”ഒരു സാധാരണ മനുഷ്യനാണ് ഫഹദ്, വരത്തൻ സിനിമയിൽ ഇവനീ വില്ലൻമാരുടെ മുഖത്തൊക്കെ നോക്കുമ്പോൾ പേടിയാവും”; മനസ് തുറന്ന് സത്യൻ അന്തിക്കാട്| Fahad Fazil


നാട്ടിൻപുറത്തെ നൻമകളെയും നൻമമരങ്ങളെയും തന്റെ ചിത്രങ്ങളിലേക്ക് ആവാഹിച്ചെടുക്കാൻ പ്രത്യേകശ്രദ്ധ പുലർന്നുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിൽ നിന്നും പ്രേക്ഷകന് കിട്ടുന്ന വൈബ് അത് തന്നെയാണ്.

ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ തന്റെ സിനിമയിലൂടെയെല്ലാം പ്രേക്ഷകർക്ക് എന്തെങ്കിലും സന്ദേശം പകർന്ന് നൽകാനും സത്യൻ അന്തിക്കാട് ശ്രദ്ധിക്കാറുണ്ട്.

കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം തന്റെ സ്വതന്ത്ര സംവിധാനത്തിന് അരങ്ങേറ്റം കുറിച്ചത്. സുകുമാരൻ, മാധവി, ജ​ഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീടങ്ങോട്ട് ഓരോ കാലഘട്ടത്തിനനുസരിച്ച് മലയാളത്തിൽ വന്നും പോയും കൊണ്ടിരുന്ന ഒട്ടുമിക്ക താരങ്ങളെല്ലാം സത്യൻ അന്തിക്കാടിന്റെ ​ഗ്രാമീണപശ്ചാത്തലത്തിലെ നൻമ നിറഞ്ഞ കഥാപാത്രങ്ങളായി മാറി.

നടൻ ഫഹദ് ഫാസിലിനെ നായകനാക്കി രണ്ട് ചിത്രങ്ങളായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്തത്, ഞാൻ പ്രകാശനും ഇന്ത്യൻ പ്രണയകഥയും. രണ്ടും പ്രേക്ഷകപ്രശംസ നേടിയ ചിത്രങ്ങളായിരുന്നു. പതിവ് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ നിന്ന് നേരിയ വ്യത്യാസമുള്ള നായകകഥാപാത്രത്തെയായിരുന്നു ഫഹദ് അവതരിപ്പിച്ചത്. ഞാൻ പ്രകാശനും ഇന്ത്യൻ പ്രണയകഥയും ഷൂട്ട് ചെയ്ത സമയത്ത് ഞാൻ ഫഹദ് ഫാസിലിന്റെ ഫാൻ ആയിപ്പോയി എന്നാണ് സത്യൻ അന്തിക്കാട് ഇപ്പോൾ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

കൂടാതെ, വരത്തൻ സിനിമയിലെ താരത്തിന്റെ അഭിനയത്തേയും സംവിധായകൻ പ്രശംസിച്ചു. ഒരു സാധാരണ മനുഷ്യനാണ് ഫഹദ്, വരത്തൻ എന്ന സിനിമയിൽ ഇവനീ വില്ലന്മാരുടെ മുഖത്തെല്ലാം നോക്കുമ്പോൾ നമുക്ക് പേടി വരും. സ്ക്രീൻ പ്രസൻസ് കൊണ്ട് എത്ര വലിയ മല്ലൻമാർ വന്നാലും ഇവൻ ഇടിക്കുമെന്ന് നമുക്ക് തോന്നിപ്പോകും, അത് വല്ലാത്തൊരു ​ഗിഫ്റ്റാണ്. – സത്യൻ അന്തിക്കാട് പറഞ്ഞു.