‘കലാഭവന്‍ മണിയുടെ കൂടെ ഡാന്‍സ് കളിക്കാന്‍ കറുത്ത നിറമുള്ളവര്‍ മതി, ഗ്ലാമറുള്ളവര്‍ വേണ്ടെന്ന് പറഞ്ഞു, ഒരുപാട് പേര് ദുരുപയോഗം ചെയ്യുന്ന മേഖലയാണ് സിനിമയിലെ ഡാന്‍സേഴ്‌സിന്റെത്’; സിനിമയിലെ ഡാന്‍സേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി പറയുന്നു | Unni Fidac | Kalabhavan Mani


ഇന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ് പാട്ടും ഡാന്‍സും. പാട്ടുകളും ഡാന്‍സും ഇല്ലാത്ത സിനിമകള്‍ വളരെ അപൂര്‍വ്വമാണ്.മലയാളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വളരെ അപൂര്‍വ്വം സിനിമകളിലൊഴികെ ഏതാണ്ട് എല്ലാ മലയാള സിനിമകളിലും വലിയ പ്രാധാന്യമാണ് ഗാനങ്ങള്‍ക്കും നൃത്തച്ചുവടുകള്‍ക്കും നല്‍കിയത്.

മനോഹരമായ നൃത്തച്ചുവടുകളുള്ള ഗാനരംഗങ്ങളില്‍ ഏറെ പ്രശംസ നേടുന്നവരാണ് അതിലെ പ്രധാന താരവും സഹ നര്‍ത്തകരും കൂടാതെ ക്യാമറയ്ക്ക് പിന്നിലിരുന്ന് ആ ചുവടുകള്‍ കൊറിയോഗ്രാഫ് ചെയ്ത നൃത്തസംവിധായകരുമെല്ലാം. എന്നാല്‍ ഇവര്‍ക്കൊപ്പം തന്നെ ഓര്‍ക്കേണ്ടവരാണ് ഡാന്‍സേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരും.

ഓരോ സിനിമകളിലെയും ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യാന്‍ അനുയോജ്യരായ ഡാന്‍സര്‍മാരെ ലൊക്കേഷനുകളിലേക്ക് എത്തിച്ചുകൊടുക്കുക എന്ന ദൗത്യമാണ് ഡാന്‍സേഴ്‌സ് കോ-ഓര്‍ഡിനേറ്ററുടെത്. മലയാള സിനിമകള്‍ക്കും ഇതര ഭാഷാ ചിത്രങ്ങള്‍ക്കുമെല്ലാം ഇത്തരത്തില്‍ ഡാന്‍സര്‍മാരെ എത്തിച്ച് നല്‍കുന്ന കോ-ഓര്‍ഡിനേറ്ററാണ് ഉണ്ണി ഫിഡാക്.

ഫെഫ്കയുടെ ഡാന്‍സേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം ഇപ്പോള്‍ സിനിമകളിലെ നൃത്തരംഗവുമായി ബന്ധപ്പെട്ട് അണിയറയ്ക്കുള്ളില്‍ നടക്കുന്ന പല കാര്യങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ്. മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി പല കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമകളില്‍ ഡാന്‍സര്‍മാരോട് നടന്മാര്‍ക്ക് കോംപ്ലക്‌സ് ഉണ്ടാകാറില്ലെന്ന് ഉണ്ണി പറയുന്നു. ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ മുതല്‍ മുന്നിലുള്ളവര്‍ വരെ ഒരേ പോലെ ചുവടുകള്‍ വച്ചാലേ ഡാന്‍സ് ഭംഗിയാവൂ. നൂറ് പേരുണ്ടെങ്കില്‍ അതിലൊരാള്‍ തെറ്റിച്ചാല്‍ മുഴുവന്‍ വീണ്ടുമെടുക്കേണ്ടിവരുമെന്നും ഉണ്ണി അഭിമുഖത്തില്‍ പറഞ്ഞു.


Also Read: ‘ശരീരം കാണിക്കാനാണോ ജിമ്മില്‍ വരുന്നത്? ജിമ്മിലെ ആശാന് കോളടിച്ചല്ലോ’; സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്കെതിരെ ഗായിക അഭയ ഹിരണ്മയി


‘നടന്മാര്‍ക്ക് കോംപ്ലക്‌സ് ഉണ്ടാകുമായിരിക്കും. എന്നാല്‍ ആരും അത് പുറത്ത് കാണിച്ചിട്ടില്ല. നല്ലോണം ഡാന്‍സ് കളിക്കുന്നവര്‍ എന്റെ അടുത്ത് നില്‍ക്കാന്‍ പാടില്ല എന്നൊന്നും ഒരു നടനും എന്നോട് പറഞ്ഞിട്ടില്ല. ഡയറക്ടറോട് ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാകാം.’ -ഉണ്ണി പറഞ്ഞു.

‘കലാഭവന്‍ മണി സാറിന്റെ പടമൊക്കെ ആണേല്‍ ആദ്യമേ നമ്മളോട് പറയും കറുത്ത പയ്യന്മാര്‍ മതി എന്ന്. മണി സാറിനൊപ്പം കറുത്ത നിറമുള്ള പയ്യന്മാരും നാടന്‍ പാട്ടൊക്കെ ചെയ്യുന്ന നാടന്‍ ലുക്കുള്ള പയ്യന്മാരും മതി വലിയ ഗ്ലാമറുള്ളവരൊന്നും വേണ്ട എന്ന് നമ്മളോട് പറഞ്ഞിട്ടുണ്ട്. കാരണം ആ ഒരു പടത്തിനോ ആ ഒരു പാട്ടിനോ അങ്ങനെയുള്ളവരാണ് യോജിക്കുന്നത്. ഗ്ലാമറുള്ളവരെ അതിന് വേണ്ട. അവരെ കോളേജ് സോങ്ങ് ഒക്കെ വരുമ്പൊ കൊണ്ടുവരും. മണി സാറിന്റെ മിക്കവാറും എല്ലാ പാട്ടിനും പോകുന്നത് ഇങ്ങനത്തെ പയ്യന്മാരായിരിക്കും.’

‘തമിഴ് നടന്മാര്‍ മിക്കവാറും ഇങ്ങോട്ട് പറയാറുണ്ട്. അവരെക്കാള്‍ ഗ്ലാമറുള്ളവരോ നന്നായി ഡാന്‍സ് കളിക്കുന്നവരോ ബാക്കില്‍ നില്‍ക്കുകയാണെങ്കില്‍ അവരില്‍ നിന്ന് ശ്രദ്ധ മാറുമെന്ന നിലയ്ക്ക് അവരെ മാറ്റി വേറെ ആളെ അവിടെ പ്ലേസ് ചെയ്യാറുണ്ട്. തമിഴ് ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന കാര്യമാണ് അത്. ഇവിടെ മലയാളത്തില്‍ അങ്ങനെ ആരെയും ഇതുവരെ മാറ്റിയിട്ടില്ല. എല്ലാവരെയും ഒരേ പോലെ തന്നെയാണ് കാണുന്നത്.’


Viral News: ബിഗ് ബോസ് വിജയി ദില്‍ഷയുടെ കൊയിലാണ്ടിയിലെ പുതിയ വീട് കാണാന്‍ റംസാന്‍ എത്തി; ആട്ടവും പാട്ടുമെല്ലാമായി ഗൃഹപ്രവേശനം ആഘോഷമാക്കി ദില്‍ഷ, പുതിയ വീഡിയോ പുറത്ത് – വീഡിയോ കാണാം


‘യൂണിയനൊന്നും ഇല്ലാതിരുന്ന സമയത്ത് ഒരു എക്‌സിക്യുട്ടീവ് നമ്മളെ വിളിക്കും, ഇത്ര ആളെന്ന് പറയും. അല്ലാതെ ഏത് പടമെന്ന് പോലും പറയാറില്ല. ഒരിക്കല്‍ ഇതുപോലെ വിളിച്ച് 20 ഡാന്‍സേഴ്‌സിനെ വേണം, മെറിലാന്റിലാണ് ഷൂട്ടിങ് എന്ന് പറഞ്ഞു. അവിടെ പോയി. പിന്നെയാണ് അതൊരു എ പടമാണ് എന്ന് മനസിലായത്. അപ്പൊഴാണ് പെട്ട് പോയത് എന്ന് മനസിലായത്. പടം തിയേറ്ററിലെത്തിയെങ്കിലും ഭാഗ്യത്തിന് നമ്മുടെ ഡാന്‍സേഴ്‌സിനെ ആരും ശ്രദ്ധിക്കാതിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. ഒരുപാട് ചീറ്റിങ് നടക്കുകയും മിസ് യൂസ് നടക്കുകയും ചെയ്യുന്ന മേഖലയാണ് ഇത്. എന്നാല്‍ യൂണിയന്‍ വന്നതിന് ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.’ -ഉണ്ണി പറഞ്ഞു.

English Summary / Content Highlights: Dance coordinator Unni Fidac reveals secrets behind the camera in Malayalam movie industry and dance section in an interview.