”അവിടുത്തെ ഐസ്ക്രീം കാരൻ ഇവിടെ പാൽക്കാരൻ; ഈ മോഷണം അംഗീകരിക്കാനാവില്ല”; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ സംവിധായിക| halitha shameem| lijo jose pellissery| Mammootty
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കത്തിൻറെ മൌലികതയെ ചോദ്യം ചെയ്ത് തമിഴ് സംവിധായിക ഹലിത ഷമീം രംഗത്ത്. താൻ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിന്റെ നിരവധി സൗന്ദര്യാംശങ്ങൾ നിർദ്ദയമായി അടർത്തിയെടുത്തിരിക്കുകയാണ് നൻപകലിലെന്ന് ഹലിത ആരോപിക്കുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം.
സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ സംവിധായികയാണ് ഹലിത. താൻ 2021 ൽ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിലെ നിരവധി സൌന്ദര്യാംശങ്ങൾ നിർദ്ദയമായി അടർത്തിയെടുത്തിരിക്കുകയാണ് നൻപകലിലെന്ന് ഹലിത ആരോപിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവൻ കണ്ടപ്പോൾ മറ്റ് പല കാര്യങ്ങളും നൻപകലിൽ ആവർത്തിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും സംവിധായിക പറയുന്നു.
അതേസമയം, നൻപകൽ നേരത്ത് മയക്കത്തിനെതിരെ ഉയർന്ന മോഷണ ആരോപണത്തിൽ ഹലിത ഷമീമിനെ പിന്തുണച്ച് സംവിധായകൻ പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ല, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണാരോപണങ്ങളുണ്ടെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
‘ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്’,
‘ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്’, പ്രതാപ് ജോസഫ് കുറിച്ചു.
ഹലിത ഷമീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ
ഒരു സിനിമയിൽ നിന്ന് അതിൻറെ സൌന്ദര്യാനുഭൂതി മുഴുവൻ മോഷ്ഠിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങൾ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നൻപകൽ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നൽകുന്ന ഒന്നാണ്. ഞാൻ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൌന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. അവിടുത്തെ ഐസ്ക്രീംകാരൻ ഇവിടെ പാൽക്കാരനാണ്. അവിടെ ഒരു മോർച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യൻ ഓടുന്നുവെങ്കിൽ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാൻ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനൻ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങൾക്ക് സാക്ഷികളായ ആ വീടുകൾ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാൻ ഇതിൽ കണ്ടു. കഥ മുന്നോട്ട് പോകുമ്പോൾ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാൻ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എൻറെ ചിത്രത്തെ നിങ്ങൾക്ക് എഴുതിത്തള്ളാം. പക്ഷേ അതിൽ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടർത്തിയെടുത്താൽ ഞാൻ നിശബ്ദയായി ഇരിക്കില്ല.