Director Shibu Balan Shares Interesting Experience During Shooting of Kunchakko Boban Film | ‘ഷൂട്ടിങ്ങിനായി പൊട്ടിച്ച ബോംബ് നാട്ടുകാരെ നടുക്കി, ആളുകള്‍ ഓടിക്കൂടി’; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് അസോസിയേറ്റ് ഡയറക്ടര്‍
പ്രേക്ഷകരെ ഏറെ രസിപ്പിച്ച മലയാള ചലച്ചിത്രമാണ് കുഞ്ചാക്കോ ബോബന്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക. 2001 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും ടി.വിയില്‍ വന്നാല്‍ പ്രായഭേദമന്യെ മലയാളി പ്രേക്ഷകര്‍ കാണും. രസകരമായ ഒട്ടേറെ രംഗങ്ങളാല്‍ സമ്പന്നമായ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു ബാലന്‍.
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നിരവധി രംഗങ്ങള്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലുണ്ട്. ഇന്നസെന്റും ശ്രീനിവാസനും ജനാര്‍ദ്ദനനുമെല്ലാം ഒന്നിച്ചാല്‍ അവിടെ ചിരിയുടെ വെടിക്കെട്ട് ഉണ്ടാകുമെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. അത്തരത്തിലുള്ള രസകരമായ ഒന്നാണ് ഇന്നസെന്റിന്റെ കഥാപാത്രം കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ജയകാന്തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന രംഗം.

ഷിബു ബാലന്‍
‘മുല്ലപ്പെരിയാര്‍ അണക്കെട്ടീന്ന് നീ വെള്ളം മോഷ്ടിക്കും അല്ലേടാ’ എന്ന് ഇന്നസെന്റിന്റെ ജോണി വെള്ളിക്കാല പാര്‍ത്ഥിപന്‍ അവതരിപ്പിച്ച തമിഴ് കഥാപാത്രത്തോട് ചോദിക്കുന്നതൊക്കെ ചിരിയോടെ അല്ലാതെ നമുക്ക് ഓര്‍ക്കാനാകില്ല. ഈ രംഗത്തില്‍ ഒരിടത്ത് ബോംബ് എറിഞ്ഞ് പൊട്ടിക്കുന്ന ഒരു ഭാഗമുണ്ട്. ഇതിനെ കുറിച്ചുള്ള രസകരമായ അനുഭവമാണ് ഷിബു ബാലന്‍ പങ്കുവച്ചത്. സഫാരി ടി.വിയിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിനിമാ ഷൂട്ടിങ് കാണാനായി നിരവധി ആളുകള്‍ എത്തിയിരുന്നെങ്കിലും ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആളുകളുടെ കൗതുകം അവസാനിച്ചുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അങ്ങനെ ഷൂട്ടിങ് കാണാന്‍ നാട്ടുകാര്‍ ആരും ഇല്ലാത്ത സമയത്താണ് ഈ രംഗം ചിത്രീകരിച്ചത്. പ്രശസ്ത സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്ററും സംഘവുമാണ് പൊട്ടിക്കാനുള്ള കൃത്രിമ ബോംബ് ഒരുക്കിയത്.
കൃത്രിമ ബോംബാണെങ്കിലും ഉഗ്രശബ്ദത്തോടെയാണ് ബോംബ് പൊട്ടിയത്. സീന്‍ നന്നായി തന്നെ ചിത്രീകരിച്ചു. എന്നാല്‍ ബോംബ് പൊട്ടിയ ശബ്ദം നാട്ടുകാരായ ആളുകളെ നടുക്കി. ഷൂട്ടിങ് നടക്കുകയാണെന്ന് അറിയാമായിരുന്നെങ്കിലും സമീപവീടുകളിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് എന്തോ അപടമുണ്ടായി എന്ന് തെറ്റിദ്ധരിച്ച് സെറ്റിലേക്ക് ഓടിയെത്തി.
പെട്രോള്‍ ബോംബും കുഴിയില്‍ വച്ച് പൊട്ടിക്കുന്ന മറ്റൊരു ബോംബുമാണ് പൊട്ടിച്ചത്. അതിനാല്‍ തന്നെ വലിയ ശബ്ദവും പുകയും ഉണ്ടായിരുന്നു. സ്‌ഫോടനം നടന്ന ഉടനെ ആളുകള്‍ ഓടിക്കൂടി എന്ന് ഷിബു ബാലന്‍ ഓര്‍ത്തെടുക്കുന്നു. സെറ്റിലെത്തിയപ്പോഴാണ് ഇത് ഷൂട്ടിങ്ങിനായി പൊട്ടിച്ച ബോംബാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ബോംബിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ പിന്നീട് തങ്ങള്‍ക്കൊപ്പം കുറേ നേരം ചെലവഴിക്കുകയും ഷൂട്ടിങ്ങിനെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്ക് തങ്ങള്‍ക്കൊപ്പം സെറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് അവര്‍ പിരിഞ്ഞത് എന്നും അദ്ദേഹം ഓര്‍ക്കുന്നു.
1984 ല്‍ ഇറങ്ങിയ കളിയില്‍ അല്‍പ്പം കാര്യം എന്ന ചിത്രത്തിലൂടെയാണ് ഷിബു ബാലന്‍ സിനിമയിലെത്തിയത്. പിന്നീട് സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെ വിവിധ സംവിധായകര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയും സഹസംവിധായകനുമായി പ്രവര്‍ത്തിച്ചു. ഇതില്‍ ഇരുപതോളം ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാടിനൊപ്പമായിരുന്നു. 2003 ല്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി മായാമോഹിത ചന്ദ്രന്‍ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. നഗരവാരിധി നടുവില്‍ ഞാന്‍, ഒരൊന്നൊന്നര പ്രണയകഥ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Summary: Director Shibu Balan Shares Interesting Experience During Shooting of Kunchakko Boban – Sathyan Anthikkad -Sreenivasan Film Narendran Makan Jayakanthan Vaka.