”ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം എന്ന് ചോദിച്ചാണ് വിളിക്കുക, കഴിഞ്ഞയാഴ്ച വിളിച്ചപ്പോഴും രോ​ഗവിവരം പറഞ്ഞില്ല”; സുബിയുടെ ഓർമ്മയിൽ സുരഭി ലക്ഷ്മി |subi suresh | surabhi lakshmi


സുബി സുരേഷിന്റെ രോ​ഗവിവരത്തെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരുന്നില്ല, താരം അത് പറയാൻ ആ​ഗ്രഹിച്ചുകാണില്ല എന്ന് വേണം കരുതാൻ. സുഹൃത്തുക്കളിൽ തന്നെ വളരെ കുറച്ച് പേർക്ക് മാത്രമാണ് സുബി സുരേഷിൻറെ ആരോഗ്യസ്ഥിതിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അറിയാതിരുന്നവർക്ക് വലിയ ആഘാതമായിരുന്നു ഇന്നത്തെ വിയോഗ വാർത്ത.

പെട്ടെന്ന് സുരഭി ഇനിയില്ല എന്ന യാഥാർത്ഥ്യം പലർക്കും ഉൾക്കൊള്ളാനാവുന്നില്ല. സിനിമ-ടെലിവിഷൻ രം​ഗത്തെ നിരവധി പ്രമുഖരാണ് സുബിക്ക് അനുശോചനം അറിയിച്ച് രം​ഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രിയുമെല്ലാം ദുഖത്തിൽ പങ്കുചേർന്നു. വാക്കുകളിൽ എപ്പോഴും നർമ്മവും അടുപ്പവും സൂക്ഷിച്ചിരുന്ന പ്രിയ സുഹൃത്ത് ഇനിയില്ല എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാനാവുന്നില്ല പലർക്കും.

ടെലിവിഷനിൽ സുബിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ പലർക്കും സങ്കടം സഹിക്കാനാവുന്നില്ല. ഇപ്പോഴിതാ സുബിയെക്കുറിച്ച് തന്റെ വളരെ നല്ല ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി സുരഭി ലക്ഷ്മി. “ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” എന്ന് ചോദിച്ചായിരുന്നുവത്രേ സുബി, സുരഭിയെ ഫോണിൽ വിളിച്ചിരുന്നത്.

“ചേച്ചി വിളിക്കുമ്പോ നമ്മൾ ഏത് മൂഡിലാണെങ്കിലും ഫോൺ വെയ്കുമ്പോ നമ്മൾ ചിരിച്ച് മറിയും… “ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിൻ്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല. എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ “നമ്മൾ കോമഡി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിനക്ക് കിട്ടിയ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്” എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓർക്കുന്നു.. പ്രിയപ്പെട്ട എൻ്റെ ചേച്ചിക്ക് ആദരാഞ്ജലികൾ..”

രമേഷ് പിഷാരടി, ധർമ്മജൻ ബോൽഗാട്ടി, സാജൻ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെൺസാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികൾ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവർ പരിപാടി അവതരിപ്പിച്ച് കൈയടി നേടി. അതേസമയം സുബി സുരേഷിൻറെ സംസ്കാര ചടങ്ങുകൾ നാളെ കൊച്ചി ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും. അതിനു മുൻപ് വരാപ്പുഴ പുത്തൻപള്ളിയിൽ ഭൌതികശരീരം പൊതുദർശനത്തിന് വെക്കും.