”വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സീനുകൾ മാത്രം, സിനിമ ഇറങ്ങിയപ്പോൾ എന്തിനാണ് ഇങ്ങനെയൊരു ക്യാരക്ടർ ചെയ്തതെന്ന് എല്ലാവരും ചോദിച്ചു”; മറുപടി നൽകി ദിവ്യ ഉഷ ​ഗോപിനാഥ്| Thuramukham | Divya Usha Gopinath


പ്രശസ്ത തിയേറ്റർ ആർട്ടിസിറ്റ് ആയ ദിവ്യ ഉഷ ​ഗോപിനാഥിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിൽ മലപ്പുറംകാരി എന്ന വളരെ ചെറിയ ഒരു കഥാപാത്രത്തെയായിരുന്നു ദിവ്യ അവതരിപ്പിച്ചത്. കുറച്ച് സീനുകളിൽ മാത്രമേയുള്ളൂവെങ്കിലും തനിക്ക് വളരെ ആത്മസംതൃപ്തി തന്ന ചിത്രമായിരുന്നു തുറമുഖം എന്നാണ് ദിവ്യ പറയുന്നത്.

സമൂഹമാധ്യമത്തിലൂടെയാണ് ദിവ്യ തന്റെ പുതിയ സിനിമയെക്കുറിച്ച് പറയുന്നത്. സമയക്കുറവ് മൂലം സിനിമയിൽ നിന്ന് വെട്ടിമാറ്റിയ ഒരു രം​ഗം ദിവ്യ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സിനിമ റിലീസ് ചെയ്ത് ഇത്രയും ദിവസം കഴിഞ്ഞപ്പോൾ എന്താണ് ഇത്രയും ചെറിയൊരു ക്യാരക്ടർ, വെറുതെ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്ന സീനുകൾ മാത്രം ചെയ്യതത് എന്ന് ചോദിച്ച് താരത്തിന് ഒരുപാട് പേർ മെസേജ് അയയ്ച്ചു.

എന്നാൽ മലപ്പുറം കാരി തനിക്ക് അതിനും പ്രിയപ്പെട്ടതാണ് എന്നാണ് താരം പറയുന്നത്. ഈ സിനിമയുടെ പ്രോസസ് ആണ് അതിനുള്ള മറുപടി എന്നും നടി പറയുന്നു. ”ഒരുപാട് പേർ ആഗ്രഹിക്കുന്ന ഒരു സ്പേസിൽ, രാജീവേട്ടന്റെ ഫ്രെയിമിൽ, പത്തിരുന്നുറോളം ആളുകളുള്ള സെറ്റിൽ, ഗോപൻ മാഷ് എഴുതി തയാറാക്കിയ മലപ്പുറംകാരിയെ ഞാൻ ഒരുപാട് ആസ്വദിച്ചു പെർഫോം ചെയ്ത്. സിനിമ ഇറങ്ങുമ്പോൾ എല്ലാവരും അത് കാണാൻ ഞാൻ കൊതിച്ചു, പക്ഷേ സിനിമയിലെ ദൈർഘ്യ പ്രശ്നങ്ങൾ കൊണ്ട് അതിൽ കുറച്ച് ഭാഗങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല

തീർച്ചയായിട്ടും കഥാപാത്രത്തെ കുറിച്ച് നിങ്ങൾ അഭിപ്രായം പറയുന്നത് കേൾക്കാൻ പറ്റാത്തതിന്റെ എല്ലാ നിരാശയുമുണ്ട് എനിക്ക്. പക്ഷേ ചെറുതാണെങ്കിലും, വലുതാണെങ്കിലും തുറമുഖം എന്ന ചരിത്ര സിനിമയുടെ ഭാഗമായതിൽ എനിക്കൊരുപാട് സന്തോഷം,അഭിമാനവും ഉണ്ട്. തുറമുഖം ഒരു ചരിത്രമാണ്, ഒരു നാടിന്റെ കഥ, ആ നാട്ടിലെ ആളുകളുടെ ജീവന്റെ കഥ.

ഓരോ പ്രേക്ഷകർക്കും തിയേറ്ററിൽ കാണാൻ കഴിയുക അഭിനേതാക്കൾ അല്ല ജീവിതമാണ്. ജീവിതം എപ്പോഴും സ്ലോ പേസിലായിരിക്കും. അതങ്ങനെ തന്നെ ആസ്വദിക്കണം. തുറമുഖത്തെ എല്ലാവരെയും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു. മലപ്പുറംകാരിയുടെ മനസ്സിന്റെ താളം തെറ്റിത്തുടങ്ങിയ ആ നിമിഷങ്ങൾ ഫോട്ടോയിലൂടെ പകർത്തിയ ജോജി ഏട്ടന് ഒരുപാട് സ്നേഹം”- – ദിവ്യ വ്യക്തമാക്കി.