”അവള്‍ക്ക് വേണ്ടി ട്യൂഷന് പോയി, പുറത്തൊരുത്തന്‍ ഹോണടിക്കുന്നില്ലേ അവന്‍ നടുതെരുവില്‍ കൂത്താടും”! ഞാനിന്ന് കൂത്താടാത്ത തെരുവേയില്ലെന്ന് ധനുഷ്| Dhanush| Vaathi|
കഥാപാത്ര വൈവിദ്ധ്യം കൊണ്ട് തമിഴ് സിനിമയിലെ താരനിരയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ധനുഷ്. ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ ഓരോ വർഷവും തേടിയെത്താറുള്ളത്. ധനുഷ് അധ്യാപക വേഷത്തിലെത്തുന്ന ‘വാത്തി’ ഈ വർഷം അദ്ദേഹത്തിന്റെ ആദ്യ റിലീസാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ധനുഷ് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
താൻ പണ്ട് ട്യൂഷൻ പഠിക്കാൻ പോയപ്പോഴുണ്ടായ രസകരമായ അനുഭവമായിരുന്നു ധനുഷ് പങ്കുവെച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ധനുഷ് പ്രൈവറ്റ് ട്യൂഷന് ചേർന്നു. പഠിക്കണം എന്നല്ല കാമുകിയുമായി കൂടുതൽ സമയം ചിലവഴിക്കാനായിരുന്നു അത്. ആ ട്യൂഷൻ ടീച്ചർ എന്നോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു, എനിക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. ലജ്ജ തോന്നിയ ധനുഷ് പിന്നീട് ട്യൂഷൻ പറനം നിർത്തി തന്റെ കാമുകിക്കായി ട്യൂഷൻ ക്ലാസിന് പുറത്ത് കാത്തിരിക്കാൻ തുടങ്ങി.
പുറത്ത് താനുണ്ടെന്ന് അറിയിക്കാൻ വേണ്ടി ധനുഷ് തന്റെ യമഹയുടെ മോട്ടോർ സൈക്കിളിന്റെ പ്രത്യേക ഹോൺ മുഴക്കി ശബ്ദമുണ്ടാക്കുമായിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഈ ഹോൺ അടിക്കുന്നത് അകത്തിരിക്കുന്ന ആർക്കോ ഉള്ള സിഗ്നൽ ആണെന്ന് അധ്യാപകന് മനസിലായി.

Dhanush at the Filmfare Awards South 2017 Press Meet
അന്ന് ട്യൂഷൻ ടീച്ചർ മറ്റ് വിദ്യാർത്ഥികളോട് പറഞ്ഞു, ‘നിങ്ങൾ എങ്ങനെയെങ്കിലും പഠിച്ച് പരീക്ഷ പാസായി ഒരാളായി മാറും, പക്ഷേ, പുറത്ത് ബഹളം വയ്ക്കുന്നയാൾ തീർച്ചയായും തെരുവിന്റെ നടുവിൽ നൃത്തം ചെയ്യും, അദ്ദേഹം പറഞ്ഞതുപോലെ, ഞാൻ നൃത്തം ചെയ്യാത്ത ഒരു തെരുവ് പോലും തമിഴ് നാട്ടിൽ ഇന്നില്ല. ഇന്നെനിക്കതിന് ഒരു വിഷമവുമില്ല. ഞാൻ ഒരു രാജാവിനെപ്പോലെയാണ് ജീവിക്കുന്നത്, ധനുഷ് അഭിമാനത്തോടെ പറഞ്ഞു.
ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തുന്ന വാത്തിയുടെ ടീസറും ട്രെയിലറുമൊക്കെ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ചിത്രമായിരിക്കും ‘വാത്തി’യെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബാലമുരുകൻ എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ഈ തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളി താരം സംയുക്തയാണ്. സായ് കുമാർ, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഇളവരസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിതാര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ എസ്. നാഗവംശി, സായി സൗജന്യ എന്നിവർ ചേർന്നാണ് വാത്തിയുടെ നിർമാണം. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ആദിത്യ മ്യൂസിക്കാണ്.