”ഇപ്പോഴാണെനിക്ക് കളി മനസിലായത്, ഒന്നുകൂടി ബി​ഗ് ബോസിൽ പോണം”; ഒരിക്കൽ ഒന്നാം സ്ഥാനത്തെത്തിയിട്ടും ഇനിയും ബി​ഗ് ബോസിൽ പോണമെന്ന് ദിൽഷ പ്രസന്നൻ| Dilsha Prasannan| Bigg Boss


നർത്തകിയും നടിയുമായ ദിൽഷ പ്രസന്നൻ ബി​ഗ് ബോസ് മലയാളത്തിലൂടെയാണ് പ്രശസ്തയായത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബി​ഗ് ബോസിന്റെ നാലാമത്തെ സീസണിലായിരുന്നു ദിൽഷ മത്സരിച്ചത്. ബി​ഗ് ബോസിലേക്ക് ഒന്നുകൂടെ വിളിച്ചാൽ പോകണമെന്നാണ് ദിൽഷ പറയുന്നത്. ഇപ്പോഴാണ് തനിക്ക് കളി മനസിലായത്, അതുകൊണ്ട് ഒന്നുകൂടെ പോകണം എന്നാണ് താരം പറയുന്നത്.

എന്നാൽ ഇത് കേട്ട് ദിൽഷയുടെ അമ്മ, കൊന്നാലും തന്റെ മോളെ ബി​ഗ് ബോസിലേക്ക് വിടില്ലെന്നും പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ”എനിക്ക് ബി​ഗ് ബോസ് ഹൗസിൽ ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ ആലോചിക്കുമ്പോൾ ഇനിയും അങ്ങോട്ട് പോകാൻ തോന്നും. പക്ഷേ ചില പ്രശ്നങ്ങളൊക്കെ ആലോചിക്കുമ്പോൾ എനിക്ക് പേടിയാ. ​ഗെയിം കളിക്കുന്നത്, സാറ്റർഡേ സൺഡേ ലാലേട്ടനെ കാണുന്നത് അതെല്ലാം എനിക്ക് ഇഷ്ടമാണ്. വീട്ടിൽ അത്യാവശ്യം ജോലികളൊക്കെ ചെയ്യുന്നത് കൊണ്ട് അവിടെ ഒറ്റക്ക് നിൽക്കുന്നതും പ്രശ്നമില്ല”- ദിൽഷ വ്യക്തമാക്കി.

ബി​ഗ് ബോസിൽ വന്നതിന് ശേഷം തനിക്ക് കേരളം മുഴുവനും ആരാധകരാണെന്നാണ് ദിൽഷ പറയുന്നത്. സൈബർ ആക്രമണത്തിൽ മനംനൊന്ത് ദിൽഷ ഒരിക്കൽ കരഞ്ഞ് കൊണ്ട് ലൈവിൽ വന്നിരുന്നു. അത് കണ്ട് തിരുവനന്തപുരത്തുള്ള ഒരു സ്ത്രീ താരത്തെ വിളിച്ച് കരയുകയുണ്ടായി, മാത്രമല്ല, അടുത്ത ദിവസം തന്നെ കടയിൽ പോയി ദിൽഷക്ക് അഞ്ച് പട്ടുസാരികൾ വാങ്ങി വെച്ചതായും പറയുന്നു.

ബി​ഗ് ബോസ് 1, 2, 3 ഇവയിൽ ഏതെങ്കിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഏതിലേക്കാണ് പോവുക എന്ന അവതാരകയുടെ ചോദ്യത്തിന്, താൻ ബി​ഗ് ബോസ് സീസൺ ഒന്നിലേക്ക് പോകുമെന്നാണ് ദിൽഷ പറഞ്ഞത്. ബി​ഗ് ബോസ് ഒന്നിലേക്ക് ദിൽഷയ്ക്ക് ക്ഷണം ലഭിച്ചതായിരുന്നു, പക്ഷേ അന്ന് സാഹചര്യം അനുകൂലമല്ലാത്തതിനാൽ അവസരം വേണ്ടെന്ന് വെച്ചു ദിൽഷ.

ഇതിനിടെ അടുത്ത ജൻമത്തിൽ ആരാകണമെന്ന് ചോദിച്ചപ്പോൾ ഒരു പട്ടി ആകണമെന്നാണ് ദിൽഷ പറഞ്ഞത്. തനിക്ക് പട്ടികളെ വലിയ ഇഷ്ടമാണെന്നും വീട്ടിൽ ഏഴ് പട്ടിക്കുഞ്ഞുങ്ങളുണ്ടെന്നുമാണ് താരം പറഞ്ഞത്. പ​ഗ് ഇനത്തിൽപ്പെട്ട നാല് കുഞ്ഞുങ്ങളും മൂന്ന് തെരുവ് നായ്ക്കളുമാണ് ദിൽഷയുടെ വീട്ടിലുള്ളത്.