ചതാണ് പ്രചാരണങ്ങള്‍ക്ക് ഇടയാക്കിയത്. അമേരിക്കയിലെ ടെക്‌സസിലെ നഗരമായ ഡാലസിലുള്ള മൂന്നാമത്തെ മകന്‍ വിശാല്‍ യേശുദാസിന്റെ വീട്ടിലാണ് യേശുദാസും ഭാര്യ പ്രഭയും കുറച്ചുകാലമായുള്ളത്.
ഇക്കാരണംകൊണ്ടുതന്നെ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ വേദിയിലെ ഡിജിറ്റല്‍ സ്‌ക്രീമില്‍ യേശുദാസും ഭാര്യ പ്രഭയും എത്തിയിരുന്നു. എന്നാല്‍ കുപ്രചരണം അഴിച്ചുവിട്ടവര്‍ ഇതൊന്നും കാര്യമാക്കാതെ യേശുദാസ് ഗുരുതരാവസ്ഥയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ അഴിച്ചുവിടുകയായിരുന്നു.
മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരനിര പങ്കെടുത്ത, വിജയ് യേശുദാസിന്റെ മേല്‍നോട്ടത്തില്‍ നടന്ന പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ‘ഡയാലിസിസ്’ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. യേശുദാസിന് കുഴപ്പമൊന്നുമില്ലെന്ന തരത്തില്‍ സുഹൃത്തുക്കള്‍ വിശദീകരണം നല്‍കേണ്ട ഘട്ടംവരെയെത്തി കാര്യങ്ങള്‍. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും യേശുദാസ് പൂര്‍ണ ആരോഗ്യവാനാണെന്നും ഗാനരചയിതാവും അടുത്ത സുഹൃത്തുമായ ആര്‍.കെ. ദാമോദരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വ്യാജവാര്‍ത്ത അറിഞ്ഞപ്പോള്‍ത്തന്നെ ദാസേട്ടന്റെ ആത്മമിത്രവും സംഗീതജ്ഞനുമായ ചേര്‍ത്തല ഗോവിന്ദന്‍കുട്ടി മാഷ് അന്വേഷിച്ച് വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.