‘എനിക്ക് കല്യാണം കഴിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടിയെ വേണം, നല്ലൊരു മലയാളി പെണ്‍കുട്ടിയെ അദ്ദേഹം എനിക്ക് കണ്ടെത്തി തരും’; ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍ പറയുന്നു | Salman Khan | Marriage


ബോളിവുഡിലെ ഖാന്‍മാരില്‍ പ്രധാനപ്പെട്ട ആളാണ് സല്‍മാന്‍ ഖാന്‍. നിരവധി ഹിറ്റ് ആക്ഷന്‍ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ താരം അടുത്തിടെ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്‍ ചിത്രം ‘പഠാനി’ലെ അതിഥി താരമായി എത്തി പ്രേക്ഷകരെയാകെ ഞെട്ടിച്ചിരുന്നു.

57 വയസായി എങ്കിലും താരത്തിന് ഇതുവരെ മംഗല്യഭാഗ്യം ഉണ്ടായില്ല എന്ന വിഷമത്തിലാണ് ആരാധകര്‍. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ സിനിമാ കരിയറിനിടെ നിരവധി നടിമാരുമായി ചേര്‍ത്ത് സല്‍മാന്‍ ഖാന്റെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അക്കൂട്ടത്തില്‍ ലോകസുന്ദരി ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുണ്ട്.

അക്കൂട്ടത്തില്‍ ജൂഹി ചൗളയും ഉണ്ടെന്ന് സല്‍മാന്‍ ഖാന്‍ മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. സല്‍മാന്‍ഖാന്റെ കരിയര്‍ തുടങ്ങുന്ന 90 കളുടെ ആദ്യകാലത്ത് നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

തനിക്ക് ജൂഹി ചൗളയെ വളരെ ഇഷ്ടമായിരുന്നുവെന്നും അവരുടെ പിതാവിനോട് തനിക്ക് ജൂഹിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞിരുന്നതായും സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞു. അതിന് കിട്ടിയ മറുപടിയും സല്‍മാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘വളരെ സ്വീറ്റായ ഒരു പെണ്‍കുട്ടിയാണ് ജൂഹി, എനിക്ക് ആരാധനയുള്ള വ്യക്തിയാണ്. ജൂഹിയെ എനിക്ക് വിവാഹം കഴിച്ച് തരമോ എന്ന് ഞാന്‍ അവളുടെ അച്ഛനോട് ചോദിച്ചു. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. എന്തുകൊണ്ടാണ് ജൂഹിയുടെ പിതാവ് എന്റെ ആലോചന തള്ളിയത് എന്ന് എനിക്ക് വ്യക്തമല്ല. ഒരുപക്ഷേ ഞാന്‍ അവര്‍ക്ക് യോജിക്കുന്നില്ലെന്ന തോന്നല്‍ ആകാം. അദ്ദേഹം (ജൂഹിയുടെ പിതാവ്) എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്ക് അറിയില്ലല്ലോ.’ -ഇതാണ് അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

ഈ പശ്ചാത്തലത്തിലാണ് സല്‍മാന്‍ ഖാന്റെ മറ്റൊരു അഭിമുഖവും ചര്‍ച്ചയാവുന്നത്. ഈ അഭിമുഖത്തില്‍ മലയാളികള്‍ക്ക് ഏറെ താല്‍പ്പരമുള്ള ഒരു കാര്യമാണ് സല്ലു പറഞ്ഞിരിക്കുന്നത്. കത്രീന കൈഫുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പ് പുറത്ത് വരുന്ന സമയത്തായിരുന്നു ഈ അഭിമുഖം.

വിവാഹത്തെ കുറിച്ച് തന്നെയാണ് ഈ അഭിമുഖത്തിലും ചോദ്യത്തിന് മറുപടിയായി സല്‍മാന്‍ സംസാരിച്ചത്. നേരത്തേ വലിയൊരു നഗരത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ ഭാര്യയായി വേണ്ടെന്ന് പറഞ്ഞ സല്‍മാന്‍ ഖാന്‍ മറ്റൊരു അഭിമുഖത്തില്‍ തനിക്ക് തെക്കേ ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നാണ് പറഞ്ഞത്. അതും കഴിഞ്ഞ് ഒരുപടി കൂടെ കടന്ന് തനിക്ക് മലയാളിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്.

‘എനിക്ക് മലയാളിയായ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം. കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ളവളാകണം എന്റെ ഭാര്യ എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ എനിക്ക് ആരുമായും പ്രണയമില്ല. സംവിധായകന്‍ സിദ്ദിഖിനോട് പറയൂ, എനിക്ക് വിവാഹം ചെയ്യാനായി നല്ലൊരു മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി തരാന്‍.’ -സല്‍മാന്‍ അഭിമുഖത്തില്‍ രസകരമായി മറുപടി പറഞ്ഞു.

നേരത്തേ റെഡി എന്ന ചിത്രത്തില്‍ മലയാളി താരം അസിനൊപ്പം അഭിനയിച്ചപ്പോള്‍ അസിനെ പോലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത് ഗോസിപ്പുകള്‍ക്ക് വഴിതുറന്നിരുന്നു. അസിനും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാണ് എന്ന് വരെ അന്ന് കിംവദന്തി പ്രചരിച്ചിരുന്നു.

എന്തായാലും ഈ അഭിമുഖം കഴിഞ്ഞ് ഇത്രയും കാലം കഴിഞ്ഞിട്ടും സല്‍മാന്‍ ഖാന്‍ മലയാളി പെണ്‍കുട്ടിയെയോ മറ്റേതെങ്കിലും പെണ്‍കുട്ടിയെയോ വിവാഹം ചെയ്തിട്ടില്ല. സല്‍മാന്‍ ഖാന്റെ വിവാഹം ഉടന്‍ തന്നെ നടക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Content Highlights / English Summary: Bollywood superstar Salman Khan says he wants to marry a Malayali girl, in an old interview.