”നസീർ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ഡേറ്റ് നൽകിയിരുന്നു, മമ്മൂട്ടിയുടെ ഡേറ്റിനെപ്പറ്റി അറിവില്ല”; ആ​ഗ്രഹം സാധിക്കാതെയാണ് അദ്ദേഹം മരിച്ചതെന്ന് സംവിധായകനും ബന്ധുവുമായ താജ് ബഷീർ| Prem Nazir | Mohanlal| Sreenivasan


നടൻ മോഹൻലാൽ അന്തരിച്ച നടൻ പ്രേം നസീർ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മോഹൻലാലിനെ കുറിച്ച് നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ താജ് ബഷീർ മാസ്റ്റർ മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖം വൈറലാവുകയാണ്.

സിനിമ സംവിധാനം ചെയ്യണം ഹജ്ജിന് പോകണം എന്നീ രണ്ട് ആ​ഗ്രങ്ങൾ പൂർത്തിയക്കാതെയാണ് പ്രേം നസീർ പോയതെന്നാണ് അദ്ദേഹം പറയുന്നത്. താൻ ഹജ്ജ് ചെയ്ത ആളായത് കൊണ്ട് തന്നോട് അതിന്റെ നടപടിക്രമങ്ങളെല്ലാം നസീർ ചോദിച്ച് മനസിലാക്കിയിരുന്നു എന്നും അദ്ദേഹം പറയുന്നു. പക്ഷ ഹജ്ജ് എപ്പോഴും ചെയ്യാൻ കഴിയാത്തത് കൊണ്ട് ഉംറ ചെയ്യാമെന്നായിരുന്നു ബഷീർ പറഞ്ഞത്.

ഹജ്ജിന്റെ ഒരു മിനിയേച്ചറാണ് ഉംറ, എപ്പോൾ വേണമെങ്കിലും പോകാം. കഅ്ബയുടെ അടുത്ത് പോയി ചെയ്യാമെന്നും ബഷീർ പറഞ്ഞു കൊടുത്തു. നസീറിന്റെ മാതൃ സഹോദരീ പുത്രനാണ് താജ് ബഷീർ. ഒരു സംവിധായകൻ കൂടി ആയ അദ്ദേഹത്തിന് നസീറുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നു.

നസീറിന്റെ നടക്കാതെ പോയ രണ്ടാമത്തെ ആ​ഗ്രഹം സിനിമ സംവിധാനം ചെയ്യണം എന്നതായിരുന്നു. ”അതിന് വേണ്ടി അദ്ദേഹം നടൻ മോഹൻലാലിനോട് ഡേറ്റ് ചോദിച്ചു. മോഹൻലാൽ കൊടുത്തു. മമ്മൂട്ടിയുടേത് കിട്ടിയതായി എനിക്ക് അറിവില്ല. അങ്കിളിന് വേണ്ടി പടം ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അത്രയേ എനിക്കറിയുകയുള്ളു. ഇതെല്ലാം പ്ലാൻ ചെയ്ത് വരികയായിരുന്നു. മരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല”- അദ്ദേഹം വ്യക്തമാക്കി.

നടൻ നസീറിന് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ആ​ഗ്രമുണ്ടായിരുന്നു, പക്ഷേ മോഹൻലാലിന് അതിൽ താൽപര്യമുണ്ടായിരുന്നില്ല എന്ന് കഴിഞ്ഞ ദിവസം ശ്രീനിവാസൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നസീർ സർ ഇങ്ങനെയൊരു പടം സംവിധാനം ചെയ്യാൻ പോകുന്നുണ്ട്, വയസ് കാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ എന്ന് മോഹൻലാൽ തന്നോട് ചോദിച്ചു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. പ്രേം നസീർ മരിക്കുമ്പോൾ അദ്ദേഹത്തിന് 60 വയസ് ആയിരുന്നു പ്രായം.