”ഒരു ഷൂട്ടിങ് പോലും കണ്ടിട്ടില്ല, ഡാൻസ് ചെയ്യാൻ അറിയില്ല, ഞാൻ എല്ലാം പഠിപ്പിച്ചു, പക്ഷേ അവരെന്നെ അവഗണിക്കുകയായിരുന്നു”; മനസ് തുറന്ന് സംവിധായകൻ| Gopika| Thulasidas
തുളസീദാസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തിയ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലായിരുന്നു നടി ഗോപിക ആദ്യമായി അഭിനയിച്ചത്. 2002ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് തിരക്കഥ എഴുതിയതും കലൂർ ഡെന്നിസിനോടൊപ്പം ചേർന്ന് തുളസീദാസ് തന്നെയായിരുന്നു. തൃശൂർകാരിയായ ഗേളിക്ക് തുളസീദാസ് ഗോപിക എന്ന പേര് നൽകുകയായിരുന്നു.
തന്റെ ആദ്യചിത്രത്തിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞ ഗോപികക്ക് പിന്നീട് കൈ നിറയെ ചിത്രങ്ങൾ ലഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ധാരാളം സിനിമകളിൽ അഭിനയിച്ച നടി വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചു. അതേസമയം സിനിമ കണ്ടിട്ടുണ്ട് എന്നല്ലാതെ ഒരു ഷൂട്ടിങ് കണ്ട പരിചയം പോലും ഗോപികക്ക് ഇല്ലായിരുന്നു എന്നാണ് തുളസീദാസ് പറയുന്നത്.
”ഗോപികയെ ആദ്യമായിട്ട് ഞാൻ പ്രണയമണിത്തൂവലിലേക്ക് കൊണ്ടുവന്നു. അവളുടെ പേര് ഗേളി എന്നായിരുന്നു. സിനിമ കാണുകയല്ലാതെ ഒരു ഷൂട്ടിങ് പോലും കണ്ടിട്ടില്ല. ഡാൻസ് പോലും ചെയ്ത് പരിചയമില്ലാത്ത ഒരു പെൺകുട്ടിയെ കൊണ്ടുവന്ന് അഭിനയിപ്പിച്ചു. അഞ്ച് ദിവസം ഷൂട്ടിങ് പോലും ചെയ്യാതെ സെറ്റിൽ കൊണ്ട് നടന്ന് എല്ലാം കണ്ട് പഠിപ്പിച്ച് പേടിമാറ്റി. അങ്ങനെ ചെയ്ത സിനിമയാണ് പ്രണയമണിത്തൂവൽ.
അവളുടെ പേര് ഞാൻ മാറ്റി, ഗോപിക എന്നാക്കി. ഞാൻ അവരെ സിനിമയിലേക്ക് കൊണ്ടുവന്നു എന്ന് കരുതി അതിന്റെ പ്രതിഫലം ആഗ്രഹിക്കുന്നില്ല. ഞാനാണ് കൊണ്ട് വന്ന എന്ന അവകാശവാദം ഞാൻ ഉന്നയിക്കുന്നില്ലല്ലോ. നിങ്ങൾ ഒരു വർഷത്തേക്കെങ്കിലും വേറെ പടത്തിൽ അഭിനയിക്കരുത് എന്ന് എഗ്രിമെന്റ് എഴുതിവെക്കണമെന്ന് എന്നോട് പലരും പറഞ്ഞിട്ടുള്ളതാണ്. എന്റെ കടമ ഞാൻ ചെയ്തു. ആ കുട്ടി സിനിമയിലേക്ക് വരാൻ ഞാൻ ഒരു നിമിത്തമായി. അവളുടെ ഭാഗ്യം കൊണ്ട് അവൾ രക്ഷപ്പെട്ടു. ഒരുപാട് തിരക്കുള്ള നടിയായി”- അദ്ദേഹം പറയുന്നു.
അതേസമയം, കോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗോപിക ഒരു എയർ ഹോസ്റ്റസ് ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാളചലച്ചിത്രവേദിയിൽ എത്തിച്ചേരുകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്ത ഗോപിക നൃത്തം അഭ്യസിച്ചിട്ടുമുണ്ടായിരുന്നു. 2004ൽ ആട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. അതേവർഷം തന്നെ ആട്ടോഗ്രാഫിന്റെ റീമേക്ക് ചിത്രങ്ങളിലൂടെ കന്നടയിലും തെലുങ്കിലും ഗോപിക അഭിനയിച്ചു.
2008ലാണ് ഗോപിക വിവാഹിതയാകുന്നത്. അയർലണ്ടിൽ സ്ഥിരതാമസക്കാരനായ അജിലേഷ് എന്നയാളെയാണ് ഗോപിക വിവാഹം കഴിച്ചത്. ഭാര്യ അത്ര പോര, സ്വന്തം ലേഖകൻ എന്നീ ചിത്രങ്ങൾ ഗോപികയുടെ വിവാഹശേഷമാണ് റിലീസ് ചെയ്തത്. 2008ൽ പുറത്തിറങ്ങിയ ജയറാം ചിത്രമായ വെറുതെ ഒരു ഭാര്യ ഗോപികയ്ക്ക് ഏറെ പ്രേക്ഷകപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു. അഭിനയിച്ച സിനിമകൾക്കെല്ലാം ഗോപിക തന്നെയായിരുന്നു ശബ്ദം നൽകിയിരുന്നത് എന്നത് താരത്തിന്റെ പ്രത്യേകതയായിരുന്നു.