‘ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പോലും അറിയാതെ ഇറങ്ങി വന്ന് ഞങ്ങള്‍ തമ്മില്‍ കണ്ടു, പ്രിയാമണിയെ എന്റെ കയ്യില്‍ നിന്ന് രണ്ട് തവണ മിസ്സായിപ്പോയി’; സംവിധായകന്‍ ലാല്‍ജോസിന്റെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാവുന്നു


മലയാളികളുടെ പ്രിയസംവിധായകനാണ് ലാല്‍ജോസ്. 1998 ല്‍ ആദ്യമായി പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് മുതല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംവിധാനജീവിതത്തില്‍ ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍, അറബിക്കഥ, മീശമാധവന്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് നമുക്ക് സമ്മാനിച്ചത്.

അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ചാന്തുപൊട്ട്. ദിലീപിന്റെ സ്‌ത്രൈണ സ്വഭാവമുള്ള വളരെ വ്യത്യസ്തമായ വേഷമാണ് ചാന്തുപൊട്ടില്‍ പ്രേക്ഷകര്‍ കണ്ടത്. ഗോപികയും ഭാവനയുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, രാജന്‍ പി. ദേവ്, ലാല്‍, മാള അരവിന്ദന്‍, സുകുമാരി, സലിംകുമാര്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. ബെന്നി പി. നായരമ്പലം രചിച്ച് ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചാന്തുപൊട്ടിനെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ലാല്‍ജോസ് ഇപ്പോള്‍. ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ട് തുടങ്ങിയതിനും ഒരു വര്‍ഷം മുമ്പേ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു ചാന്തുപൊട്ട് എന്നാണ് ലാല്‍ജോസ് പറയുന്നത്. കൂടാതെ ചാന്തുപൊട്ടിലേക്ക് നായികയായി ആദ്യം പരിഗണിച്ചത് പ്രിയാമണിയെയാണ് എന്നും അദ്ദേഹം ഓര്‍ക്കുന്നു.

‘ചാന്തുപൊട്ടിലേക്ക് ആദ്യം നായികയായി തീരുമാനിച്ചത് പ്രിയാമണിയെയാണ്. മദ്രാസിലുള്ള എന്റെ ഫ്‌ളാറ്റിലേക്ക് പ്രിയാമണി വരികയും ഞങ്ങളൊരുമിച്ച് ഇരുന്ന് സിനിമയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അന്ന് പ്രിയാമണി പനി പിടിച്ച് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഡോക്ടര്‍മാര്‍ പോലും അറിയാതെ പ്രിയാമണി ആശുപത്രിയില്‍ നിന്ന് ഇറങ്ങി വന്നാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്.’ -ലാല്‍ജോസ് പറഞ്ഞു.

‘ആ ചര്‍ച്ചയില്‍ ഞങ്ങള്‍ എല്ലാം തീരുമാനിച്ച് വച്ചു. പക്ഷേ ചാന്തുപൊട്ട് തുടങ്ങാന്‍ കുറച്ച് വൈകി. ആ സമയത്താണ് പൃഥ്വിരാജിന്റെ സത്യം എന്ന സിനിമയില്‍ പ്രിയാമണിക്ക് അവസരം കിട്ടി. ചാന്തുപൊട്ടില്‍ പ്രിയാമണി അഭിനയിക്കുമെന്ന് അന്ന് ഏതൊക്കെയോ മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവുമെല്ലാം വന്നിരുന്നു. അത് കണ്ട് മറ്റുള്ളവരൊക്കെ വിളിച്ചു.’

‘അങ്ങനെയാണ് പ്രിയാമണിയെ എന്റെ കയ്യില്‍ നിന്ന് മിസ് ആയിപ്പോയത്. അല്ലെങ്കില്‍ പ്രിയാമണിയുടെ ആദ്യസിനിമയാവുമായിരുന്നു ചാന്തുപൊട്ട്. ഗോപിക അഭിനയിച്ച കഥാപാത്രമായാണ് പ്രിയാമണിക്കായി വച്ചിരുന്നത്. അങ്ങനെ ഒരിക്കല്‍ പ്രിയാമണി എന്റെ കയ്യില്‍ നിന്നും മിസ്സ് ആയിപ്പോയി. പക്ഷേ ഈ സംഭവം ആവര്‍ത്തിച്ചു.’

‘രണ്ടാമത് പ്രിയാമണിയെ വിളിച്ചത് എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലേക്കാണ്. ആന്‍ അഗസ്റ്റിന് പകരം പ്രിയാമണി ആയിരുന്നു ആ ചിത്രത്തില്‍ വരേണ്ടിയിരുന്നത്. പ്രിയാമണിയെ തീരുമാനിച്ചു. എന്നാല്‍ പിന്നീട് അവരുടെ ഡേറ്റും സാലറിയും തുടങ്ങി പ്രൊഡക്ഷന്‍ വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായി. അങ്ങനെ വീണ്ടും പ്രിയാമണി കൈവിട്ട് പോയി ആന്‍ അഗസ്റ്റിനിലേക്ക് എത്തി.’ -ലാല്‍ജോസ് പറഞ്ഞു.

Content Highlights / English Summary: Director Lal Jose reveals how he lost hot actress Priyamani two times in his films.