”ദിലീപ് നല്ലൊരു സൂത്രധാരനാണ്, സ്ക്രിപ്റ്റ് എടുത്ത് സ്വന്തം ടീമിനെക്കൊണ്ട് സ്റ്റഡി ചെയ്ത ശേഷം അതിൽ മാറ്റം വരുത്തിയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്”; മനസ് തുറന്ന് സംവിധായകൻ സമദ് മങ്കട| Dileep | Samad Mankada
ദിലീപിന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അദ്ദേഹം ഓരോ സിനിമകളെയും കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത സംവിധായകനും നിർമാതാവുമായ സമദ് മങ്കട. ദിലീപ് വളരെ നല്ലൊരു സൂത്രധാരനാണെന്നാണ് അദ്ദേഹം പറയുന്നത്. എങ്ങനെ സിനിമാ ലോകത്ത് പിടിച്ച് നിൽക്കാമെന്ന് നടന് അറിയാമെന്നും സമദ് പറയുന്നു.
”അഭിനയിക്കാൻ പോകുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എടുത്ത് വെച്ച് സ്വന്തം ടീമിനെക്കൊണ്ട് പഠനം നടത്തിയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. മറ്റ് നടൻമാർ ചെയ്യാത്ത കാര്യമാണിത്. ദിലീപ് നല്ല സൂത്രധാരനാണ് അല്ലെങ്കിൽ സൂത്രക്കാരനാണ്. അദ്ദേഹത്തിന് അറിയാം എങ്ങനെ പിടിച്ച് നിൽക്കണമെന്നുള്ളത്. സ്ക്രിപ്റ്റ് ലെവലിൽ നിന്ന് തന്നെ അദ്ദേഹം കാര്യങ്ങൾ ശ്രദ്ധിക്കും.
ദിലീപ് ചെയ്യുന്ന സിനിമയിൽ A ടൂ Z കാര്യങ്ങൾ ശ്രദ്ധിക്കും. സ്ക്രിപ്റ്റ് എടുത്ത് സ്വന്തം ടീമിനെക്കൊണ്ട് പഠിച്ച് പുള്ളിയുടെ പ്രാധാന്യം ഒട്ടും ചോരാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തുമായിരുന്നു. സ്ക്രിപ്റ്റ് നന്നാക്കിയെടുക്കുകയാണ് ചെയ്യുക. അതിൽ പുള്ളിയുടെ ചില കോൺട്രിബ്യൂഷൻസ് ഉണ്ടാകും. ആ പടം വിജയിക്കാൻ വേണ്ട എല്ലാ സംഭവങ്ങളും അതിൽ ചേർത്ത്, അതിന് വേണ്ടി മെനക്കെട്ട് സ്ക്രിപ്റ്റ് നന്നാക്കിയെടുക്കും.
ദിലീപിന് നല്ലൊരു ടീം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. വളരെ ജാഗ്രത പാലിച്ചു. പിന്നെ സിനിമാ മേഖലയിൽ പ്രൊഡക്ഷൻ ആണെങ്കിലും, എക്സിബിഷൻ, തിയേറ്റർ, മാർക്കറ്റിന്റെ കാര്യത്തിൽ ആണെങ്കിലും എല്ലാം മേഖലയിലും ദിലീപിന് ഒരു സംവിധാനമുണ്ടായിരുന്നു”- അദ്ദേഹം വ്യക്തമാക്കി.
മികച്ച മിമിക്രി കലാകാരനായിരുന്നു ദിലീപ് 1992ൽ കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് അഭിനയ രംഗത്തെത്തുന്നത്. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി.
മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. സൗണ്ട് തോമ, ശൃംഗാരവേലൻ, തിളക്കം, കല്യാണരാമൻ എന്നീ സിനിമകൾക്ക് വേണ്ടി ആദ്ദേഹം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഇതിനിടെ 2017 ഫെബ്രുവരി 17-ന് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട കേസിൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും തള്ളിപ്പോയി. ഒടുവിൽ ഒക്ടോബർ 3-ന് ഹൈക്കോടതിയിൽ നിന്ന് സോപാധിക ജാമ്യം നേടി.