”പുള്ളിയിപ്പോൾ എന്നെപ്പറ്റിയല്ലല്ലോ, ആവശ്യമില്ലാത്ത കാര്യങ്ങളല്ലേ പറയുന്നത്, പണ്ടെപ്പോഴോ ലാൽ സാർ അച്ഛനോട് വളരെ പേഴ്സൺ ആയിട്ട് പറഞ്ഞ കാര്യം ഇപ്പോൾ പറയേണ്ടതില്ല”-ധ്യാൻ ശ്രീനിവാസൻ| Dhyan Sreenivasan| Mohanlal


പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസൻ നടൻ മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശവും അതേക്കുറിച്ചുള്ള വിവാദങ്ങളും ഏകദേശം കെട്ടടങ്ങിയിട്ടേയുള്ളു ഇപ്പോൾ. ഇതിനിടെ അദ്ദേഹത്തിന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ പ്രസ്തുത വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ്. അച്ഛൻ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുകയാണ് എന്നാണ് ധ്യാൻ പറയുന്നത്.

അതേസമയം ടോക്സിക് കണ്ടന്റ് പ്രചരിക്കുന്ന മാധ്യമങ്ങളെക്കുറിച്ചും സംസാരിച്ചു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ വിഷുദിന സ്പെഷൽ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. നമ്മൾ എന്നും രാവിലെ വായിക്കുന്ന പത്രത്തിൽ ആദ്യ വാർത്ത തന്നെ പലപ്പോഴും ദുരന്തവുമായി ബന്ധപ്പെട്ടായിരിക്കും. അതുകൊണ്ട് നെ​ഗറ്റീവ് വാർത്തകൾ നമ്മളെ അറിയാതെ തന്നെ സ്വാദീനിക്കുന്നുണ്ട്. സ്വാഭാവികമായും ഇത് നെ​ഗറ്റീവ് കണ്ടന്റിനോട് താൽപര്യമുള്ള മാനസിക അവസ്ഥയിലേക്ക് നമ്മെ എത്തിക്കുമെന്നും അദ്ദേഹം പറയുന്നു.

രാവിലെ ഒരു മോശം വാർത്ത കണ്ടാൽ ചിലപ്പോൾ അന്നത്തെ ദിവസം മുഴുവൻ നമ്മൾ ചിലപ്പോൾ നെ​ഗറ്റീവ് ആകും. എന്നാൽ നെ​ഗറ്റീവ് കണ്ടന്റ് മാത്രം പ്രചരിപ്പിക്കുന്ന ഓൺലൈൻ മീഡിയകൾ ഇങ്ങനെയല്ല, അവർ മനുഷ്യരുടെ തീർത്തും വ്യക്തിപരമായ കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത് എന്നും ധ്യാൻ കുറ്റപ്പെടുത്തി. ധ്യാൻ ഒരു യാത്രയിൽ ആയിരിക്കുമ്പോഴാണ് തന്റെ അച്ഛനുമായി ബന്ധപ്പെട്ട വാർത്ത കാണുന്നത്.

”ഞാൻ ഒരു യാത്രയിൽ ആയിരിക്കുമ്പോഴാണ് ഈ വാർത്ത കാണുന്നത്. അച്ഛൻ ലാൽ സാറിനെ ഹിപ്പോക്രറ്റ് എന്ന് പറഞ്ഞു എന്ന വാർത്ത, ഇത് വായിക്കുന്ന എനിക്കാണ് പ്രശ്നം. എന്റെയൊരു ദിവസമാണ് അത് സ്പോയിൽ ചെയ്യുന്നത്. എന്തിന് ഇപ്പോൾ അങ്ങനെ പറഞ്ഞു? അങ്ങനെ പറയേണ്ട കാര്യമുണ്ടോ? പറഞ്ഞയാൾടെ ദിവസമല്ല എന്റെ ദിവസമാണ് പോകുന്നത്.

കാരണം നമ്മൾ അത്ര ഇഷ്ടപ്പെടുന്ന രണ്ടാൾക്കാരാണ്. അതിൽ ഒരാളങ്ങനെ പറയുന്ന സമയത്ത് നമ്മൾക്കാണതിൽ വിഷമം ഉണ്ടാകുന്നത്. കാരണം നമ്മൾ അത്രയും ഇഷ്ടപ്പെടുന്ന രണ്ടാൾക്കാർ ആയത് കൊണ്ടും. കഴിഞ്ഞ കുറച്ച് നാൾക്ക് മുന്നേ ഇവർ മഴവിൽ മനോരമയുടെ പരിപാടിക്ക് പോയപ്പോഴെടുത്ത ഫോട്ടോ അത്രയ്ക്ക് നല്ലതായിരുന്നു. ഫേസ്ബുക്ക് ഉപയോ​ഗിക്കാത്ത ഞാൻ അത് ലോ​ഗിൻ ചെയ്താണ് ഇവരുടെ ഫോട്ടോ ഷെയർ ചെയ്തത്.

പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ സംഭവം വരുമ്പോൾ അത് സത്യമല്ലാതായിക്കോട്ടേ എന്തുമായ്ക്കോട്ടേ. അച്ഛൻ കള്ളം പറയാറില്ല. പക്ഷേ ഇപ്പോൾ അത് പറയേണ്ട കാര്യമില്ലല്ലോ എന്ന് നമുക്ക് തോന്നിപ്പോകും. അച്ഛൻ അത് പറഞ്ഞതിനേക്കാളും അത് വായിക്കുന്ന നമുക്ക് കിട്ടുന്ന ഒരു ഫീലുണ്ടല്ലോ, അന്നത്തെ എന്റെ ദിവസം സ്പോയിൽ ആയി”- ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.