”ഒരു നടന്റെ മൂന്ന് പടങ്ങൾ നിരത്തി പൊട്ടി, എന്നിട്ടും ശമ്പളം കുറച്ചില്ല, എനിക്ക് എങ്ങനെ ഇത്രയും പടങ്ങൾ വരുന്നു എന്നതിൽ ആർക്കും സംശയം വേണ്ട”; ധ്യാൻ ശ്രീനിവാസൻ| Dhyan Sreenivasan| Renumeration


2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെയാണ് നടൻ ശ്രീനിവാസൻ പ്രേക്ഷകർക്ക് പരിചിതനാകുന്നത്. എന്നാൽ സിനിമകളിലൂടെയല്ല താൻ ചെയ്യുന്ന അഭിമുഖങ്ങളിലൂടെയാണ് നടൻ ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ധ്യാൻ ഒരിക്കൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പോയപ്പോൾ കുറെ വീട്ടമ്മമാർ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ധ്യാനിന്റെ അഭിമുഖങ്ങൾ തങ്ങൾക്ക് സ്ട്രസ് റിലീഫ് ആണെന്ന് പറഞ്ഞുവെന്നാണ് പറയുന്നത്.

നടനായ ഒരാൾ തന്റെ അഭിമുഖങ്ങളിലൂടെ മാത്രം ആളുകളെ സ്വാദീനിക്കുന്നു എന്നത് കൗതുകകരമായ കാര്യമാണ്. പണ്ട് മുതലേ താൻ കഥ പറയാൻ മിടുക്കനായിരുന്നു എന്നാണ് പറയുന്നത്. ഞാൻ എന്ത് പറയുന്നു എന്ന് ആലോചിക്കാറില്ല, എന്തെങ്കിലും മണ്ടത്തരം ആരെങ്കിലും പറഞ്ഞാൽ അതിനുള്ള മറുപടിയായാണ് താൻ ത​ഗ് പറയുന്നത് എന്നാണ് ധാൻ പറയുന്നത്. എഡിറ്റോറിയലിൽ അരുൺ മാധവനുമായി നടത്തിയ അഭിമുഖത്തിലാണ് ധ്യാൻ മനസ് തുറക്കുന്നത്.

തന്റെ വ്യക്തിജീവിതത്തിലെയും സിനിമാ ജീവിതത്തിലേയും അനുഭവങ്ങൾ യാതൊരു സങ്കോചവും കൂടാതെ വെട്ടിത്തുറന്ന് പറയുന്ന നടൻ കൂടിയാണ് ധ്യാൻ. ചലച്ചിത്ര മേഖലയിൽ ഇദ്ദേഹത്തെപ്പോലെ വേറെയാരും ഉണ്ടാകാൻ സാധ്യതയില്ല. സ്വന്തം മാർക്കറ്റ് വാല്യു കുറയുമ്പോൾ നടൻമാർ ശമ്പളം കുറയ്ക്കാൻ തയാറാകാത്തതിനെക്കുറിച്ച് ധ്യാൻ തുറന്ന് പറയുന്നു.

തനിക്ക് ശേഷം സിനിമയിലേക്ക് വന്ന പലരും തന്റെ ഇരട്ടിയുടെ ഇരട്ടി പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് ധ്യാൻ പറയുന്നത്. ”ഒരു നടന്റെ മൂന്നും നാലും സിനിമകൾ പരാജയപ്പെട്ടിട്ടും അദ്ദേഹം ഇപ്പോഴും കോടിക്കണക്കിന് രൂപയാണ് പ്രതിഫലം വാങ്ങുന്നത്. മാർക്കറ്റ് വാല്യു കുറയുമ്പോഴും ആരും പ്രതിഫലം കുറയ്ക്കുന്നില്ല.

ഇപ്പോൾ ഞാൻ തിരഞ്ഞെടുത്തല്ല സിനിമ ചെയ്യുന്നത്. ഞാനിപ്പോൾ 30, 32 സിനിമകൾ കമിറ്റ് ചെയ്തു. എനിക്ക് എങ്ങനെ ഇത്രയും സിനിമകൾ വരുന്നു എന്നതിൽ എല്ലാവർക്കും സംശയമുണ്ട്. ഞാൻ വളരെ ലിമിറ്റഡ് ബജറ്റിലാണ് സിനിമകളെല്ലാം ചെയ്യുന്നത്. എന്നുവെച്ചാൽ ലിമിറ്റഡ് ബജറ്റിൽ നിൽക്കുന്ന സിനിമകളാണ് ചെയ്യുന്നത്.

എത്ര നല്ല സിനിമയാണെന്ന് പറഞ്ഞാലും നാല് കോടിയുടെയും അഞ്ച് കോടിയുടെയും സിനിമ ഞാൻ ചെയ്യില്ല. കാരണം എനിക്ക് മാർക്കറ്റിൽ എത്ര വാല്യു ഉണ്ടെന്ന് എനിക്ക് കൃത്യമായിട്ട് അറിയാം. കഴിഞ്ഞ പ്രാവശ്യം ഇറങ്ങിയ എന്റെ സിനിമകളിൽ പലതും തിയേറ്ററുകളിൽ പരാജയമാണ്. പക്ഷേ അതെല്ലാം വിൽപ്പന നടന്നവയാണ്. ലാഭം കിട്ടിയ സിനിമകളാണ്. എനിക്ക് ശേഷം വന്ന പലരും എന്റെ ഇരട്ടിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നുണ്ട്. അവരുടെയൊക്കെ മാർക്കറ്റ് വാല്യു എന്റെ അത്രയേയുള്ളു. അതൊക്കെ അം​ഗീകരിച്ച് കൊടുക്കരുതെന്ന് ഞാൻ പറയില്ല. അവർ ഡിമാൻഡ് ചെയ്യുമ്പോൾ കൊടുക്കാൻ പ്രൊഡക്ഷൻ ഹൗസുണ്ടിവിടെ”- ധ്യാൻ വ്യക്തമാക്കി.

ചില നടൻമാർക്ക് മാത്രമാണ് ഇവിടെ ഫിക്സഡ് ബിസിനസ് ഉള്ളത്, താൻ അതിന്റെ താഴെ വരുന്ന നടനാണെന്നാണ് ധ്യാൻ പറയുന്നത്. അവരെ സംബന്ധിച്ച് വലിയ സിനിമകൾ ചെയ്യുന്നതായിരിക്കും ആ​ഗ്രഹമെന്നും നടൻ പറയുന്നു. ഒരു നടന്റെ മൂന്ന് സിനിമകൾ പൊട്ടി, പക്ഷേ അയാൾ ശമ്പളം കുറയ്ക്കുന്നില്ല. മൂന്ന് പടം പൊട്ടിയിട്ടും ശമ്പളം വാങ്ങുന്നത് മൂന്നരക്കോടി നാല് കോടിയാണ്. പക്ഷേ അയാളുടെ സാറ്റലൈറ്റ് വാല്യുവിലും ഡിജിറ്റൽ വാല്യുവിലും ഇടിവ് വന്നിട്ടുണ്ടാകും. അതുകൊണ്ട് മാർക്കറ്റ് ചെയ്യാനും ബുദ്ധിമുട്ട് നേരിടും. എന്നിട്ടും ആരും സാലറി കുറയ്ക്കില്ല, കൂട്ടുകയേയുള്ളൂവെന്ന് ധ്യാൻ പറയുന്നു.