”അമ്മ അങ്ങനെ ആയത് കൊണ്ട് മാത്രമാണ് അച്ഛൻ ഇവിടം വരെ എത്തിയത്”; കുതിരവട്ടം പപ്പുവിന്റെ ജീവിതവിജയത്തിന്റെ കാരണക്കാരി തന്റെ അമ്മയാണെന്ന് ബിനു പപ്പു| Binu Pappu| Kuthiravattam Pappu


അന്തരിച്ച നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ എന്നതിലുപരി മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ നടനാണ് ബിനു പപ്പു. ആനിമേറ്ററും സംരംഭകനുമായ അദ്ദേഹം 2014 ൽ സലീം ബാബയുടെ ഗുണ്ട എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് ചലച്ചിത്ര ലോകത്തേക്കെത്തിയത്. നിരവധി പ്രശസ്ത സംവിധായകരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന നടനും കൂടിയാണ്.

അച്ഛൻ നടനായിരുന്നുവെങ്കിലും സിനിമാ രംഗത്തേക്ക് വരാൻ ബിനു ആദ്യം ആലോചിച്ചിരുന്നില്ല. 2014ൽ സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന ചിത്രത്തിലാണ് കലാഭവൻ മണി, ടിനി ടോം എന്നിവരോടൊപ്പം അഭിനയിച്ചത്. 2019 ബിനുവിന്റെ അഭിനയ ജീവിതത്തിൽ നിർണായകമായിരുന്നു. ലൂസിഫറിലെ ഹ്രസ്വമായ വേഷമാണെങ്കിലും അദ്ദേഹത്തിന്റെ ശക്തമായ അഭിനയത്തിന് അദ്ദേഹം പ്രശംസിക്കപ്പെട്ടു.

പിന്നീട് വൈറസ്, അമ്പിളി, ഹെലൻ എന്നിവയെല്ലാം കരിയർ ഹിറ്റുകളായി. 2021ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ഓപ്പറേ,ൻ ജാവയിലും ബിനു ശ്രദ്ധേയമായ വേഷത്തിലെത്തി. എന്നാൽ ആ​ഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സൗദി വെള്ളക്കയിലാണ് ബിനുവിന് ഒരു മുഴുനീള കഥാപാത്രം ലഭിക്കുന്നത്. ഇപ്പോൾ ബിനു തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുന്നതിനപ്പം തന്നെ അച്ഛൻ കുതിരവട്ടം പപ്പുവിനെയും ഓർക്കുകയാണ്.

സിനിമാ ജീവിതത്തിൽ വളരെയധികം വിജയിച്ച മനുഷ്യനായ തന്റെ അച്ഛന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം അദ്ദേഹത്തിന്റെ ഭാര്യയും തന്റെ അമ്മയുമായ പത്മിനി പപ്പു ആണെന്നാണ് ബിനു പറയുന്നത്. അത്രയ്ക്കും പാവമാണ് തന്റെ ഇതുവരെ യാതൊരു തരത്തിലുള്ള പരാതികളും പറഞ്ഞിട്ടില്ല, എല്ലാം സഹിക്കുന്ന ആളാണ് എന്നെല്ലാമാണ് ബിനു തന്റെ അമ്മയെക്കുറിച്ച് പറയുന്നത്.

”അച്ഛന്റെ വിജയം എന്ന് പറയുന്നത് അമ്മയാണ് വേറെ ആരും അല്ല. ഇത്ര സിനിമകളിൽ അഭിനയിക്കാൻ അച്ഛന് സാധിച്ചിട്ടുണ്ടെങ്കിൽ, ഇത്ര ഫ്രീ ആയിട്ട് അച്ഛന് പോകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണം അമ്മയാണ്. ഒരു പാവമാണ് അമ്മ. എന്നെ ഇതേവരെ ഒരു വടിയെടുത്ത് കാണിച്ച് പേടിപ്പിച്ചിട്ട് പോലുമില്ല.

എത്ര വേണമെങ്കിലും സഹിക്കും. അത് എന്ത് തരത്തിലുള്ള വേദനയാണെങ്കിലും സഹിക്കും. ആരോടും ഒന്നും പറയില്ല. സീറോ കംപ്ലെയ്ന്റ്, അമ്മ അങ്ങനെ ആയത് കൊണ്ടായിരിക്കാം അച്ഛന് ഇത്രയും ഫ്രീ ആയിട്ടും അല്ലെങ്കിൽ ഇങ്ങനെ ഒരു ലെവലിൽ എത്താനും സാധിച്ചത്”- ബിനു പപ്പു വ്യക്തമാക്കി.