“പറഞ്ഞിട്ട്‌ കാര്യല്ല കുട്ടീ… ഇന്നലെ കഷണ്ടി, ഇന്ന്‌ പഞ്ചാര, നാളെ വേറെ വല്ലോം പറയും…”: മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയ


സംവിധായകൻ ജൂഡ് ആന്റണിയോട് മമ്മൂട്ടി പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ കമന്റ്‌ പറഞ്ഞതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങളും ചർച്ചകളും നടന്നിരുന്നു. തുടർന്ന് മമ്മൂട്ടി ജൂഡിനോട് പരസ്യമായി മാപ്പ് പറയുകയുണ്ടായി. എന്നാൽ തനിക്ക് മമ്മൂട്ടിയുടെ പരാമർശത്തിൽ പ്രശ്നമില്ലെന്നും മറിച്ച് അഭിമാനമാണെന്നും പറഞ്ഞു ജൂഡ് രംഗത്ത് വരുകയും ചെയ്തു. എന്നാലിപ്പോൾ വീണ്ടും മറ്റൊരു വിവാദത്തിൽ ചെന്ന് ചാടിയിരിക്കുകയാണ് മമ്മൂട്ടി. തന്റെ പുതിയ ചിത്രമായ ക്രിസ്റ്റഫെറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്സ് മീറ്റിനിടെയാണ് താരത്തിന്റെ വിവാദ പരാമർശം.

കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റഫറിലെ മറ്റ് താരങ്ങൾക്കൊപ്പം മമ്മൂട്ടി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പരിപാടിയിൽ മമ്മൂട്ടിയോടൊപ്പം ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, സ്നേഹ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ക്രിസ്റ്റഫറിന്റെ പല വിശേഷങ്ങളും ഓൺലൈൻ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതിനിടെയായിരുന്നു ഇത്. സംസാരിക്കുന്നതിനിടെ ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ ചക്കര എന്ന് വിളിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

പിന്നാലെ മമ്മൂട്ടി ഐശ്വര്യയെ കളിയാക്കാനായി നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്നാണ് വിളിക്കുക. ശർക്കര എന്ന് വച്ചാൽ കരുപ്പെട്ടിയാണ്. ഞാൻ തിരിച്ച് അങ്ങനെ വിളിക്കട്ടെ എന്നായിരുന്നു മമ്മൂട്ടി ഐശ്വര്യയ്ക്ക് നൽകിയ മറുപടി. അപ്പോൾ ചക്കര എന്നാണോയെന്ന് ഐശ്വര്യ തിരിച്ച് ചോദിക്കുന്നുണ്ട്. അല്ല, കരിപ്പെട്ടി എന്നായിരുന്നു മറുപടി. അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ വളർപ്പെട്ടെന്നാണ് വൈറലായി മാറിയത്.

ഇതിപ്പോൾ സിനിമാ ഗ്രൂപ്പുകളിലും മറ്റും കത്തിപ്പടരുകയാണ്. മമ്മൂട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരേപോലെ ചർച്ചകളുണ്ട്. മമ്മൂട്ടി നടത്തിയിരിക്കുന്നത് റേസിസ്റ്റ് പരാമർശമാണെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. പഞ്ചാസരയും ശർക്കരയുമൊക്കെ മധുരവുമായി ബന്ധപ്പെട്ടതായി മാത്രമേ സാധാരണക്കാർ കാണാറുള്ളൂവെന്നും എന്നാൽ അതിൽ പോലും നിറം നോക്കുന്ന ആളാണ് മമ്മൂട്ടിയെന്നുമാണ് വിമർശനം.

പൊതുവെ മലയാള സിനിമയിൽ കാലത്തിനൊത്ത് സ്വയം അപ്പ്‌ഡേറ്റ് ചെയ്യുന്ന നടനാണ് മമ്മൂട്ടി. എന്നാൽ അപ്പ്‌ഡേഷൻ സിനിമകളുടെ തിരഞ്ഞെടുപ്പിലും അഭിനയത്തിലും മാത്രമാണുള്ളതെന്നും രാഷ്ട്രീയത്തിലും ബോധ്യത്തിലും അതുണ്ടായിട്ടില്ലെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. അതേസമയം മമ്മൂട്ടിയുടെ പരാമർശം തമാശയായി കാണേണ്ടതേയുള്ളൂവെന്നും ചിലർ വാദിക്കുന്നുണ്ട്.

‘മിക്കവരും ഉള്ളിന്റെയുള്ളിൽ ഈ ഇൻകറക്‌ട്‌നസുള്ളവരാണ്‌. ചിലർ പഠിച്ചത്‌ തിരുത്താൻ തയ്യാറായി ബോഡി ഷെയിമിങ്ങും ഈ ജാതി ഒലക്കമ്മലെ താരതമ്യങ്ങളെയും മറികടന്ന്‌ മറുകര ചേർന്നു. പലരും ഇപ്പഴും അക്കരെ നിന്ന്‌ വള്ളം കിട്ടാതെ സ്‌റ്റക്കായി നിൽക്കുന്നു. ‘എവർയൂത്തൻ’ എന്ന വിളിപ്പേര്‌ മാത്രമേ  ഇക്കാക്ക്‌ ഉള്ളൂ, വയസ്സ്‌ കുറേയായി. ജനറേഷൻ വേറെയാണ്‌. പഠിച്ചതേ അവിടുന്ന്‌ പാട്ടായി പുറത്ത്‌ വരൂ. അതാണ്‌ ഇടക്കിടക്ക്‌ മൂപ്പർ ഇങ്ങനെ പെടുന്നത്‌’- മമ്മൂട്ടിയെ വിമർശിച്ചുകൊണ്ടുള്ള ഒരു കമന്റാണിത്.