”അതൊരു അഡാര്‍ ഐറ്റമാണ്, അധികം വൈകില്ല”; ആരാധകരെ ആവേശത്തിലാഴ്ത്തി മമ്മൂട്ടിയുടെ പ്രഖ്യാപനം


മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് 2017ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ബിലാല്‍. 2007ല്‍ റിലീസ് ചെയ്ത മമ്മൂട്ടി-അമല്‍ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ആയാണ് ബിലാല്‍ പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായ ബിഗ് ബിയും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ എന്ന കഥാപാത്രവും ഹിറ്റായിരുന്നു. മമ്മൂട്ടി ആധാകരുടെ ഏറ്റവും പ്രിയപ്പെട്ട മാസ് മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ് ബിലാല്‍.

ബിലാല്‍ എന്നുവരുമെന്നറിയാന്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തിരക്കഥ പൂര്‍ത്തിയാവാന്‍ സമയമെടുത്തതും കോവിഡ് പ്രതിസന്ധിയുമൊക്കെയാണ് ഈ ചിത്രം നീണ്ടുപോകാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. ഇതിനിടയില്‍ ചിത്രം ദുല്‍ഖറിനെവെച്ച് ഒരു സീരീസ് പോലെ പ്ലാന്‍ ചെയ്യുന്നുണ്ടെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

എന്തായാലും ഇത്തരം പ്രചരണങ്ങള്‍ക്ക് മമ്മൂട്ടി തന്ന മറുപടി ആരാധകര്‍ക്ക് ആശ്വാസമാണ്. ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് ബിലാല്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയത്.

” ബിലാല്‍ അണിയറയില്‍ അണിഞ്ഞൊരുങ്ങുകയാണ്. മറ്റു ചില ചിത്രങ്ങളുടെ തിരക്കില്‍ ആയിപ്പോയതുകൊണ്ടാണ് നീണ്ടുപോയത്. സ്‌ക്രിപ്‌റ്റൊക്കെ നന്നാക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം.” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അമല്‍ നീരദ് ഒരുക്കിയ ഭീഷ്മപര്‍വ്വം എന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി അത് മാറി. ഇതിനുശേഷം മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം. അത് പൂര്‍ത്തിയായാല്‍ ഉടന്‍ മമ്മൂട്ടി ചിത്രമമാണ് ബിലാലിന്റെ ജോലികളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.

മമ്മൂട്ടിക്കൊപ്പം മനോജ് കെ.ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, ഇന്നസെന്റ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങള്‍ വേഷമിട്ട ബിഗഗ് ബി ഫോര്‍ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ ആയിരുന്നു.