”എത്രയും വേ​ഗം ഈ പയ്യൻമാരെ വേറെ വല്ല പണിക്കും പറഞ്ഞ് വിടുന്നതാണ് നല്ലത്, നടൻ എന്ന നിലയ്ക്ക് ഇവർ ഒരു നിലയ്ക്കും രക്ഷപ്പെടില്ല”; സുരേഷ് ​ഗോപിയുടെ മക്കളെക്കുറിച്ച് പ്രശസ്ത സംവിധായകൻ| Madhav Suresh Gopi| Gokul Suresh Gopi


നടനും രാജ്യസഭാം​ഗവുമായ സുരേഷ് ​ഗോപിയുടെ മക്കൾക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പ്രശസ്ത സംവിധായകൻ ശാന്തിവിള ദിനഷ്. അവരെ വേറെ വല്ല പണിക്കും പറഞ്ഞ് വിടുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അ​ദ്ദേഹം മനസ് തുറന്നത്.

സുരേഷ് ​ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷിന്റെ പുതിയ സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് വിവാദപരമായ പ്രസ്താവനയുമായി സംവിധായകൻ രം​ഗത്തെത്തുന്നത്. സുരേഷ് ​ഗോപിയെക്കൂടാതെ ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു, സുകുമാരൻ, എംജി സോമൻ തുടങ്ങിയവരുടെയെല്ലാം മക്കളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

”ശ്രീനിവാസന്റെ മക്കൾ എന്ത് കൊണ്ടാണ് രണ്ടും രണ്ട് വഴിക്ക് ആയത്. വിനീത് ശ്രീനിവാസൻ ഒരു പടം സംവിധാനം ചെയ്താൽ അത് പരമ ബോറ് സിനിമ ആണെങ്കിലും എങ്ങനെ പോയാലും ഒരു നാല്, അഞ്ച് കോടി രൂപ ലാഭം കിട്ടും. അത് അയാളുടെ കഴിവ് കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. എന്താ ഇളയ മകന് അത് ഇല്ലാത്തത്, അവൻ നടനും സംവിധായകനുമൊക്കെ ആണല്ലോ, ആവശ്യത്തിൽ കൂടുതൽ സംസാരിക്കുകയും ചെയ്യും.

എംജി സോമൻ മകനെ കൊണ്ട് വന്നു, ആ പയ്യൻ എവിടെ? കാണാൻ പോലും ഇല്ല. സുകുമാരൻ രണ്ട് മക്കളെ കൊണ്ടു വന്നു, രണ്ട് പേരും ഒന്നിനൊന്ന് മെച്ചമല്ലേ, മണിയൻ പിള്ള രാജുവിന്റെ മകൻ വന്നു, ഒരു ചലനവും ഉണ്ടാക്കിയില്ലല്ലോ. എന്നാൽ കുതിരവട്ടം പപ്പുവിന്റെ മകൻ വന്നു, ഭയങ്കരായിട്ട് ക്ലിക്ക് ആയില്ലേ, ഹരിശ്രീ അശോകന്റെ മകൻ വന്നു, ആളുകൾക്ക് ഭയങ്കര ഇഷ്ടമല്ലേ അവനെ.

സംവിധായകൻ ജോഷി സാറിന്റെ പടം കണ്ടു, പാപ്പാൻ. അതിൽ ആ പയ്യൻ (​ഗോ​കുൽ സുരേഷ്) എന്തിനാണെന്ന് പോലും എനിക്ക് സംശയം തോന്നി. ഞാൻ പറയുന്നത്, എത്രയും പെട്ടെന്ന് സുരേഷ് ​ഗോപി ആ കുട്ടികളെ എവിടെയെങ്കിലും ബിസിനസോ, അല്ലെങ്കിൽ വിദേശത്തൊക്കെ വിട്ട് എന്തെങ്കിലും ജോലിയോ വാങ്ങി കൊടുക്കുന്നതായിരിക്കും ബുദ്ധി. അല്ലാതെ നടൻ എന്ന നിലയ്ക്ക് ഇവർ ഒരു നിലയ്ക്കും രക്ഷപ്പെടില്ല”- ശാന്തിവിള ദിനേഷ് പറയുന്നു.

അതേസമയം, സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, ‘കുമ്മാട്ടിക്കളി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപി തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.