‘രാധാകൃഷ്ണന്‍ ഒരു സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്, അതില്‍ അയാള്‍ക്കൊരു കുഞ്ഞുമുണ്ട്, അപ്പോള്‍ വിമര്‍ശനം എവിടെയാണ് നില്‍ക്കുന്നത്?’; ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്ററുകളെ പരിഹസിക്കുന്ന സിനിമയാണെന്ന വിമര്‍ശനത്തിനെതിരെ സംവിധായകന്‍ ലാല്‍ജോസ്
നടന്‍ ദിലീപ് വ്യത്യസ്തമായ വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ചാന്ത്‌പൊട്ട്. സ്‌ത്രൈണ സ്വഭാവമുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. സ്ത്രീകളുടെ ശരീരഭാഷയും സംസാരരീതിയുമെല്ലാം അല്‍പ്പം അതിഭാവുകത്വത്തോടെ അവതരിപ്പിച്ച ദിലീപിന് അന്ന് ഏറെ പ്രശംസ ലഭിച്ചിരുന്നു.
ഗോപിക, ഭാവന എന്നീ താരസുന്ദരികളാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, രാജന്‍ പി. ദേവ്, ലാല്‍, മാള അരവിന്ദന്‍, സുകുമാരി, സലിംകുമാര്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. ബെന്നി പി. നായരമ്പലം രചിച്ച് ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇറങ്ങിയ കാലത്ത് സ്വീകാര്യത ലഭിച്ച ചിത്രത്തിനെതിരെ കാലം കഴിയുന്തോറും വിമര്‍ശനങ്ങളും ഉണ്ടായി. അനുദിനം പുരോഗമിക്കുന്ന സിനിമാ പ്രേക്ഷകര്‍ചാന്തുപൊട്ട് എന്ന സിനിമ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ അപഹസിക്കുന്നതാണ് എന്ന വിമര്‍ശനം ഉന്നയിച്ചു. ട്രാന്‍സ്‌ജെന്റര്‍ കമ്യൂണിറ്റിയില്‍പെട്ടവരും അവര്‍ക്കായി നിലകൊള്ളുന്നവരുമെല്ലാമായി വലിയൊരു സമൂഹം തന്നെ ഈ വിമര്‍ശനം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.
താന്‍ ഏത് ജെന്റര്‍ ആണ് എന്ന് തുറന്ന് പറയുന്നതിന്റെ പേരില്‍ സമൂഹത്തിന്റെ പരിഹാസവും വിവേചനവും ചിലപ്പോഴെങ്കിലും ആക്രമണവുമെല്ലാം നേരിടുന്ന ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തെ പരിഹസിക്കുന്ന സിനിമ എടുത്തതിലൂടെ സംവിധായകന്‍ ലാല്‍ജോസും അക്കൂട്ടത്തിന്റെ ഭാഗമായി എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷമായ വിമര്‍ശനക്കുറിപ്പുകളാണ് ചാന്ത്‌പൊട്ടിനെതിരെ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ചാന്ത്‌പൊട്ട് എന്ന സിനിമ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ കളിയാക്കിക്കൊണ്ടുള്ള ചിത്രമല്ല എന്നാണ് സംവിധായകന്‍ ലാല്‍ജോസ് പറയുന്നത്. ചിത്രം ഇറങ്ങിയത് മുതലുള്ള സംഭവങ്ങളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. അടുത്തിടെ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
‘പെരുമാറ്റത്തില്‍ പെണ്‍കുട്ടികളോട് ഇണങ്ങുന്നതും പുരുഷന്മാരോട് അല്‍പ്പം അകല്‍ച്ചയുള്ളതുമായ ഒരാളാണ് രാധാകൃഷ്ണന്‍. ചെറുപ്പം മുതല്‍ പെണ്‍കുട്ടിയെ പോലെ നവളര്‍ത്തിയതിന്റെ ആത്മസംഘര്‍ഷം അയാളുടെ ഉള്ളിലുണ്ട്. അത്രയേ ഉള്ളൂ, അയാളൊരു ഗംഭീര പുരുഷനാണ്. അയാളെങ്ങനെ ട്രാന്‍സ്‌ജെന്ററാകും?’ ലാല്‍ജോസ് ചോദിക്കുന്നു.
‘ചാന്ത്‌പൊട്ടിലെ നായകനായ രാധ എന്ന രാധാകൃഷ്ണന്‍ ട്രാന്‍സ്‌ജെന്ററല്ല. അതിന്റെ പേരില്‍ ഞാനൊരുപാട് പഴി കേട്ടു. ചിത്രത്തില്‍ രാധാകൃഷ്ണന്‍ ഒരു സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്. അതില്‍ അയാള്‍ക്കൊരു കുഞ്ഞും ജനിക്കുന്നുണ്ട്. അപ്പോള്‍ വിമര്‍ശനം എവിടെയാണ് നില്‍ക്കുന്നത്?’
‘ചാന്ത്‌പൊട്ട് റിലീസ് ചെയ്ത സമയത്ത് എറണാകുളത്തുള്ള ട്രാന്‍സ്‌ജെന്റര്‍ കമ്യൂണിറ്റി എനിക്കൊരു സ്വീകരണം നല്‍കാനായി വിളിച്ചിരുന്നു. ഇത്രയും കാലം എന്തൊക്കെ വൃത്തികെട്ട പേരുകളാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഇപ്പോള്‍ ചാന്തുപൊട്ട് എന്നാണ് വിളിക്കുന്നത്. നല്ല പേരല്ലേ അത് എന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഇതുകൊണ്ടുണ്ടായ ബുദ്ധിമുട്ടിനെ പറ്റി കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞിരുന്നു.അടി കിട്ടിയാല്‍ നന്നാവുമെന്ന് പറഞ്ഞ് ആളുകള്‍ അയാളെ അടിക്കുമായിരുന്നത്രെ.’
‘കണ്‍വെര്‍ട്ട് ചെയ്ത അറിയപ്പെടുന്ന ഒരാളും അനുഭവം പങ്കുവച്ചിരുന്നു. അയാള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ചാന്തുപൊട്ട് ഇറങ്ങിയത്. അന്നെല്ലാവരും അയാളെ ചാന്തുപൊട്ടേ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. അന്ന് വലിയ സങ്കടം തോന്നിയെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അവരോട് മാപ്പ് പറഞ്ഞു. നമ്മള്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ലല്ലോ. ചാന്തുപൊട്ടില്‍ രാധാകൃഷ്ണന്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് പറഞ്ഞത്. അയാളെ പോലുള്ളവര്‍ നേരിടുന്ന ഒറ്റപ്പെടല്‍ അടക്കമുള്ള വിഷയങ്ങളാണ് അതില്‍ ചര്‍ച്ചയാക്കിയത്.’ -ലാല്‍ജോസ് പറഞ്ഞു നിര്‍ത്തി.
Content Highlights / English Summary: Director Lal Jose against criticisms against his Dileep starrer movie Chanthupottu.