‘ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ കിട്ടിയില്ല’; ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ചിത്രങ്ങളെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുന്നു | Director Sibi Malayil | Malayalam Movie Dasaratham


വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ നിരവധി സമ്മാനിച്ച ഒരുപിടി ചിത്രങ്ങളുടെ സംവിധായകന്‍. സിബി മലയില്‍ എന്ന സംവിധായകനെ ഒറ്റവരിയില്‍ ഇങ്ങനെ അടയാളപ്പെടുത്താം. സംവിധാനം ചെയ്ത ഏതാണ്ട് എല്ലാ സിനിമകളും വലിയ പ്രേക്ഷക പ്രശംസ നേടിയ അപൂര്‍വ്വം സംവിധായകന്‍. സിബിയുടെ പേര് കേള്‍ക്കുമ്പോള്‍ ഏത് ചിത്രത്തെ കുറിച്ച് ആദ്യമോര്‍ക്കണം എന്ന് കണ്‍ഫ്യൂഷനിക്കുന്നവരാണ് സിനിമാ പ്രേമികള്‍.

മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ് സിബി മലയില്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തുടര്‍ന്ന് ഹാസ്യത്തിന്റെ മേമ്പൊടിയില്‍ സാമൂഹ്യ വിമര്‍ശനം നടത്തിയ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന 1987 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ശ്രദ്ധ നേടി. ചിത്രത്തിന് മികച്ച സാമൂഹ്യക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നീടിങ്ങോട്ട് കിരീടം, അതിന്റെ തുടര്‍ച്ചയായ ചെങ്കോല്‍, തനിയാവര്‍ത്തനം, സദയം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, എന്റെ വീട് അപ്പൂന്റേം എന്ന് തുടങ്ങി നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു സിബി.

എം.ടി.വാസുദേവന്‍ നായരുടെ തൂലികയില്‍ പിറന്ന സദയം എന്ന സൈക്കോ ഡ്രാമ ചിത്രത്തെ വെള്ളിത്തിരയില്‍ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ സിബി മലയില്‍ എന്ന സംവിധായകന് മാത്രമേ കഴിയൂ എന്ന് നിസ്സംശയം പറയാം. ഇന്നത്തെ പല സൈക്കോ ത്രില്ലര്‍ സിനിമകള്‍ക്കും എത്രയോ മുമ്പ് മലയാളികളുടെ സിരകളില്‍ ഭയം നിറച്ച ചിത്രമാണ് സദയം. ഇന്നും ഭീതിയോടെ അല്ലാതെ സദയത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിലെ മോഹന്‍ലാലിന്റെ ഭാവപ്പകര്‍ച്ച പ്രേക്ഷകര്‍ക്ക് ഓര്‍ക്കാനാകില്ല.


Also Read: ‘പൂവന്റെ സംവിധായകനെ അന്ന് ഞാന്‍ ഇടിച്ച് പഞ്ഞിക്കിട്ടതാണ്, എനിക്ക് ഇഷ്ടം പോലെ ഇടി കിട്ടാറുണ്ട്’; പുതിയ ചിത്രം പൂവന്റെ വിശേഷങ്ങളുമായി ആന്റണി പെപ്പെ


സിബി മലയില്‍ ഇപ്പോള്‍ മനസ് തുറക്കുകയാണ്. തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ ചിത്രങ്ങളെ കുറിച്ചാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സിബി പറയുന്നത്. പിറക്കാതെ പോയ ആ ചിത്രങ്ങള്‍ സിബിയുടെ മാത്രമല്ല, മലയാളികളുടെ മുഴുവന്‍ നഷ്ടമായാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ആഗ്രഹിച്ച പല പ്രൊജക്ടുകളും പല കാരണങ്ങളാല്‍ നടക്കാതെ പോയെന്ന് സിബി മലയില്‍ പറഞ്ഞു.

ചെയ്യണമെന്ന് ആഗ്രഹിച്ച് എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും ആര്‍ട്ടിസ്റ്റുകളുടെയോ മറ്റ് സഹപ്രവര്‍ത്തകരുടെയോ തീരുമാനങ്ങള്‍ കൊണ്ട് ചെയ്യാന്‍ പറ്റാതെ പോയ പ്രൊജക്ടുകള്‍ ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഉത്തരമായാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘അങ്ങനെ സംഭവിച്ചിട്ടുണ്ട്. ചില പ്രൊജക്ടുകള്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങി വരാത്തതിനാല്‍ സംഭവിക്കാതെ പോയിട്ടുണ്ട്. ലോഹിയേട്ടനൊപ്പം വര്‍ക്ക് ചെയ്ത സമയത്തൊക്കെ ചെയ്യണമെന്ന് ആലോചിച്ച ശേഷം ഉപേക്ഷിച്ച ചിത്രങ്ങളുണ്ട്.’ -സിബി മലയില്‍ പറഞ്ഞു.

സിബി മലയിൽ


നടക്കാതെ പോയ ഒരു രണ്ടാം ഭാഗത്തിന്റെ കഥയും സിബി തുടര്‍ന്ന് പ്രേക്ഷകരുമായി പങ്കുവച്ചു.

‘അടുത്തകാലത്ത് കൂടുതല്‍ ചര്‍ച്ചയായ വിഷയം ദശരഥത്തിന്റെ കാര്യമാണ്. ദശരഥത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ വേണ്ടിയുള്ള ചില ശ്രമങ്ങള്‍ ഉണ്ടായിരുന്നു. അതും സംഭവിച്ചില്ല. അതൊക്കെയാണ് നമുക്ക് നഷ്ടപ്പെട്ട് പോയ സിനിമകള്‍ എന്ന ഗണത്തില്‍ പെടുത്താവുന്നത്.’ -സിബി പറഞ്ഞു.

എന്തുകൊണ്ടാണ് ദശരഥത്തിന്റെ രണ്ടാംഭാഗം സംഭവിക്കാതിരുന്നത് എന്ന അവതാരകയുടെ ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അതൊക്കെ വലിയ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്ത കാര്യങ്ങളാണ്. അതുകൊണ്ട് ഇനി അതിനെ കുറിച്ച് കൂടുതല്‍ പറയാനില്ല എന്ന നിലപാടാണ് സംവിധായകന്‍ സ്വീകരിച്ചത്.


Hot News: ‘കൊന്നാലും ഈ വസ്ത്രം ഇടില്ല എന്ന് ഞാന്‍ തുറന്ന് പറഞ്ഞു, പക്ഷേ…’; ബിഗ് ബോസ് താരം ഡോ. റോബിനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഹണി റോസ്


താന്‍ ഏറെ ചെയ്യണമെന്ന് ആഗ്രഹിച്ചതും നഷ്ടബോധം ഉണ്ടാക്കിയതും ദശരഥത്തിന്റെ രണ്ടാം ഭാഗമാണ് എന്ന് കഴിഞ്ഞ വര്‍ഷം സിബി മലയില്‍ പറഞ്ഞിരുന്നു. ദശരഥത്തിന്റെ തുടര്‍ച്ചയായുള്ള കഥ എഴുതി പൂര്‍ത്തീകരിച്ചിരുന്നു. ദശരഥത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ പലരും കഥകളുമായി മുന്നില്‍ വന്നിരുന്നെങ്കിലും അതൊന്നും തന്നെ ഇംപ്രസ് ചെയ്തിരുന്നില്ല. മോഹന്‍ലാലിനെയും ഒരു കഥയും ഇംപ്രസ് ചെയ്തില്ല. പൂര്‍ണ്ണമായും താന്‍ ആഗ്രഹിച്ച തുടര്‍ച്ചയാണ് ഹേമന്ദ് കുമാര്‍ എഴുതിയത്. എന്നാല്‍ ഇതിന് മോഹന്‍ലാലിന്റെ പിന്തുണ കിട്ടിയില്ല എന്നും അന്ന് സിബി മലയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെട്ട വിവാദം ആയതിനാലാകാം സിബി മലയില്‍ ഇപ്പോള്‍ അതെ പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്തത് എന്നാണ് വിലയിരുത്തല്‍.

Content Highlights: Malayalam film director Sibi Malayil talks about the movie he wished to direct but failed to execute in an interview with youtube channel kaumudi movies.