”വിടടാ എന്റെ കയ്യില്‍ നിന്നും വിടടാ…എന്റെ വിരലൊക്കെ പിടിച്ച് തിരിച്ചു അവര്‍” ബിഗ് ബോസ് ഹൗസില്‍ അലറിക്കരഞ്ഞ് ഏയ്ഞ്ചലീന- വീഡിയോ വൈറലാകുന്നു | Angelina Maria | Bigg Boss Season 5
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വാശിയേറിയ പോരാട്ടങ്ങളും തര്‍ക്കങ്ങളും പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ആയി മുന്നോട്ട് പോകുകയാണ്. ചെറിയ ചെറിയ വഴക്കുകളും പിണക്കങ്ങളും ബിഗ് ബോസ് വീട്ടില്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ചിലരുടെ യഥാര്‍ത്ഥ മുഖം വെളിവായപ്പോള്‍ പിടിതരാത്തവരുമുണ്ട് കുറച്ച്.
അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയ ഈസ്റ്റര്‍ എപ്പിസോഡിന് പിന്നാലെ വന്‍ തോതിലുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ബിബി ഹൗസില്‍ നടക്കുന്നുണ്ട്. വീക്കിലി ടാസ്‌കായ ‘വെള്ളിയാങ്കല്ലിനിടെ’ വലിയ പ്രശ്‌നങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.
രത്‌നങ്ങള്‍ എടുക്കുന്നതിനിടയില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ വലിയ പിടിവലിയാണ് നടന്നത്. ഇത് രോഷപ്രകടനത്തിനും മറ്റും വഴിവെക്കുന്നുണ്ട്. ടാസ്‌കിനിടെ അലറിക്കരയുന്ന ഏയ്ഞ്ചലിനെയാണ് പുതിയ പ്രമോ വീഡിയോയില്‍ കാണുന്നത്.
ടാസ്‌കിനിടെ രത്‌നം കൈക്കലാക്കുമ്പോള്‍ ശാരീരിക ആക്രമണം പാടില്ലെന്ന് ബിഗ് ബോസ് കൃത്യമായി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ അതെല്ലാം മറന്ന മട്ടാണ്. ഇത്തരമൊരു പിടിവലിയാണ് ഏയ്ഞ്ചലിന്റെ അലറലില്‍ കലാശിച്ചത്.
” വിടടാ വിടടാ, കൈയ്യീന്ന് വിടടാ” എന്നു പറഞ്ഞ് ഏയ്ഞ്ചലീന്‍ രത്‌നം കൈക്കലാക്കാനുള്ള മത്സരാര്‍ത്ഥികളുടെ ശ്രമത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ പിടിവിട്ടതോടെ ഉറക്കെ അലറുന്ന ഏയ്ഞ്ചലീനെ മറ്റുള്ളവര്‍ ആശ്വസിപ്പിക്കുന്നുണ്ട്.
കുഴപ്പമില്ല, കുഴപ്പമില്ല, ഗെയിമല്ലേ മോളൂ എന്നു പറഞ്ഞ് റിനോഷ് ആണ് ആദ്യം ആശ്വസിപ്പിക്കുന്നത്. ‘മോളേ നിനക്ക് ഞാന്‍ തരാം’ എന്ന് പറഞ്ഞ് ഷൈജുവും ആശ്വസിപ്പിക്കുന്നുണ്ട്.
തുടര്‍ന്ന് ഏയഞ്ചലീനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുന്നുണ്ട്. ”എന്റെ വിരലൊക്കെ പിടിച്ച് തിരിച്ചു അവര്” എന്നു പറഞ്ഞുകൊണ്ടാണ് എയ്ഞ്ചലീന കണ്‍ഫഷന്‍ റൂമിലേക്ക് പോകുന്നത്.
ഏയ്ഞ്ചലീനെ ആക്രമിച്ചത് ബിഗ് ബോസ് വീട്ടിനുള്ളില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഏയ്ഞ്ചലീനയുടെ മെഡിക്കല്‍ കണ്ടീഷനെ പരിഗണിക്കണമെന്നായിരുന്നു ഒരുവിഭാഗം അഭിപ്രായപ്പെട്ടത്. എന്നാല്‍ ഏയ്ഞ്ചലീനയുടെ പക്കല്‍ നിന്നും രത്‌നം കൈക്കലാക്കാന്‍ ശ്രമിച്ച സംഘം ഇതിനെ ന്യായീകരിക്കുന്നുണ്ട്. ‘അവള് വെറുതെ ഒച്ചയുണ്ടാക്കുന്നതാണ്. തൊടുന്നതിന് മുമ്പേ ഒച്ച, അടുത്ത് പോയപ്പോള്‍ ഒച്ച’ എന്നാണ് ഒരു മത്സരാര്‍ത്ഥി പറഞ്ഞത്.
ഏയ്ഞ്ചലീനയുടെ കൈ പിടിച്ച് തിരിച്ചതിനെച്ചൊല്ലി ശോഭയും അഖില്‍മാരാരും ജുനൈസുമടക്കമുള്ള മത്സരാര്‍ത്ഥികളും തമ്മില്‍ വലിയ വാക്കുതര്‍ക്കം നടക്കുന്നതും പ്രമോയില്‍ കാണാം. കൈപിടിച്ച് തിരിക്കുന്നത് നീ കണ്ടോയെന്നാണ് ഇവര്‍ ശോഭയോട് ചോദിക്കുന്നത്. ഏയ്ഞ്ചലീന അങ്ങനെ പറഞ്ഞുകൊണ്ടാണ് ഇവിടെ നിന്ന് പോയതെന്ന് ശോഭയും പറയുന്നു.
ഹൗസിലെ കൂള്‍ ബ്രോ എന്നറിയപ്പെടുന്ന റിനോഷ് ഈ ടാസ്‌കിനിടെ നിയന്ത്രണം വിട്ട് പെരുമാറുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇന്ന് പെണ്‍കൂട്ടം റിനോഷിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് ബിബി ഹൗസിലെ കൂള്‍ ബ്രോ കട്ടകലിപ്പാകുന്നത് എന്നാണ് ഇന്നത്തെ പ്രമോയില്‍ നിന്നും വ്യക്തമാകുന്നത്.
ടാസ്‌കിലെ കൊള്ളക്കാര്‍ റിനോഷിന് നേര്‍ക്ക് പോകുന്നതും റിനോഷ് നിയന്ത്രണം വിട്ട് പെരുമാറുന്നതും വീഡിയോയില്‍ കാണാം. വ്യാപാരിയാണ് റിനോഷ്, എന്നെ പിടിക്കാന്‍ വന്നാല്‍ നല്ല ഉന്ത് കിട്ടും എന്ന് റിനോഷ് പറയുന്നത് കേള്‍ക്കാം. ഇതിന് പിന്നാലെയും പെണ്‍കൂട്ടം റിനോഷിനെ പിന്തുടര്‍ന്നതോടെ ദേഷ്യപ്പെട്ട് റിനോഷ് മൈക്ക് വലിച്ചെറിയുകയാണ്. നിലത്ത് വീണപ്പോള്‍ ആരൊക്കെ എടുത്ത് കൊണ്ട് പോയതാണെന്ന് എന്റെ ചോദ്യം, എന്താണ് കാണിച്ചത് , എന്താണ് നിങ്ങളുടെ ജോലി എന്ന് പറഞ്ഞ് റിനോഷ് ഹനാനോടും മനീഷയോടും തര്‍ക്കിക്കുന്നതും പ്രമോയില്‍ കാണാം.