”സെക്കന്റ് ജനറേഷൻ താരങ്ങൾ വിജയിക്കുന്ന ഒരു രീതി അന്ന് ഇവിടെയില്ല, പൃഥ്വി അന്ന് സിനിമയിലുണ്ട്”; തനിക്ക് റഫറൻസിന് ആരെയും കിട്ടിയില്ലെന്ന് ദുൽഖർ സൽമാൻ| Dulquer Salmaan| Mammootty


ഇന്ന് സമൂഹമാധ്യമം മുഴുവൻ ദുൽഖർ സൽമാന്റെ ഫോട്ടോസും വീഡിയോയുമാണ്. കോഴിക്കോട് കൊണ്ടോട്ടിയിൽ ഒരു ഉദ്ഘാടനത്തിനെത്തിയതായിരുന്നു ആരാധകരുടെ പ്രിയ ഡിക്യു. ലക്ഷകണക്കിന് ആളുകളാണ് താരത്തെ കാണാനായി ഉദ്ഘാടന വേദിയ്ക്കു സമീപം തടിച്ച് കൂടിയത്. ‘കിങ്ങ് ഓഫ് കൊത്ത’യിലെ ലുക്കിലാണ് താരം എത്തിയത്. ആരാധകർക്കായി വേദിയിൽ ചുവടു വയ്ക്കുന്നുമുണ്ട് ദുൽഖർ.

‘ചങ്ങായിമാരെ ഉസാറല്ലേ’ എന്ന് കൊണ്ടോട്ടി ഭാഷയിൽ പറഞ്ഞായിരുന്നു ദുൽഖർ ആരാധകരോട് സംസാരിച്ച് തുടങ്ങിയത്. ഇതിനിടെ തന്റെ പിതാവ് സിനിമയിൽ ഇത്രയും തിളങ്ങി നിന്നിട്ടും സിനിമയോട് നല്ല പാഷണേറ്റ് ആയിട്ടും എന്തുകൊണ്ട് 28മത്തെ വയസ് വരെ കാത്തുനിന്നു എന്നായിരുന്നു ഡിക്യുവിനോട് ആരാധകൻ ചോദിച്ചത്.

ചലച്ചിത്ര ലോകത്ത് തിളങ്ങി നിൽക്കുന്ന ആളാണ് തന്റെ പിതാവ്, പിന്നെ നീണ്ട രണ്ട് മണിക്കൂറോളം തന്റെ മുഖം ആളുകൾക്ക് സഹിക്കാൻ കഴിയിമോ തുടങ്ങിയ ചിന്തകളെല്ലാം തന്റെ സിനിമാ ജീവിതം തുടങ്ങാനുള്ള ആ​ഗ്രഹത്തെ വൈകിപ്പിച്ചു എന്നാണ് ദുൽഖർ പറയുന്നത്.

”വളരെ പേടിച്ചാണ് ഇരുപത്തിയെട്ടാമത്തെ വയസിൽ ഞാൻ സിനിമയിലേക്ക് വരുന്നത്. കാരണം വാപ്പിച്ചി അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായിട്ട് ആ പേര് കളയണ്ട എന്ന് വിചാരിച്ചു. ഞാൻ കോളജിൽ പഠിക്കുമ്പോഴാണ് ബി​ഗ് ബി ഇറങ്ങുന്നത്. ഇനി ഞാനായിട്ട് വന്നിട്ട് അതൊക്കെ കുളമാക്കുമോ, എനിക്ക് അഭിനയം വരില്ലേ, ആളുകൾ എന്നെ രണ്ട് മണിക്കൂർ കണ്ടിരിക്കുമോ എന്നെല്ലാമുള്ള ചിന്തകളായിരുന്നു അപ്പോൾ”- ദുൽഖർ വ്യക്തമാക്കി.

ആളുകൾ ഏറ്റവുമധികം അരക്ഷിതരാവുക തങ്ങളുടെ ഇരുപതുകളിൽ ആയിരിക്കും അതുകൊണ്ടാണ് അങ്ങനെയെല്ലാം തോന്നുന്നത് എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, സെക്കന്റ് ജനറേഷൻ താരങ്ങൾ വിജയിക്കുന്ന ഒരു പതിവ് ആ സമയത്ത് ഇല്ലായിരുന്നു. ഏകദേശം ആ കാലയളവിലാണ് ഫഹദ് ഫാസിൽ കയ്യെത്തും ദൂരത്തിലൂടെ അരങ്ങേറ്റം കുറിച്ച് തിരിച്ച് പോവുന്നത്.

”ഞാൻ വരുന്നതിന് മുൻപാണ് ഫഹദ് വന്ന് പോകുന്നത്. ഞാനൊക്കെ വരുന്നതിന് മുൻപ് പൃഥ്വി സിനിമയിൽ വന്നിട്ടുണ്ടായിരുന്നു. എനിക്കാവശ്യമായിട്ടുള്ള റഫറൻസിനായി ഇവിടെയാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വാപ്പിച്ചിയുടെ പേര് ഞാനായിട്ട് കളയണ്ട എന്ന തീരുമാനത്തിൽ നിന്നത്. എന്നാൽ ഇപ്പോൾ ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് ആ​ഗ്രഹമില്ല”- ദുൽഖർ പറഞ്ഞ് നിർത്തി.