‘ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല ‘, സൈബർ അക്രമികൾക്ക് അൽഫോൻസ് പുത്രന്റെ താക്കീത്. പ്രതിഷേധ സൂചകമായി ഫേസ് ബുക്ക് മുഖചിത്രവും നീക്കം ചെയ്തു
നേരം സിനിമയിലൂടെ നല്ല നേരം കൈവന്ന യുവസംവിധായകനാണ് അൽഫോൻസ് പുത്രൻ. നിവിൻ പോളി, നസ്രിയ ഫഹദ്, ബോബി സിംഹ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലുമായി അൽഫോൻസ് അണിയിച്ചൊരുക്കിയ നേരം മികച്ച ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായി മാറി. അൽഫോൻസ് എഴുതി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ പ്രേമം ആ വർഷത്തെ ബോക്സോഫീസ് ഹിറ്റായിരുന്നു. 4 കോടി മുതൽ മുടക്കി നിർമ്മിച്ച സിനിമ 60 കോടിയായിരുന്നു തിരിച്ച് പിടിച്ചത്. കൂടാതെ പ്രേമം യുവത്വത്തിനിടയിൽ വലിയ തരംഗമായി മാറുകയും വിവിധ ട്രെന്റുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. 2016 – ൽ പ്രേമം തെലുങ്കിലുമെടുത്തു. പ്രേമത്തിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായി. പ്രേമത്തോടെ അൽഫോൻസ് പുത്രൻ എന്ന പേര് യുവ സംവിധായകർക്കിടയിലെ വിശ്വാസനീയമായ ഒരു ബ്രാന്റായി തന്നെ മാറി. പിന്നീട് 2016 ൽ അവിയൽ ഒരു സ്വതന്ത്യ ആന്തോളജി സിനിമയും അദ്ദേഹം ചെയ്തിരുന്നു.
എന്നാൽ 2022-ൽ പൃഥ്വിരാജ് നയൻതാര എന്നീ സ്റ്റാർ വാല്യു ഉള്ള അഭിനേതാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് സംവിധാനം ചെയ്ത ഗോൾഡ് എന്ന സിനിമ കനത്ത പരാജയമാണ് നേരിട്ടത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനുമായിരുന്നു സിനിമയുടെ നിർമ്മാതാക്കൾ . വലിയ തോതിൽ പ്രമോഷണൽ പ്രവർത്തനങ്ങൾ നടത്തിയിട്ടും ചിത്രത്തിന് വിജയം കണ്ടെത്താനായില്ല. പ്രേക്ഷക പ്രതീക്ഷകളെ തെറ്റിച്ച സിനിമയ്ക്കും അതിന്റെ സംവിധായകനും നേരെ പിന്നീട് നടന്നത് അതിഭീകരമായ സൈബർ അറ്റാക്കുകളാണ്.
സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു കൊണ്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്ക് നേരെ വരുന്ന നിലവാരമില്ലാത്ത ട്രോളുകളും കമന്റുകളും കണ്ട് ശക്തമായ പ്രതികരണവുമായി അൽഫോൻസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പരാജയത്തിൽ ഇടറി വീണപ്പോൾ നോക്കി ചിരിച്ചവർക്കും കളിയാക്കിയവർക്കും അൽഫോൻസ് മറുപടി നൽകിയിരിക്കുന്നത് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്.
“നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്… അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം….
എന്റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്നയാളാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു….” എന്നാണ് തന്റെ ഫേസ് ബുക്ക് കുറിപ്പിൽ അൽഫോൻസ് വെട്ടിത്തുറന്ന് പറയുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലെ തന്റെ മുഖചിത്രവും അൽഫോൻസ് പുത്രൻ നീക്കം ചെയ്തിട്ടുണ്ട്. അൽഫോൻസിനെ പരിഹസിക്കുന്ന തരത്തിലും ആശ്വസിപ്പിക്കുന്ന രീതിയിലുമുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് കമന്റ് ബോക്സ് നിറയെ.