‘നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സാമൂഹികഭ്രഷ്ടും സദാചാരവിലക്കും ജീവന് ഭീഷണിയും നേരിടേണ്ടി വന്ന നിലമ്പൂര്‍ ആയിഷയെ സിനിമയില്‍ കണ്ടില്ല, നാട്ടുകാര്‍ക്കു മുഴുവന്‍ പ്രിയങ്കരിയായ ആയിഷയെ മാത്രമേ സിനിമയില്‍ കാണിക്കുന്നുള്ളൂ’; മഞ്ജു വാര്യർ ചിത്രം ആയിഷയെ കുറിച്ച് ദീപാ നിശാന്ത് പറയുന്നു


മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആയിഷ. നിലമ്പൂര്‍ ആയിഷ എന്ന അഭിനേത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

ഗൾഫ് രാജ്യങ്ങളിലാണ് ആയിഷ പൂര്‍ണ്ണമായി ചിത്രീകരിച്ചത്. പുറംരാജ്യങ്ങളിലുള്ളവരാണ് ചിത്രത്തില്‍ അഭിനയിച്ചവരില്‍ ഏറെയും. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത് സൂപ്പര്‍ താരം പ്രഭുദേവയാണ്. വിപ്ലവകാരിയായ കലാകാരി നിലമ്പൂര്‍ ആയിഷയ്ക്കുള്ള ആദരമാണ് ഈ ചിത്രമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

ചിത്രത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപികയായ ദീപാ നിശാന്ത്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ഊഷ്മളമായ ഹൃദയബന്ധത്തിന്റെ കഥ എന്നാണ് ആയിഷയെ കുറിച്ച് ഒറ്റ വാചകത്തില്‍ പറയാന്‍ കഴിയുക എന്ന് ദീപ നിശാന്ത് പറഞ്ഞു. നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സാമൂഹികഭ്രഷ്ടും സദാചാരവിലക്കും ജീവന് ഭീഷണിയും നേരിടേണ്ടി വന്ന നിലമ്പൂര്‍ ആയിഷയെ സിനിമയില്‍ കണ്ടില്ലെന്നും നാട്ടുകാര്‍ക്കു മുഴുവന്‍ പ്രിയങ്കരിയായ ആയിഷയെ മാത്രമേ സിനിമയില്‍ കാണിക്കുന്നുള്ളൂവെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

ആയിഷയെക്കുറിച്ച് ഒറ്റവാചകത്തിൽ പറയാൻ പറഞ്ഞാൽ ‘രണ്ടു സ്ത്രീകൾ തമ്മിലുള്ള ഊഷ്മളമായൊരു ഹൃദയബന്ധത്തിൻ്റെ കഥ’ എന്നു പറയും..
ആയിഷയും മാമ്മയും..
പതിമൂന്നാം വയസ്സിൽ വിവാഹം കഴിപ്പിച്ചയക്കപ്പെട്ട് കേവലം 5 ദിവസം കൊണ്ട് ആ ദാമ്പത്യം സ്വയം അവസാനിപ്പിച്ച് മടങ്ങി കരുത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയ ഒരു സ്ത്രീ. ദാമ്പത്യത്തിൻ്റെ സുന്ദരസുരഭിലമായൊരു വസന്തകാലസ്മരണയിൽ മുന്നോട്ടു പോകുന്ന മറ്റൊരു സ്ത്രീ…രണ്ടു രാജ്യം.. രണ്ടു സംസ്കാരം… രണ്ടു ജീവിതം.. അവർ പരസ്പരം കണ്ടുമുട്ടുന്നു.അനിർവചനീയമാം വിധം ആഴത്തിൽ തമ്മിലടുക്കുന്നു. ആ രണ്ടു സ്ത്രീകളും പലപ്പോഴും കണ്ണുകളെ ഈറനാക്കി.. ഹൃദയത്തെ ആർദ്രമാക്കി.പ്രത്യേകിച്ചും’ മാമ്മ’ എന്ന സ്ത്രീക്കു പകരം മറ്റൊരാളെ സങ്കൽപ്പിക്കാനാവാത്തവിധം ആ റോൾ അവർ ഉജ്ജ്വലമാക്കി.
രോഗത്തെ, രോഗിയെ, വാർദ്ധക്യത്തെ നമ്മൾ പരിചരിക്കുന്ന രീതിയോട് സൗമ്യമായി സിനിമ കലഹിക്കുന്നുണ്ട്. പരിഗണനയുടെ അമിതഭാരമോ അവഗണനയുടെ പരകോടിയോ അല്ല വാർദ്ധക്യം ആഗ്രഹിക്കുന്നതെന്ന് സന്ദേശത്തിൻ്റെ ക്യാപ്സൂളുകൾ ഡയലോഗുകളായി നൽകാതെ തന്നെ സിനിമ ബോധ്യപ്പെടുത്തുന്നുണ്ട്.തിരുത്തലുകൾക്ക് പ്രേരിപ്പിക്കുന്നുണ്ട്. സിനിമയുടെ ആ പരിചരണരീതി ഏറെ ഇഷ്ടപ്പെട്ടു.


സാമൂഹികതുല്യതക്കും പദവിക്കും വേണ്ടി പോരാട്ടം നടത്തുമ്പോഴും കെ പി എ സി എന്ന് പറഞ്ഞ് പലപ്പോഴും രോമാഞ്ചം കൊള്ളുമ്പോഴും നാടകത്തിലെ സ്ത്രീക്ക് സിനിമയുടെ പൗരത്വരജിസ്റ്ററിൽ ഇതുവരെ കൃത്യമായ ഇടം ലഭിച്ചിരുന്നില്ല.’അരങ്ങിലെ സ്ത്രീ’ നമുക്കിപ്പോഴുമൊരു ക്ലീഷേ ഗവേഷണ വിഷയം മാത്രമായി ഒതുങ്ങുമ്പോൾ നിലമ്പൂർ ആയിഷ എന്ന പോരാളിയായ നാടകനടിയുടെ ജീവിതം ഓർക്കാൻ കാണിച്ച മനസ്സിന് കയ്യടി..
എല്ലാവരും സിനിമ കാണണം. മനോഹരമായൊരു സിനിമയാണ്.
ഒരു ബയോപിക് എന്ന നിലയിൽ ‘ആയിഷ’ എന്ന സിനിമയെ വിലയിരുത്തുമ്പോൾ നിലമ്പൂർ ആയിഷ എന്ന ഉജ്ജ്വലകലാകാരിയുടെ സാംസ്കാരിക രാഷ്ട്രീയ ഇടപെടലുകൾക്ക് അർഹിക്കുന്ന പ്രാധാന്യം സിനിമയിൽ നൽകിയില്ല എന്ന വിമർശനമുണ്ട്.തൊടാൻ അൽപ്പമൊന്ന് പേടിക്കേണ്ട, തൊട്ടാൽ ചിലപ്പോ കൈ പൊള്ളിയേക്കാവുന്ന ഏടുകൾ ആ ധീരജീവിതത്തിലുണ്ട്. സിനിമയിൽ അതിനല്ല പ്രാധാന്യം കൊടുത്തിട്ടുള്ളതെങ്കിലും നിലമ്പൂർ ആയിഷയെ അടയാളപ്പെടുത്തുമ്പോൾ അവരുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾക്കും വലിയ പ്രാധാന്യമുണ്ട്.
പൊതുയോഗങ്ങളിൽ ജന്മിത്വത്തിനും മതതീവ്രവാദത്തിനുമെതിരെ സംസാരിച്ച ആയിഷയെ അടയാളപ്പെടുത്തിയാൽ കൈയൽപ്പം പൊള്ളും. സിനിമയിൽ പരിസ്ഥിതിസമരപ്പന്തലിലെ സാന്നിധ്യമായി മാത്രം അവരുടെ സാംസ്കാരിക ഇടപെടലിനെ ചുരുക്കിയതായിത്തന്നെ തോന്നി.
മലയാളനാടകത്തിൻ്റെ പ്രാരംഭചരിത്രത്തിലെ അരങ്ങിലെ സ്ത്രീ ജീവിതവും , അന്നത്തെ കേരളീയ സമൂഹത്തിൽ ഒരു മുസ്ലീം സ്ത്രീയുടെ ധീരോജ്ജ്വലമായ സാമൂഹിക ഇടപെടലും ഒന്ന് സ്പർശിച്ചെങ്കിലും കടന്നു പോകാമായിരുന്നു.
നാട്ടുകാർക്കു മുഴുവൻ പ്രിയങ്കരിയായ ആയിഷയെ മാത്രമേ സിനിമയിൽ കാണിക്കുന്നുള്ളൂ..നാടകത്തിലഭിനയിച്ചതിൻ്റെ പേരിൽ സാമൂഹികഭ്രഷ്ടും സദാചാരവിലക്കും ജീവനു തന്നെ ഭീഷണിയും നേരിടേണ്ടി വന്ന നിലമ്പൂർ ആയിഷയെ സിനിമയിൽ കണ്ടതേയില്ല.

” ഞങ്ങൾക്ക് എല്ലാം പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു. ഞങ്ങൾ വെയിലത്ത് റോഡിലൂടെ നടന്നു പാടി.തലയിൽ ഹാർമോണിയവും തബലയും ചുമന്ന് മലപ്പുറത്തേക്ക് കാൽനടയായാണ് പോക്ക്. മുദ്രാവാക്യം വിളിച്ച്.നാടകം കളിച്ചാലും തുച്ഛമായ കാശാണ് കിട്ടുക. ഞങ്ങൾ നാടകം കളിച്ചു കിട്ടുന്ന കാശ് പാർട്ടിക്കു കൊടുക്കും.ഇതിൽ ഞങ്ങൾ തൃപ്തരായിരുന്നു.. ” ( ജീവിതത്തിൻ്റെ അരങ്ങ് – നിലമ്പൂർ ആയിഷയുടെ ആത്മകഥ )
ദാരിദ്ര്യവും കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നുണ്ടായ ആന്തരികസംഘർഷവുമൊക്കെയാണ് നിലമ്പൂർ ആയിഷയെ ഗദ്ദാമയാക്കിയത്.ദീർഘകാലത്തെ പ്രവാസജീവിതം അവർ തെരഞ്ഞെടുത്തതിനു പിന്നിൽ പല തിക്താനുഭവങ്ങളുമുണ്ട്.
ആണധികാരത്തിൻ്റെ പ്രത്യയശാസ്ത്രപരിചരണങ്ങളിൽ നിന്നും കുതറി പുറത്തേക്കോടുന്ന നിലമ്പൂർ ആയിഷയെ സ്ക്രീനിൽ കണ്ടില്ല.പൊതുവേദിയിൽ സഹനടന്മാരോടൊപ്പം ആടുകയും പാടുകയും ചെയ്യുന്ന സ്ത്രീയെ അഭിസാരികയായി മുദ്രകുത്തുന്ന ഒരു കാലത്താണ് നിലമ്പൂർ ആയിഷ പൊരുതി മുന്നേറിയത്.
അഭിനയം അവർക്ക് സാമൂഹിക രാഷ്ട്രീയ പോരാട്ടം തന്നെയായിരുന്നു. ആ ബോധ്യമുള്ള ഒരു സ്ത്രീയാണ് അവരിപ്പോഴും. അതുകൊണ്ടാണ് സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ സ്ക്രീനിലവതരിപ്പിച്ച മഞ്ജു വാര്യരെപ്പറ്റി ചോദിച്ചപ്പോൾ ഈ എൺപത്തിയാറാം വയസ്സിലും വിരൽ ചൂണ്ടിക്കൊണ്ട് ഒട്ടും പതറാതെ നിർഭയം അവരിങ്ങനെ മറുപടി പറയുന്നത്:
“മഞ്ജുവാര്യരോട് എനിക്കിപ്പോ വളരെയധികം സ്നേഹം തോന്നാണ്.. അത്രത്തോളം ഗതി കെട്ടിരുന്നു അവള്..അവളെ ചവിട്ടിത്തേച്ച ആ മുഖങ്ങളൊക്കെ ഒന്ന് കരുതീട്ട്ണ്ടാവും ഇപ്പോ…. ‘ദാ ഞാനാണിത്’ എന്നവള് തെളിയിച്ചില്ലേ.. ആ ! അതാണ് മഞ്ജു… അതാണ് മഞ്ജു !”
അതാണ് നിലമ്പൂർ ആയിഷ !


 


English Summary / Content Highlights: Deepa Nishanth facebook post about Manju Warrier film Ayisha