”തെങ്കാശിപ്പട്ടണത്തിലെ പശുവിന്റെ വേഷത്തിൽ വരുന്ന സീനിൽ അഭിനയിച്ചത് യഥാർത്ഥത്തിൽ ദിലീപും സലിം കുമാറും അല്ല”, പിന്നെയോ…? സംവിധായകൻ മെക്കാർട്ടിൻ വെളിപ്പെടുത്തുന്നു| Thekasipattanam| Meccartin
സംവിധായകരായ റാഫിയും മെക്കാർട്ടിനും രണ്ടല്ല, ഒരു വ്യക്തിയാണെന്ന് വിചാരിച്ചിരുന്ന ചലച്ചിത്ര ആരാധകരുണ്ടായിരുന്നു കേരളത്തിൽ. ഇവരുടെ ഒത്തൊരുമയിൽ പിറന്ന മലയാള സിനിമകളെല്ലാം അത്രയ്ക്ക് ഹിറ്റായിരുന്നു. സിദ്ദിഖ്-ലാൽ മാരുടെ സഹസംവിധായകരായാണ് ഇവർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ഇവർ സ്വതന്ത്രരായി. പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരാകുന്നത്.
ഇപ്പോൾ സംവിധായകൻ റാഫി ക്യൂ സ്റ്റുഡിയോ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തന്റെ പഴയകാല സിനിമാ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ തെങ്കാശിപ്പട്ടണം സിനിമയുടെ ചിത്രീകരണ സമയത്തെ ചില പ്രധാനപ്പെട്ട സംഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. സിനിമയിൽ ദിലീപിന്റെയും സലിം കുമാറിന്റെയും കഥാപാത്രങ്ങൾ കാവ്യാ മാധവനെ കണ്ട് പിണക്കം മാറ്റാൻ പശുവിന്റെ വേഷത്തിൽ വരുന്ന ഒരു രംഗമുണ്ട്.
ആ രംഗത്തിൽ ശരിക്കും അഭിനയിച്ചത് പ്രസ്തുത നടൻമാരല്ല എന്നാണ് അദ്ദേഹം പറയുന്നത്. ”നല്ല വെയിറ്റ് ആയിരുന്നു ആ പശുവിന് അതിന്റെ ഭാരം സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല. അതുകൊണ്ട് ഫൈറ്റേഴ്സിനെ വെച്ചായിരുന്നു രംഗം ചിത്രീകരിച്ചത്. ദിലീപും സലീം കുമാറും പശുവിനെ വെച്ച് നടന്നിട്ടേയില്ല, എല്ലാം ഫൈറ്റേഴ്സ് ആണ്. നൂറ് ലിറ്റർ റബ്ബർ പാല് ഉപയോഗിച്ചാണ് ആർട് ഡയറക്ടർ ഗോപൻ തെങ്കാശിപ്പട്ടണത്തിലെ പശുവിനെ ഉണ്ടാക്കിയത്. അതിൽ സ്റ്റീൽ ഫ്രെയിം ചെയ്തു, എന്നിട്ട് അതിന്റെ പുറത്ത് പശുവിന്റെ സ്കിൻ ചെയ്യുകയായിരുന്നു”- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തെങ്കാശിപ്പട്ടണം എന്ന് പറഞ്ഞാൽ മനസിലേക്ക് ഓടിവരുന്ന സീനുകളിലെല്ലാം സലീം കുമാർ അവിഭാജ്യ ഘടകമാണ്. തമിഴ്നാട്ടിൽ വെച്ച് ചിത്രീകരിച്ച ഈ സിനിമയിൽ ഒരേയൊരു ദിവസത്തെ ഷൂട്ടിന് വേണ്ടിയായിരുന്നു സലിം കുമാറും മച്ചാൻ വർഗീസും എത്തുന്നത്. പിന്നീട് ഇന്ദ്രൻസിന് ചില അസൗകര്യങ്ങളുണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് സമയത്തിന് എത്താൻ കഴിഞ്ഞില്ല. അങ്ങനെ സലിം കുമാറിനോടും മച്ചാൻ വർഗീസിനോടും സെറ്റിൽ തുടരാൻ ആവശ്യപ്പെടുകയും അവർക്ക് വേണ്ടി സീനുകൾ ക്രിയേറ്റ് ചെയ്യുകയുമാണുണ്ടായത് എന്ന് മെക്കാർട്ടിൻ പറയുന്നു.
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2000ത്തിൽ പുറത്തിറങ്ങിയ മുഴുനീള കോമഡി ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. ഇന്നും ഇതിലെ പല രംഗങ്ങളും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, സലീം കുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും അക്കാലത്തെ ഹിറ്റായിരുന്നു.