Mohanlal | Mammootty | Director Paulson Interview | ‘ഞാനും മോഹന്‍ലാലും ഒന്നിച്ച് ഒരു മുറിയില്‍ ഉറങ്ങിയവര്‍, ചാന്‍സ് ചോദിച്ചിട്ടും തന്നില്ല’; മലയാളത്തിലെ പ്രമുഖ സംവിധായകന്‍ പറയുന്നു
മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തനിക്ക് അവസരം തന്നില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രംഗത്ത്. ഏറെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍ സംവിധാനം ചെയ്ത പോള്‍സണാണ് മോഹന്‍ലാലിനെതിരെ സംസാരിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നോക്കെത്താ ദൂരത്ത് എന്ന സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലും ഞാനും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. അന്ന് ഒന്നിച്ച് കിടന്നുറങ്ങിയവരാണെങ്കിലും ഒരു ചാന്‍സ് ചോദിച്ചപ്പോള്‍ അദ്ദേഹം എനിക്ക് തന്നില്ല.’ -പോള്‍സണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഒന്നിച്ച് താമസിച്ചിരുന്ന സമയത്ത് പഴയ താരങ്ങളുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തതിനെ കുറിച്ചും മറ്റും മോഹന്‍ലാല്‍ വിശേഷങ്ങള്‍ ചോദിക്കുമായിരുന്നുവെന്നും പോള്‍സണ്‍ ഓര്‍ക്കുന്നു. നസീര്‍ സാറിനെയൊക്കെ കണ്ട് പഠിക്കണം. അദ്ദേഹം കൃത്യസമയത്ത് ലൊക്കേഷനില്‍ വരും. എല്ലാവരുമായി മിംഗിള്‍ ചെയ്യും. അതൊക്കെയാണ് നസീര്‍ സാര്‍ ചെയ്തിരുന്നതെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.
‘നസീര്‍ സാറിനെ പോലെ ലൊക്കേഷനില്‍ വരുന്നതും കൃത്യനിഷ്ഠയുമൊക്കെ മോഹന്‍ലാല്‍ കൃത്യമായി പാലിക്കും. മമ്മൂട്ടി പാലിക്കുന്നില്ലെന്നല്ല.’-പോള്‍സണ്‍ പറഞ്ഞു.
മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങളുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു പോള്‍സണ്‍. മമ്മൂട്ടിയുമായി തുടക്കകാലത്ത് തനിക്കുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും പോള്‍സണ്‍ അഭിമുഖത്തില്‍ മനസ് തുറന്നു.
‘അന്ന് മമ്മൂട്ടിയുമായി എനിക്ക് സൗഹൃദമില്ല. പിന്നീടാണ് അദ്ദേഹവുമായി പരിചയപ്പെടുന്നതും പുള്ളിയുടെ സിനിമകളില്‍ വര്‍ക്ക് ചെയ്തതും. പാച്ചിക്കയുടെ സിനിമകളില്‍ നിന്നുമാണ് അവരുമായി ഞാന്‍ കണക്ഷന്‍ തുടങ്ങുന്നത്. ഒരു ഡേറ്റ് പറഞ്ഞാല്‍ ആ ഡേറ്റിന് തന്നെ വര്‍ക്ക് ചെയ്യുന്ന ആളാണ് മമ്മൂട്ടി.’ -അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
മോഹന്‍ലാല്‍ എല്ലാവരോടും ഒരുപോലെ സംസാരിച്ച് നടക്കുന്നയാളാണ്. മമ്മൂട്ടി പൊതുവേ സൈലന്റാണ്. ആവശ്യമില്ലാത്തതിന് സംസാരിക്കാതെ എവിടേലും ഇരിക്കുകയേ ചെയ്യുകയുള്ളു. മോഹന്‍ലാലിനോട് എന്തും പറയാം. പക്ഷേ മമ്മൂട്ടിയോട് പറയാന്‍ പോയാല്‍ മറുപടി എന്തായിരിക്കുമെന്ന് ഓര്‍ത്ത് പേടിക്കേണ്ടി വരും. ഇപ്പോഴും ആ പേടിയുണ്ട്.
ഇത്രയുമൊക്ക ബന്ധമുണ്ടെങ്കിലും അവരുമായി അടുക്കാന്‍ പോകാന്‍ ഇനി തനിക്ക് പറ്റില്ലെന്നും പോള്‍സന്‍ വ്യക്തമാക്കി. കാണുമ്പോള്‍ അത്രയും സ്‌നേഹത്തോടെയാണ് അവര്‍ പെരുമാറുന്നത്. പക്ഷേ ഇപ്പോള്‍ ചെന്നിട്ട് പഴയത് പോലെയൊന്നും സംസാരിക്കാന്‍ സാധിക്കില്ല. പണ്ട് നേരിട്ട് വിളിക്കുമ്പോള്‍ സംസാരിക്കുന്നത് അവരാണ്. ഇപ്പോള്‍ അവരെ വിളിച്ചാല്‍ കിട്ടില്ല. എന്റെ കൂടെ അസിസ്റ്റന്റ് ആയിരുന്ന ഇപ്പോള്‍ വലിയ സംവിധായകര്‍ ആയിരുന്നവരോട് പോലും ഞാന്‍ വിളിച്ച് സംസാരിക്കാറില്ല.
മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒരു പടം ചെയ്യണമെന്ന് കൊതിയുണ്ട്. ഒരിക്കല്‍ മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിങ്ങനെ മൂന്നാല് പേരുടെ സിനിമകള്‍ മാത്രമേ താന്‍ ചെയ്യുകയുള്ളു. പിന്നെ നോക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അന്നെനിക്ക് വിഷമം തോന്നി. ഒന്ന് ചോദിച്ച് നാണംക്കെട്ടു. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പോള്‍സന്‍ പറയുന്നു.
കിടിലോല്‍ക്കിടിലം, വിദേശി നായര്‍ സ്വദേശി നായര്‍, മക്കള്‍മാഹാത്മ്യം, സ്വന്തം മകള്‍ക്ക് സ്‌നേഹപൂര്‍വ്വം, കെ.എല്‍ 7/95 എറണാകുളം നോര്‍ത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പോള്‍സണ്‍.
Summary: Malayalam superstar Mohanlal didn’t give a chance says director Paulson. He also talks about the friendship he had with Mohanlal and Mammootty.