”എല്ലാ സിനിമയ്ക്കെതിരെയും കേസെടുക്കണം, സാഗർ ഏലിയാസ് ജാക്കിയിൽ കള്ളക്കടത്ത് വരെ നടത്തുന്നുണ്ട്”; പ്രതിഷേധവുമായി സംവിധായകൻ ഒമർ ലുലു| Omar Lulu| Nalla Samayam
ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രം ഡിസംബർ 30ന് തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങളും അത് പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളും ഉണ്ടായിരുന്നതിനെ തുടർന്നായിരുന്നു ഇത്. കഴിഞ്ഞ വെള്ളിയാഴ്ച സിനിമയ്ക്കെതിരെയുള്ള കേസ് പിൻവലിക്കുകയും വിലക്ക് മാറ്റുകയും ചെയ്തു.
കൂടാതെ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനും തീരുമാനമായി. സിനിമയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തത് ഈയടുത്ത ദിവസം റദ്ദാക്കിയ വിവരം ഒമർ ലുലു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംവിധായകൻ ഒമർ ലുലു ഒരു പ്രസ് മീറ്റിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.
ഇങ്ങനെ കേസ് എടുക്കുകയാണെങ്കിൽ എല്ലാ സിനിമകൾക്കെതിരെയും കേസ് എടുക്കേണ്ടി വരുമെന്നാണ് ഒമർ ലുലു പറയുന്നത്. ”സിനിമയിലെ ഏറ്റവും വലിയ പ്ലോട്ട് റിവഞ്ച് ഒക്കെയാണ്. അങ്ങനെയാണെങ്കിൽ പൊലീസുകാർ അതിനെതിരെ കേസ് എടുക്കണ്ടേ? നായകന്റെ അമ്മയെ കൊന്നു അല്ലെങ്കിൽ പെങ്ങളെ കൊന്നു, പിന്നെ നായകൻ തിരിച്ചു കൊല്ലുന്നു.
അങ്ങനെയാണെങ്കിൽ എല്ലാ സിനിമയ്‌ക്കെതിരെയും കേസ് എടുക്കണം. ഇപ്പോ സാഗർ ഏലിയാസ് ജാക്കി, കള്ളക്കടത്ത് നടത്തുന്നു, അതിനെതിരെ കേസ് എടുക്കണ്ടേ. സിനിമയെ സിനിമയായി കണ്ടാൽ മാത്രമേ നമുക്ക് എന്റർടെയ്ൻ ചെയ്ത് പോകാൻ പറ്റൂള്ളു. എം ഡി എം എയെ പ്രാത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ കാണിച്ചത്. ഇതിനു മുൻപും പല ചിത്രങ്ങളിലും ഇത് കാണിച്ചിട്ടുണ്ട്. ഭീഷ്മ, ലൂസിഫർ എന്നീ ചിത്രങ്ങളിലും കാണിച്ചു. എന്തുകൊണ്ട് അവർക്കെതിരെ കേസ് എടുത്തില്ല” ഒമർ ലുലു ചോദിക്കുന്നു.
‘ഒരു അഡാർ ലൗവി’നു ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് ‘നല്ല സമയം’. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് ഇർഷാദ് അലിയാണ്. കലണ്ടൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരകഥ ചിത്ര എസ് – ഒമർ ലുലു എന്നിവർ ചേർന്നാണ് ഒരുക്കിയത്. ഛായാഗ്രണം- സിനു സിദ്ധാർത്ഥ് നിർവ്വഹിച്ചു. എഡിറ്റിങ്ങ് നിർവ്വഹിച്ചത് രതിൻ രാധാകൃഷ്ണനാണ്.