”അച്ഛന്റെ കാലം കഴിഞ്ഞു, അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യില്ല” ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു| Dhyan Sreenivasan | Sreenivasan


ച്ഛന്‍ ശ്രീനിവാസന്റെയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റെയും ചുവടുപിടിച്ച് സിനിമയിലേക്കെത്തിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനെയും ചേട്ടനെയും പോലെ തന്നെ നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായി സ്വയം അടയാളപ്പെടുത്താന്‍ ധ്യാനിനും കഴിഞ്ഞിട്ടുണ്ട്.

വിനീതിന്റെ സംവിധാനത്തില്‍ താന്‍ അഭിനയിക്കുന്ന ഒരു ചിത്രം കൂടി വരുന്നുവെന്ന് കഴിഞ്ഞദിവസം ധ്യാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രം സംഭവിക്കില്ലയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധ്യാന്‍. ശ്രീനിവാസന്റെ പ്രായമാണ് ഇതിന് തടസമായി ധ്യാന്‍ പറയുന്ന കാര്യം. ഈ പ്രായത്തില്‍ ഈ കാലഘട്ടത്തിന്റെ കഥയെഴുതുകയെന്നത് ശ്രീനിവാസനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.

‘ അച്ഛന്റെ കാലം കഴിഞ്ഞു, പ്രായം ഒരു വലിയ ഘടകമാണ്. അച്ഛനെന്നോട് പണ്ട് പറയാറുണ്ട്, ഒരു പ്രായത്തില്‍ നമ്മള്‍ ചെയ്യുന്നതെല്ലാം നന്നായി വരും. ആ ഒരു കാലഘട്ടമാണ്. അച്ഛന്റെ ആ കാലം കഴിഞ്ഞു. ഇപ്പോള്‍ പുള്ളിയെക്കൊണ്ട് ഒരു സിനിമ ചെയ്യുകയെന്നത് വലിയ സ്‌ട്രെയിനും എഫേര്‍ട്ടും സ്ട്രസുമൊക്കെയാണ്.’ ധ്യാന്‍ പറയുന്നു.

ശ്രീനിവാസന് ഇപ്പോള്‍ റിട്ടയര്‍മെന്റിന്റെ സമയമാണ്. ഈ സമയത്ത് അദ്ദേഹത്തെ കൊണ്ടുപോയി കഥയെഴുതണമെന്ന് ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും താരം വ്യക്തമാക്കി.

”ഇപ്പോഴുള്ള കാലഘട്ടത്തില്‍ ഒരു സിനിമ ചെയ്യുകയെന്നത് അദ്ദേഹത്തെപ്പോലെ പ്രായമുള്ളവരെ സംബന്ധിച്ച് ഒരുപാട് റിസര്‍ച്ചും മറ്റും നടത്തി ചെയ്യേണ്ട കാര്യമാണ്. കാരണം ഈ കാലഘട്ടത്തില്‍ ഒരു ആണും പെണ്ണും സംസാരിക്കുന്നതെങ്ങനെ എന്നൊന്നും അവര്‍ക്ക് അറിയില്ല. അച്ഛന് മാത്രമല്ല, തനിക്കുവരെ ഈ കാലഘട്ടത്തില്‍ പതിനെട്ട് വയസായ ഒരു ആണിനും പെണ്ണിനും ഇടയിലെ സംസാരങ്ങള്‍ എങ്ങനെയാണെന്ന് കൃത്യമായി അറിയില്ല. സൗഹൃദങ്ങളിലൂടെയും കൂട്ടുകാരുടെ അനിയന്‍മാരുടെ സംസാരങ്ങളിലും കണ്ടിട്ടുള്ളതുകൊണ്ട് കുറച്ചൊക്കെ മനസിലാവുമെന്ന് മാത്രം.” എന്നാല്‍ പോലും ഇന്നത്തെ ജനറേഷന്റെ ലവ് സ്‌റ്റോറി എഴുതുകയെന്നത് പെട്ടെന്നൊന്നും എന്നെപ്പോലുള്ളവര്‍ക്ക് നടക്കില്ലെന്നും ധ്യാന്‍ പറഞ്ഞു.