”പത്തുവര്‍ഷമെടുത്തു ചേട്ടനെന്റെ കഴിവ് തിരിച്ചറിയാന്‍, പുതിയ സിനിമയിലേക്കുള്ള അവസരത്തിന് ഒരു നിബന്ധനയുമുണ്ട്” വിനീത് ശ്രീനിവാസനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് മനസ് തുറന്ന് ധ്യാന്‍ | Dhyan Sreenivasan | Vineeth Sreenivasan | Thira


വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് വിനീതിന്റെ അനുജന്‍ കൂടിയായ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2013ലാണ് തിര പുറത്തിറങ്ങിയത്. ഇതിനുശേഷവും അഭിനയ രംഗത്ത് സജീവമാണ് ധ്യാന്‍. എന്നാല്‍ വിനീതിന്റെ സംവിധാനത്തില്‍ ധ്യാന്‍ അഭിനയിക്കുന്ന ഒരു ചിത്രം വന്നിരുന്നില്ല.

ധ്യാനിന്റെയും വിനീതിന്റെയും അഭിമുഖങ്ങളില്‍ പലതവണ ഉയര്‍ന്നകേട്ട ചോദ്യമാണിത്. എന്തുകൊണ്ട് ഈ കോമ്പോയില്‍ ഒരു ചിത്രം ഇത്രയും വൈകുന്നുവെന്നത്. ധ്യാനിന് യോജിച്ച വേഷങ്ങള്‍ എത്തിയാല്‍ തീര്‍ച്ചയായും അങ്ങനെയൊരു ചിത്രം വരുമെന്നാണ് വിനീത് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. താരത്തെ നോക്കിയല്ല, കഥാപാത്രത്തിന് അനുയോജ്യമായ താരങ്ങളെയാണ് തെരഞ്ഞെടുക്കുന്നതെന്നും വിനീത് പറഞ്ഞിരുന്നു.

എന്നാല്‍ പത്തുവര്‍ഷത്തിനുശേഷം അത്തരമൊരു ചിത്രം ഒരുങ്ങുകയാണെന്ന സൂചന നല്‍കിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

” ചേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനമുണ്ട്. കഴിഞ്ഞദിവസം ചേട്ടന്റെ മെസേജ് വന്നിരുന്നു. പത്തുവര്‍ഷം മുമ്പ് തിര. പത്താമത്തെ വര്‍ഷം, ഈ മാസം കഴിഞ്ഞയാഴ്ച ചേട്ടന്‍ എനിക്ക് മെസേജ് അയച്ചു. എന്റെ കഴിവ് മനസിലാക്കി, അങ്ങനെ നീ വീണ്ടും സെലക്ടഡ് എന്ന് പറഞ്ഞു.”

” എന്നിലെ നടനെ ആവശ്യമാണ് ആ സംവിധായകന്,” എന്ന രീതിയിലാണ് താന്‍ ഇതിനെ മനസിലാക്കുന്നതെന്നും ധ്യാന്‍ തമാശ രൂപേണ പറഞ്ഞു. ചിത്രത്തിനുവേണ്ടി വിനീത് ഒരു നിബന്ധന വെച്ചിട്ടുണ്ടെന്ന കാര്യവും ധ്യാന്‍ വെളിപ്പെടുത്തി. ‘ തടി കുറയ്ക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ചാലഞ്ചുണ്ട്. നല്ല പടങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യും’ എന്നാണ് ആ ചാലഞ്ചിനെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്.

തന്റെ സംവിധാനത്തില്‍ ഒരു ചിത്രം അടുത്തുതന്നെ ഒരുങ്ങുമെന്നും ധ്യാന്‍ വെളിപ്പെടുത്തി. അടുത്തതായി അഭിനയിക്കുന്ന രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിലേക്ക് നീങ്ങും. കൂടുതല്‍ കാര്യങ്ങള്‍ സിനിമ അനൗണ്‍സ് ചെയ്യുമ്പോള്‍ വെളിപ്പെടുത്തുമെന്നും ധ്യാന്‍ വ്യക്തമാക്കി.